സേവന മേഖല വളര്‍ച്ച തുടര്‍ന്നു, പിഎംഐ 54.2ലെത്തി

സേവന മേഖല വളര്‍ച്ച തുടര്‍ന്നു, പിഎംഐ 54.2ലെത്തി

2016 ഒക്‌റ്റോബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ശക്തമായ വളര്‍ച്ചയ്ക്കാണ് ജൂലൈ സാക്ഷ്യം വഹിച്ചത്

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ ജൂലൈയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഐഎച്ച്എസ് മാര്‍കിറ്റ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ച്ച പ്രകടിപ്പിക്കുന്നത്. ആവശ്യകത ഉയര്‍ന്നതിന്റെ പിന്‍ബലത്തില്‍ 2016 ഒക്‌റ്റോബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ശക്തമായ വളര്‍ച്ചയ്ക്കാണ് ജൂലൈയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യം വഹിച്ചത്. നിക്കെയ് ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക ജൂണിലെ 52.6 ല്‍ നിന്നും ജൂലൈയില്‍ 54.2 ലെത്തി. 2017 ജൂണ്‍ മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ ഉയര്‍ച്ചയാണ് പുതിയ ബിസിനസുകളിലുണ്ടായത്. 50ന് മുകളിലുള്ള സൂചിക മേഖലയുടെ വളര്‍ച്ചയേയും 50ല്‍ താഴെയുള്ള സൂചിക ഇടിവിനേയുമാണ് സൂചിപ്പിക്കുന്നത്.

മെച്ചപ്പെട്ട ഡിമാന്റ് സാഹചര്യത്തിനൊപ്പം ബിസിനസ് ആത്മവിശ്വാസവും ഉയര്‍ന്നുവെന്ന് ഐഎച്ച്എസ് മാര്‍കിറ്റില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധ ആഷ്ണ ദോദിയ പറഞ്ഞു. ഏപ്രില്‍ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വേഗതയില്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും ദോദിയ ചൂണ്ടിക്കാട്ടി.

മാനുഫാക്ചറിംഗ്, സേവന മേഖലകളെ ഒന്നിച്ച് കണക്കിലെടുക്കുന്ന നിക്കെയ് ഇന്ത്യ കോംപോസിറ്റ് പിഎംഐ ഉല്‍പ്പാദന സൂചിക ജൂണിലെ 53.3ല്‍ നിന്നും ജൂലൈയില്‍ 54.1 എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. അതേസമയം പണപ്പെരുപ്പ സമ്മര്‍ദം ജൂലൈയിലും തുടര്‍ന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. മൊത്തത്തിലുള്ള ഉല്‍പ്പാദന ചെലവിലെ വര്‍ധന ജൂണിലെ നാല് വര്‍ഷത്തെ ഉയര്‍ച്ചയില്‍ നിന്നും ജൂലൈയില്‍ മിതമായ തലത്തിലെത്തി. എന്നാല്‍ സേവന കമ്പനികളുടെ ഉല്‍പ്പാദന ചെലവുകളില്‍ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണ് പ്രകടമായത്. ആഗോള സാഹചര്യങ്ങളിലെ അനിശ്ചിതത്വം, രൂപയുടെ മൂല്യത്തിലെ ഇടിവ്, ശക്തമായ പണപ്പെരുപ്പം എന്നിവ വരും മാസങ്ങളിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് റിസര്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് മേല്‍ സമര്‍ദം ചെലുത്തുന്നത് തുടരുമെന്ന് ദോദിയ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy, Slider