ഇമാമിയുടെ എഎംആര്‍ഐ ഹോസ്പിറ്റല്‍സ് ഏറ്റെടുക്കാന്‍ മണിപ്പാല്‍ ഗ്രൂപ്പ്

ഇമാമിയുടെ എഎംആര്‍ഐ ഹോസ്പിറ്റല്‍സ് ഏറ്റെടുക്കാന്‍ മണിപ്പാല്‍ ഗ്രൂപ്പ്

1,000 കോടി രൂപയോളം വരുന്ന ഇടപാട്; അഞ്ച് ആശുപത്രികളിലായി 1,000 ബെഡുകളാണ് എഎംആര്‍ഐക്കുള്ളത്

മുംബൈ: ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍സിനു വേണ്ടിയുള്ള മല്‍സരത്തില്‍ പരാജയം രുചിച്ച രഞ്ജന്‍ പൈ നയിക്കുന്ന മണിപ്പാല്‍ ഗ്രൂപ്പ്, കൊല്‍ക്കത്തയിലെ എഎംആര്‍ഐ ഹോസ്പിറ്റല്‍സ് ലിമിറ്റഡ് (അഡ്വാന്‍സ്ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമാക്കി. പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഇമാമി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എഎംആര്‍ഐ ഹോസ്പിറ്റല്‍സ്. ഹോസ്പിറ്റല്‍ ശൃംഖലയ്ക്ക് 800-1,000 കോടി രൂപ മൂല്യമാണ് ഇമാമി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

എഎംആര്‍ഐയില്‍ 98 ശതമാനം ഓഹരികളാണ് ഇമാമിക്ക് ഉള്ളത്. മിച്ചമുള്ള രണ്ട് ശതമാനം ഓഹരികള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. അഞ്ച് ആശുപത്രികളിലായി 1,000 ബെഡുകളാണ് എഎംആര്‍ഐ ഹോസ്പിറ്റല്‍ ശൃംഖലയ്ക്ക് കീഴില്‍ ഉള്ളത്. ഇതില്‍ നാല് ആശുപത്രികള്‍ കൊല്‍ക്കത്തയിലും ഒരെണ്ണം ഒഡീഷയിലെ ഭുവനേശ്വറിലും സ്ഥിതി ചെയ്യുന്നു.

ആര്‍എസ് അഗര്‍വാള്‍ ആര്‍എസ് ഗോയങ്ക കുടുംബങ്ങള്‍ ചേര്‍ന്ന് 1974 ല്‍ സ്ഥാപിച്ച ഇമാമി 1999 ല്‍ ആണ് ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് കടന്നത്. കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ശ്രാചി ഗ്രൂപ്പുമായുള്ള സഹകരണത്തിലായിരുന്നു മേഖലയിലേക്കുള്ള ഇമാമിയുടെ രംഗ പ്രവേശം. 2011 ല്‍ ധാകുറിയയിലുള്ള എഎംആര്‍ഐ ഹോസ്പിറ്റലില്‍ തീപിടുത്തമുണ്ടായി 93 പേര്‍ മരിച്ചത് പ്രമോട്ടര്‍മാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായി. നരഹത്യയുടെ പേരില്‍ ആശുപത്രിയുടെ ഡയറക്റ്റര്‍മാര്‍ വിചാരണ നേരിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം ധാകുറിയയിലെ ഹോസ്പിറ്റല്‍ അടച്ചു പൂട്ടി. പിന്നീട് വടക്കു കിഴക്കന്‍ വിപണിയിലേക്ക് വിപുലീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കമ്പനി തീരുമാനിച്ചു.

മെഡിക്കല്‍ അനാസ്ഥയുമായി ബന്ധപ്പെട്ട കേസില്‍ ഒരു എന്‍ആര്‍ഐ ഡോക്റ്റര്‍ക്ക് 5.96 കോടി രൂപ പലിശയടക്കം നല്‍കാന്‍ ആശുപത്രിയുടെ മൂന്ന് ഡയറക്റ്റര്‍മാരോട് 2013 ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചതും മറ്റൊരു തിരിച്ചടിയായി. വലിയ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് എസ്‌കെ ടോഡിയുടെ നേതൃത്വത്തിലുള്ള ശ്രാചി ഗ്രൂപ്പ് തങ്ങളുടെ പക്കലുള്ള 32 ശതമാനം ഓഹരികള്‍ ഇമാമിക്ക് തന്നെ വിറ്റ് സഹകരണം അവസാനിപ്പിക്കുകയായിരുന്നു. ഹെദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഹോസ്പിറ്റല്‍സ് എന്ന ആശുപത്രി ശൃംഖല ഏറ്റെടുക്കാനും മണിപ്പാലിന് പദ്ധതിയുണ്ട്. 500 കോടി രൂപയാണ് ഇതിന്റെ മൂല്യം.

Comments

comments

Categories: Business & Economy