ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോരുന്നതായി സര്‍വെ റിപ്പോര്‍ട്ട്

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോരുന്നതായി സര്‍വെ റിപ്പോര്‍ട്ട്

മുംബൈ: ബിസിനസ് മേഖലയിലെ 50 ശതമാനം ഉദ്യോഗസ്ഥരും ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് വില്‍ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ച് ആശങ്കകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ സിഎ ടെക്‌നോളജീസ് ഗ്ലോബല്‍ സ്‌റ്റേറ്റ് ഓഫ് ഡിജിറ്റല്‍ ട്രസ്റ്റ് സര്‍വേ ആന്‍ഡ് ഇന്‍ഡെക്‌സ് 2018 എന്ന പേരില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ 90 ശതമാനം സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ വളരെ മുന്നിലാണെന്ന് അവകാശപ്പെടുകയുണ്ടായി.

48 ശതമാനം ഉപഭോക്താക്കളും വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ ഇപ്പോഴും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തി. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് മികച്ച ഉപഭോക്തൃ അനുഭവത്തിനൊപ്പം സുരക്ഷയും സ്വകാര്യതയുടെ സംരക്ഷണവും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് സിഎ ടെക്‌നോളജീസ് സെക്യൂരിറ്റി വിഭാഗം ജിഎം മോര്‍ഡെകായ് റോസെന്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത പെട്ടെന്ന് നശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം ഉപഭോക്താക്കള്‍ മാത്രമെ ഡിജിറ്റല്‍ സേവനത്തിനായി അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളൂ. ആഗോളതലത്തില്‍ പത്ത് രാജ്യങ്ങളില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 990 ഉപഭോക്താക്കളും 336 സുരക്ഷാ മേഖലയിലെ പ്രൊഫഷണലുകളും 324 ബിസിനസ് ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

 

Comments

comments

Tags: data, survey