നിസാൻ കാറുകൾ ഇന്ത്യയിൽ ഡിസൈൻ ചെയ്യും

നിസാൻ കാറുകൾ ഇന്ത്യയിൽ ഡിസൈൻ ചെയ്യും

തദ്ദേശീയമായി ഡിസൈൻ സ്റ്റുഡിയോ നിർമ്മിക്കും

ന്യൂഡെൽഹി : ഇന്ത്യൻ വിപണിയിലേക്ക് ആവശ്യമായ പുതിയ നിസാൻ മോഡലുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യും. ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ വലിയ മാനുഫാക്ച്ചറിംഗ് പ്ലാന്റും ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി, പ്രീമിയം സെഡാൻ സെഗ്‌മെന്റുകളിൽ സാന്നിധ്യവുമുണ്ടെങ്കിലും വിപണിയിൽ ശരിയായി കാലുറപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിസാനു കീഴിലെ ബജറ്റ് ബ്രാൻഡായ ഡാറ്റ്‌സന്റെ കാറുകളും വലിയ തോതിൽ വിറ്റുപോകുന്നുവെന്ന് അവകാശപ്പെടാൻ കഴിയില്ല.

വാഹനങ്ങളുടെ രൂപകൽപ്പന ഉൾപ്പെടെ ഇതിന്റെ കാരണങ്ങൾ നിരവധിയാണെന്ന് നിസാൻ ഗ്ലോബൽ ഡിസൈൻ സീനിയർ വൈസ് പ്രസിഡന്റ് അൽഫോൺസോ അൽബൈസ പറഞ്ഞു. നിലവിലെ വാഹനങ്ങളുടെ ഡിസൈൻ മോശമല്ല. എന്നാൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോം പരിമിതികൾ ഏറെയുള്ളതാണ്. ഇക്കാരണങ്ങളാൽ നിസാൻ തദ്ദേശീയമായി ഡിസൈൻ സ്റ്റുഡിയോ നിർമ്മിക്കുകയാണെന്ന് അൽബൈസ അറിയിച്ചു. ഇന്ത്യയിൽ കാറുകൾ ഡിസൈൻ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഡിസൈൻ സ്റ്റുഡിയോ രണ്ട് തരത്തിലുള്ള പ്രൊജക്റ്റുകൾ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് അൽഫോൺസോ അൽബൈസ വിശദീകരിച്ചു. മറ്റിടങ്ങളിൽ ഡിസൈൻ ചെയ്യുന്ന പ്രൊജക്റ്റിൽ ഇന്ത്യൻ സാഹചര്യങ്ങൾ മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ഒന്ന്. ഇന്ത്യൻ വിപണി മനസ്സിൽക്കണ്ട് സ്വതന്ത്രമായി രൂപകൽപ്പന ചെയ്യുകയെന്നതാണ് മറ്റൊന്ന്. പ്രൊഡക്ഷൻ എൻജിനീയറിംഗ് ഡിസൈൻ കൂടാതെ എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയർ ഡിസൈൻ, കളർ ഡിസൈൻ ഉൾപ്പെടെയുള്ള കൺസെപ്റ്റ് ക്രിയേഷൻ ജോലികൾ ഇനി ഇന്ത്യയിൽ നടക്കും.

നിസാന്റെ അടുത്ത വലിയ ഗ്ലോബൽ ഡിസൈനർ ഇന്ത്യയിൽ നിന്നായിരിക്കുമോ എന്ന ചോദ്യത്തിന് അൽഫോൺസോ അൽബൈസ മറുപടി നൽകി. 2 ഡോർ, 2 സീറ്റർ സ്‌പോർട്‌സ് കാറായ നിസാൻ 350ഇസഡ് രൂപകൽപ്പന ചെയ്ത അജയ് പാഞ്ചാൽ, പിക്കപ്പ് ട്രക്കായ നിസാൻ നവാറ ഡിസൈൻ ചെയ്ത ഹിരൺ പട്ടേൽ എന്നിവർ ഇന്ത്യയിൽനിന്നുള്ളവരാണെന്ന് അൽഫോൺസോ അൽബൈസ പറഞ്ഞു.

Comments

comments

Categories: Auto
Tags: Nissan