ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍

ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് പിന്നില്‍

ആര്‍ബിഐ റിപ്പൊ നിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തിയിരിക്കുകയാണ്. സാമ്പത്തിക തിരിച്ചടികളില്‍ നിന്നുള്ള പരിരക്ഷ മുന്‍കൂട്ടിക്കണ്ടുള്ള നീക്കമായി വേണം ഇതിനെ കാണാന്‍. പണപ്പെരുപ്പനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെങ്കിലുമായി നിലനിര്‍ത്താന്‍ രാജ്യത്തിനാകണം

ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക അനിശ്ചിതത്വം തന്നെയാണ് നിലനില്‍ക്കുന്നത്. ഇന്ത്യയിലും അതിന്റെ അനുരണനങ്ങള്‍ പ്രകടമാകും. യുഎസും ചൈനയും വ്യാപാര യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നതും ഇന്ത്യന്‍ കറന്‍സിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നതും യൂറോപ്യന്‍ യൂണിയനെയും ചൈനയെയും കറന്‍സിയിലെ കൃത്രിമത്തിന്റെ പേരില്‍ ട്രംപ് വിമര്‍ശിച്ചതുമെല്ലാം വരാന്‍ പോകുന്ന കെട്ടകാലത്തിന്റെ സൂചനകളായേക്കാം.

ഇതിനുപുറമെയാണ് ആഭ്യന്തരതലത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍. നിക്ഷേപത്തിലെ ഒഴുക്കില്ലായ്മയും ബാങ്കിംഗ് രംഗത്തെ പ്രതിസന്ധികളുമെല്ലാം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി റിപ്പൊ നിരക്കില്‍ ആര്‍ബിഐ വീണ്ടും വര്‍ധന വരുത്തിയിരിക്കുന്നത്. കാല്‍ ശതമാനമാണ് വര്‍ധന. 6.25ല്‍ നിന്നും 6.50 ശതമാനമായാണ് റിപ്പൊ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ വിവിധ സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍, ഉയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം തന്നെയാണ് റിപ്പൊ നിരക്ക് വര്‍ധനയ്ക്ക് കാരണം.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായി നിരക്ക് വര്‍ധന വരുത്തിയത് കഴിഞ്ഞ ജൂണിലായിരുന്നു. കാല്‍ ശതമാനമായിരുന്നു വര്‍ധന. തുടര്‍ച്ചയായി നിരക്ക് വര്‍ധനയിലൂടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കുഴപ്പങ്ങളില്ലാതെ പിടിച്ചു നിര്‍ത്താനാണ് ആര്‍ബിഐയുടെ ശ്രമം. പണപ്പെരുപ്പനിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയില്‍ തന്നെ നിര്‍ത്തുകയെന്നത് ശ്രമകരമായി മാറിയിരിക്കുന്നുവെന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ജൂണില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു ഇത്, മേയ് മാസത്തില്‍ 4.87 ശതമാനവും. നാല് ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

എണ്ണ വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വിലയിലെ കുതിപ്പിന് തളര്‍ച്ച നേരിട്ടിട്ടുണ്ടെങ്കിലും 70 ഡോളര്‍ നിലവാരത്തില്‍ തന്നെയാണ് ഇപ്പോഴും വില. ഇതും വിപണിക്ക് സമ്മര്‍ദ്ദം കൂട്ടുന്നു.

പണപ്പെരുപ്പനിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുമെന്ന അവസ്ഥ വരുമ്പോഴെല്ലാം നിരക്ക് വര്‍ധന പ്രതീക്ഷിക്കാവുന്നതാണെന്നാണ് കേന്ദ്രബാങ്ക് നല്‍കുന്ന സൂചന. ആര്‍ബിഐയുടെ ധനനയസമിതി ഉന്നമിടുന്നത് പണപ്പെരുപ്പ നിരക്ക് ഈ സാമ്പത്തിക വര്‍ഷം അഞ്ചില്‍ താഴെ ഏത് വിധേനെയും പിടിച്ചുനിര്‍ത്തുകയെന്നതാണെന്ന് വേണം കരുതാന്‍. 2019സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പണപ്പെരുപ്പ നിരക്ക് 4.8 ശതമാനത്തില്‍ കൂടുതലാകരുതെന്ന ലക്ഷ്യത്തിലാണ് ധനനയസമിതിയുടെ നീക്കങ്ങള്‍. അതുകൊണ്ടുതന്നെ അടുത്ത പാദത്തില്‍ പണപ്പെരുപ്പനിരക്ക് കുറഞ്ഞില്ലെങ്കില്‍ ഇനിയും നിരക്ക് വര്‍ധന പ്രതീക്ഷിക്കാം.

തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് വര്‍ധിപ്പിച്ചതോടെ പലിശനിരക്ക് ഉയര്‍ത്തേണ്ട സാഹചര്യത്തിലാണ് ബാങ്കുകള്‍. ഇത് വായ്പാ ചെലവുകള്‍ കൂട്ടും. വായ്പാ ആവശ്യകതയില്‍ ഇടിവുള്ള സാഹചര്യത്തില്‍ വായ്പാ നിരക്കുകളില്‍ വീണ്ടും വര്‍ധന വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ അടുത്തിടെ കുറവ് വരുത്തിയത് ഗുണം ചെയ്യും. നികുതിഇളവിന്റെ ഗുണങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കമ്പനികള്‍ ശ്രമിക്കണം. പണപ്പെരുപ്പം ചെറിയതോതിലെങ്കിലും കുറയ്ക്കാന്‍ അത് സഹായിച്ചേക്കും. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 ശതമാനമാകുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയത് സമ്പദ് വ്യവസ്ഥയ്ക്ക് അത്ര വലിയ കുഴപ്പങ്ങളിലെന്ന സൂചനയാണ് നല്‍കുന്നത്.

Comments

comments

Categories: Editorial, Slider
Tags: RBI