പരിസ്ഥിതി സൗഹാര്‍ദം: അഞ്ച് മികച്ച സിഎന്‍ജി കാറുകള്‍

പരിസ്ഥിതി സൗഹാര്‍ദം: അഞ്ച് മികച്ച സിഎന്‍ജി കാറുകള്‍

ഇന്ത്യയിലെ അഞ്ച് മികച്ച സിഎന്‍ജി കാറുകളും അവയുടെ വില, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളും അറിയാം…

കേന്ദ്ര സര്‍ക്കാരും വിവിധ വാഹന നിര്‍മാതാക്കളും ഇപ്പോള്‍ ഇലക്ട്രിക് കാറുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ കാറുകളുടെ സമ്പൂര്‍ണ വൈദ്യൂതീകരണമെന്ന ലക്ഷ്യം ഈയടുത്ത കാലത്ത് കൈവരിക്കാന്‍ കഴിയുന്നതല്ല. അതേസമയം കാറുകളുടെ ഭാഗത്തുനിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിച്ചുവരികയാണ്. നിങ്ങള്‍ ഓരോരുത്തരും വരുത്തിവെയ്ക്കുന്ന കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സിഎന്‍ജി (കംപ്രെസ്ഡ് നാച്ചുറല്‍ ഗ്യാസ്) കാര്‍ വാങ്ങുകയാണ് ഉചിതം. നിലവിലുള്ള പെട്രോള്‍ കാറില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് സിഎന്‍ജി കിറ്റ് വാങ്ങിവെയ്ക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍ കമ്പനി ഫിറ്റഡ് സിഎന്‍ജി കാറുകള്‍ വിപണിയില്‍ ലഭിക്കും. മാരുതി സുസുകിയുടേതായി നിരവധി സിഎന്‍ജി കാറുകളാണ് വിപണിയിലുള്ളത്. സിഎന്‍ജി കാറുകളായി ചെറു കാര്‍, ഹാച്ച്ബാക്ക്, മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) എന്നിവയെല്ലാം വാങ്ങാന്‍ കഴിയും. ഇന്ത്യയില്‍ ലഭിക്കുന്ന ടോപ് 5 സിഎന്‍ജി കാറുകള്‍ ഇവയാണ്.

 

മാരുതി സുസുകി ഓള്‍ട്ടോ 800 സിഎന്‍ജി

 

എ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ ചെറു കാറാണ് മാരുതി സുസുകി ഓള്‍ട്ടോ 800. സിഎന്‍ജി വേരിയന്റിലും ഓള്‍ട്ടോ 800 ലഭിക്കും. രണ്ട് വര്‍ഷം മുമ്പ് ഹാച്ച്ബാക്കിന്റെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. ഭംഗി അല്‍പ്പസ്വല്‍പ്പം വര്‍ധിപ്പിക്കുകയാണ് മാരുതി സുസുകി ചെയ്തത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റം വരുത്തിയില്ല. കാറിനകത്തും പുറത്തും സൗന്ദര്യവര്‍ധക നടപടികള്‍ സ്വീകരിച്ചതോടൊപ്പം ഡോര്‍ പാഡുകള്‍ക്കും സീറ്റുകള്‍ക്കും പുതിയ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, അധിക സ്‌റ്റോറേജ് സ്‌പേസ്, റിമോട്ട് കീലെസ് എന്‍ട്രി, മാപ്പ് പോക്കറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ നല്‍കി. സ്റ്റാന്‍ഡേഡ് പെട്രോള്‍ വേരിയന്റില്‍ നല്‍കിയിരിക്കുന്ന അതേ 800 സിസി എന്‍ജിനാണ് സിഎന്‍ജി വേരിയന്റിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായി ചേര്‍ത്തിരിക്കുന്ന എന്‍ജിന്‍ 40 ബിഎച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയിലെ മികച്ച സിഎന്‍ജി കാറുകളിലൊന്നാണ് മാരുതി സുസുകി ഓള്‍ട്ടോ 800. പെട്രോള്‍ വേരിയന്റ് 22.74 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമത നല്‍കുമ്പോള്‍ 30.46 കിലോമീറ്റര്‍/കിലോഗ്രാമാണ് സിഎന്‍ജി വേരിയന്റ് സമ്മാനിക്കുന്ന മൈലേജ്. സിഎന്‍ജി മോഡില്‍ പവര്‍ ഡെലിവറിയില്‍ നേരിയ വ്യത്യാസം കാണാം. 3.71 ലക്ഷം മുതല്‍ 3.81 ലക്ഷം രൂപ വരെയാണ് മാരുതി ഓള്‍ട്ടോ 800 സിഎന്‍ജിയുടെ ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില.

