യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ വൈകിപ്പിച്ചേക്കും

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ വൈകിപ്പിച്ചേക്കും

സെംപ്റ്റംബറില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള തയാറെടുപ്പിലാണ് ഇന്ത്യയും യുഎസും

ന്യൂഡെല്‍ഹി: യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള നീക്കം ഇന്ത്യ വൈകിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് നാല് മുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി തുടങ്ങുമെന്നായിരുന്നു നേരത്തെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം 45 ദിവസം വരെ ഇന്ത്യ വൈകിപ്പിക്കുമെന്നാണ് സൂചന.
ജൂണില്‍ പുറത്തിറക്കിയ തീരുവ സംബന്ധിച്ച വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ വാണിജ്യ വകുപ്പ് റെവന്യു വകുപ്പിനോട് ശുപാര്‍ശ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഉത്തരവ് റെവന്യു വകുപ്പ് ഇന്ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലൂമിനിയം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനമാണ് ഇന്ത്യയെ പ്രതിരോധ നടപടിയിലേക്ക് നയിച്ചത്. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍, ബദാം, വാല്‍നട്ട് തുടങ്ങി 235 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 29 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം.

ഇക്കാര്യത്തില്‍ ഇന്ത്യയുടെ പുതിയ നിലപാട് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളെ ലഘൂകരിക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഉചിതമായി പരിഹരിക്കുന്നതിന് യുഎസുമായി സഹകരിക്കാന്‍ ഇന്ത്യ തയാറാണെന്ന സൂചന കൂടിയാണ് ഇത് നല്‍കുന്നതെന്നും അനലിസ്റ്റുകള്‍ പറഞ്ഞു. ലോഹ ഇറക്കുമതി തീരുവയില്‍ നിന്നും തങ്ങളെ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം തയാറാകുമെന്ന പ്രതീക്ഷയും ഇതോടൊപ്പം ഇന്ത്യക്കുണ്ട്. യുഎസിലേക്കുള്ള സ്റ്റീല്‍ കയറ്റുമതി കുറയ്ക്കാന്‍ ഇന്ത്യ തയാറായാല്‍ തീരുവയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് സൂചന നല്‍കിയിട്ടുണ്ട്. അതേസമയം, ഇത്തരമൊരു ആവശ്യം അംഗീകരിക്കാന്‍ രാജ്യത്തെ സ്റ്റീല്‍ വ്യവസായ മേഖല തയാറല്ല. യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റ് നികുതികള്‍ കാരണം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം ഇപ്പോള്‍ തന്നെ പരിമിതമായ തോതിലാണെന്നാണ് ഇവര്‍ പറയുന്നത്.

സെംപ്റ്റംബറില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള തയാറെടുപ്പിലാണ് ഇന്ത്യയും യുഎസും. വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം നയതന്ത്ര ബന്ധം സുദൃഢമാക്കാനും പ്രതിരോധ, സുരക്ഷാ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനുമാണ് ചര്‍ച്ചയിലൂടെ ഇന്ത്യയും യുഎസും ലക്ഷ്യമിടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമാണ് ചര്‍ച്ചയ്ക്കായി ഇന്ത്യയിലേക്ക് വരുന്നത്.

Comments

comments

Categories: Business & Economy
Tags: US- India