യുഎഇയില്‍ എടിഎമ്മുകള്‍ എണ്ണത്തില്‍ വര്‍ധനവ്

യുഎഇയില്‍ എടിഎമ്മുകള്‍ എണ്ണത്തില്‍ വര്‍ധനവ്

ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ എടിഎമ്മുകളുടെ എണ്ണം 5261 കടന്നു

അബുദാബി: യുഎഇയില്‍ എടിഎമ്മുകളുടെ എണ്ണം 5261 കടന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 42 എടിഎമ്മുകളാണ് വര്‍ധിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ സാമ്പത്തിക വിനിമയം മെച്ചപ്പെടുന്നതിന്റെ പ്രതിഫലനമാണ് എടിഎമ്മുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധവന് കാണിക്കുന്നതെന്ന് സിബിയുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും ലയിച്ച് ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി) ആയതോടെ രാജ്യത്തെ ദേശീയ ബാങ്കുകളുടെ എണ്ണം 23 ല്‍ നിന്നും 22 ആയി കുറഞ്ഞിരിക്കുന്നു. ഇതേ കാലയളവില്‍ യുഎഇയില്‍ മൊത്തത്തിലുള്ള ബ്രാഞ്ചുകളുടെ എണ്ണം 816 ല്‍ നിന്നും 755 ആയി കുറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇലക്ട്രോണിക് സേവന യൂണിറ്റുകളുടെ എണ്ണം 36 ല്‍ 32 ആയും കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനികളുടെ എണ്ണം 61ല്‍ നിന്നും 48 ആയും ചുരുങ്ങി. എന്നാല്‍ വിദേശബാങ്കുകളുടെ എണ്ണത്തില്‍ ചെറിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

77 ബ്രാഞ്ചുകളോടെ വിദേശബാങ്കുകളുടെ എണ്ണം 20 ല്‍ നിന്നും 21 ആയി ഉയര്‍ന്നിരിക്കുന്നു. ഈ വര്‍ഷം രണ്ടാം പാദം അവസാനിക്കുമ്പോള്‍ 12 വാണിജ്യ ബാങ്കുകള്‍, 99 ബാങ്ക് അനുബന്ധ ഓഫീസുകള്‍, 26 ധനകാര്യ കമ്പനികള്‍, 128 കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, 11 ബ്രോക്കറേജ് ബ്യൂറോകള്‍ എന്നിവ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലും മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Arabia
Tags: ATM, UAE