മാരുതി സുസുകി ഓള്‍ട്ടോ കെ10 സിഎന്‍ജി

മാരുതി സുസുകിയുടെ ഓള്‍ട്ടോ സീരീസ് ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യയില്‍ ലഭ്യമാണ്. റെനോ ക്വിഡ് മോഡലാണ് ഓള്‍ട്ടോ കാറുകളുടെ വിപണിയിലെ ആധിപത്യത്തിന് ഏതെങ്കിലും തരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ചോയ്‌സുകളിലൊന്നാണ് ഓള്‍ട്ടോ കെ10. സിഎന്‍ജി വേരിയന്റിലും ഓള്‍ട്ടോ കെ10 ലഭിക്കും. 998 സിസി പെട്രോള്‍ എന്‍ജിനാണ് പവര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി മാരുതി ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ സിഎന്‍ജി മോഡില്‍ 58 ബിഎച്ച്പി കരുത്തും പെട്രോള്‍ മോഡില്‍ 67 ബിഎച്ച്പി കരുത്തും പുറപ്പെടുവിക്കും. സിഎന്‍ജി മോഡില്‍ 78 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡിലേതിനേക്കാള്‍ 12 എന്‍എം കുറവ്. ഫാക്റ്ററി ഫിറ്റഡ് ഐജിപിഐ സിഎന്‍ജി സാങ്കേതികവിദ്യ 32.26 കിലോമീറ്റര്‍/കിലോഗ്രാം ഇന്ധനക്ഷമത നല്‍കാന്‍ ഈ വേരിയന്റിനെ പ്രാപ്തനാക്കുന്നു. പെട്രോള്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ (എംടി), ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) വേരിയന്റുകള്‍ 24.07 കിലോമീറ്റര്‍/ലിറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുന്നത്. 4.14 ലക്ഷം മുതല്‍ 4.18 ലക്ഷം രൂപ വരെയാണ് മാരുതി ഓള്‍ട്ടോ കെ10 സിഎന്‍ജി വേരിയന്റിന് ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില.

മാരുതി സുസുകി വാഗണ്‍ആര്‍ സിഎന്‍ജി

ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ ജനപ്രിയ ഓപ്ഷനുകളിലൊന്നായ മാരുതി സുസുകി വാഗണ്‍ആര്‍ സിഎന്‍ജി കിറ്റില്‍ ലഭിക്കും. എല്‍എക്‌സ്‌ഐ വേരിയന്റിലാണ് സിഎന്‍ജി കിറ്റ് നല്‍കുന്നത്. വാഗണ്‍ആര്‍ പെട്രോള്‍ വേരിയന്റിന് കരുത്തേകുന്ന അതേ 998 സിസി പെട്രോള്‍ എന്‍ജിന്‍ സിഎന്‍ജി വേരിയന്റ് ഉപയോഗിക്കുന്നു. കെ10ബി പെട്രോള്‍ എന്‍ജിന്‍ 6,200 ആര്‍പിഎമ്മില്‍ 43.5 കിലോവാട്ട് പരമാവധി പവര്‍ ഉല്‍പ്പാദിപ്പിക്കും. പെട്രോള്‍ മോഡിലേതിനേക്കാള്‍ ഏകദേശം 6.5 കിലോവാട്ട് കുറവ്. 77 ന്യൂട്ടണ്‍ മീറ്ററാണ് ടോര്‍ക്ക്. പെട്രോള്‍ മോഡിനേക്കാള്‍ 13 എന്‍എം കുറവ്. ഇന്ധനം ഉപയോഗിക്കുന്നതിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവയാണ് സാധാരണ മാരുതി കാറുകള്‍. സിഎന്‍ജി മോഡില്‍ 26.6 കിലോമീറ്റര്‍/കിലോഗ്രാമാണ് മാരുതി സുസുകി വാഗണ്‍ആര്‍ കാഴ്ച്ചവെയ്ക്കുന്ന ഇന്ധനക്ഷമത. പെട്രോള്‍ മോഡില്‍ 19.3 കിലോമീറ്റര്‍/ലിറ്റര്‍. വാഗണ്‍ആര്‍ സിഎന്‍ജിയില്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍ ഓപ്ഷണലാണ്. 4.87 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് മാരുതി വാഗണ്‍ആര്‍ സിഎന്‍ജിയുടെ ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില.

