മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ് നിർത്തുന്നു

മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ് നിർത്തുന്നു

മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങളായി ജനിക്കാൻ ഭാഗ്യം ലഭിച്ചില്ല

ന്യൂഡെൽഹി : യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ എന്നാണ് മഹീന്ദ്ര അറിയപ്പെടുന്നത്. ആ പെരുമ കാത്തുസൂക്ഷിക്കാൻ തന്നെയാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ തീരുമാനം. മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങളായി ജനിക്കാൻ ഭാഗ്യമില്ലാതിരുന്ന വെരിറ്റോ സെഡാൻ, വെരിറ്റോ വൈബ് ഹാച്ച്ബാക്ക് എന്നിവയുടെ ഉൽപ്പാദനം അവസാനിപ്പിക്കുകയാണ് കമ്പനി. മാറ്റത്തിന്റെ പാതയിലായ മഹീന്ദ്ര തങ്ങളുടെ ഡീലർഷിപ്പുകൾക്കായി ‘എസ്‌യുവികളുടെ ലോകം’ എന്ന പുതിയ മുദ്രാവാക്യം തയ്യാറാക്കുകയാണ്. അങ്ങനെയൊരിടത്ത് സെഡാനും ഹാച്ച്ബാക്കിനും സ്ഥാനമുണ്ടാകുമോ ? പ്രീമിയം വാഹനങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായി ഡീലർഷിപ്പുകൾ നവീകരിക്കുന്ന പ്രവൃത്തികളും നടന്നുവരികയാണ്.

യൂട്ടിലിറ്റി വാഹനങ്ങളല്ലാത്ത വെരിറ്റോയുടെയും വെരിറ്റോ വൈബിന്റെയും ഉൽപ്പാദനം അവസാനിപ്പിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ഉൽപ്പന്ന നിരയിൽനിന്ന് ഈ മോഡലുകൾ ഘട്ടംഘട്ടമായി ഒഴിവാക്കും. രണ്ട് മോഡലുകളും കമ്പനിക്ക് കാര്യമായി വരുമാനം നേടിക്കൊടുക്കുന്നില്ല എന്ന കാര്യമാണ് പ്രധാനമായും പരിഗണിച്ചത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഈ വാഹനങ്ങൾക്കായി പണം മുടക്കാൻ മഹീന്ദ്ര തയ്യാറുമല്ല.

മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് രാജൻ വധേര ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. കൂടുതൽ വിൽപ്പന നടക്കാത്ത ഉൽപ്പന്നങ്ങൾ നിർത്തുമെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവൻ ഗോയങ്കയും അറിയിച്ചു. മാത്രമല്ല, ഇലക്ട്രിക് വെരിറ്റോ ഇപ്പോൾ ലഭ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്‌യുവി സെഗ്‌മെന്റിലും ഇലക്ട്രിക് വാഹനങ്ങളിലുമാണ് മഹീന്ദ്ര ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മഹീന്ദ്ര-റെനോ സഖ്യത്തിൽനിന്ന് പിറന്ന ലോഗന്റെ പിൻഗാമിയായാണ് വെരിറ്റോ വിപണിയിലെത്തിയത്. ഒരുകാലത്തും മികച്ച വിൽപ്പന നേടിയ മഹീന്ദ്ര വാഹനമായിരുന്നില്ല വെരിറ്റോ. ഈയിടെയായി വിൽപ്പന നന്നേ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം വെരിറ്റോയുടെ വിൽപ്പന 77 ശതമാനമാണ് ഇടിഞ്ഞത്. 721 യൂണിറ്റ് വെരിറ്റോ മാത്രം വിറ്റുപോയി. 2017 സാമ്പത്തിക വർഷം 3,136 യൂണിറ്റ് വെരിറ്റോ വിൽക്കാൻ സാധിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ (ഏപ്രിൽ-ജൂൺ) 207 യൂണിറ്റ് വെരിറ്റോ മാത്രമാണ് വിറ്റുപോയത്.

വെരിറ്റോയുടെ സബ്-4 മീറ്റർ പതിപ്പായ വെരിറ്റോ വൈബിന്റെ കാര്യം ഇതിനേക്കാൾ കഷ്ടമാണ്. ഈ വർഷം ഇതുവരെ ഒരു യൂണിറ്റ് പോലും വെരിറ്റോ വൈബ് നിർമ്മിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം വെറും നാല് യൂണിറ്റ് വെരിറ്റോ വൈബ് മാത്രമാണ് വിറ്റുപോയത്.

Comments

comments

Categories: Auto, Business & Economy
Tags: Mahindra, Verito