മാരുതി സുസുകി സെലേറിയോ സിഎന്‍ജി

സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന മാരുതിയുടെ മറ്റൊരു ചെറു കാറാണ് ബി സെഗ്‌മെന്റ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ സെലേറിയോ. സെലേറിയോ പുറത്തിറക്കിയ സമയത്ത് ബുക്കിംഗ് വിസ്‌ഫോടനമാണ് കണ്ടത്. ചെറു കാറില്‍ മാരുതി അത്രയധികം ഫീച്ചറുകള്‍ നല്‍കിയിരുന്നു എന്നതുതന്നെ കാരണം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ കാറിന്റെ സിഎന്‍ജി വേരിയന്റ് പുറത്തിറക്കി. ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റുമായാണ് മാരുതി സെലേറിയോ ഗ്രീന്‍ വിപണിയിലെത്തിയത്. 31.79 കിലോമീറ്റര്‍/കിലോഗ്രാമാണ് അവകാശപ്പെട്ട ഇന്ധനക്ഷമത. റെഗുലര്‍ സെലേറിയോയില്‍ കണ്ട അതേ 1.0 ലിറ്റര്‍ കെബി10 എന്‍ജിനാണ് ഹുഡിന് കീഴില്‍ നല്‍കിയത്. എന്നാല്‍ സിഎന്‍ജി കിറ്റ് ഉപയോഗിക്കുമ്പോള്‍ 58 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. റെഗുര്‍ സെലേറിയോ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ ഏകദേശം 10 ബിഎച്ച്പി കുറവ്. മാരുതി വാഗണ്‍ആര്‍, എര്‍ട്ടിഗ എന്നിവയില്‍ നല്‍കിയ അതേ ഐജിപിഐ സിഎന്‍ജി കിറ്റ് ഉപയോഗിക്കുന്നു. ഇന്ത്യയിലെ മികച്ച സിഎന്‍ജി കാറുകളിലൊന്നാണ് സെലേറിയോ എന്ന് നിസ്സംശയം പറയാം. 5.14 ലക്ഷം മുതല്‍ 5.30 ലക്ഷം രൂപ വരെയാണ് മാരുതി സെലേറിയോ സിഎന്‍ജിയുടെ ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില.

മാരുതി സുസുകി എര്‍ട്ടിഗ സിഎന്‍ജി

കംപ്രെസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) കരുത്തേകുന്ന ഇന്ത്യയിലെ ഒരേയൊരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുകി എര്‍ട്ടിഗ. ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വിപണിയിലെത്തിയ ആറാമത്തെ മാരുതി സുസുകി വാഹനമായിരുന്നു എര്‍ട്ടിഗ. 1373 സിസി, വിവിടി പെട്രോള്‍ എന്‍ജിന്‍ 81 ബിഎച്ച്പി ഉല്‍പ്പാദിപ്പിക്കുന്നു. പെട്രോള്‍ മോഡിലേതിനേക്കാള്‍ 12 ബിഎച്ച്പി കുറവ്. സിഎന്‍ജി ടാങ്ക് ഉള്ളതിനാല്‍ ലഗ്ഗേജ് സൂക്ഷിക്കാന്‍ കാറില്‍ സ്ഥലം കാണില്ല. മറ്റ് മാറ്റങ്ങളില്ല. പെട്രോള്‍ മോഡില്‍ 16.02 കിലോമീറ്റര്‍/ലിറ്ററാണെങ്കില്‍ സിഎന്‍ജി മോഡില്‍ 22.08 കിലോമീറ്റര്‍/കിലോഗ്രാമാണ് ഇന്ധനക്ഷമത. 8.27 ലക്ഷം രൂപയാണ് മാരുതി സുസുകി എര്‍ട്ടിഗ സിഎന്‍ജിയുടെ ന്യൂഡെല്‍ഹി എക്‌സ് ഷോറൂം വില.

 

 

 

 

 

 

 

 

 

Comments

comments

Categories: Auto, FK News
Tags: CNG Cars