ഇന്ത്യ 7.5% വളര്‍ച്ച നേടുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യ 7.5% വളര്‍ച്ച നേടുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം, കറന്റ് എക്കൗണ്ട് കമ്മി തുടങ്ങിയ സാമ്പത്തിക ഘടകങ്ങള്‍ നിയന്ത്രണ വിധേയമാകാന്‍ സാധ്യത

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ആഗോള ധനകാര്യ സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. വളര്‍ച്ചാ വീണ്ടെടുപ്പ് ത്വരിതഗതിയില്‍ തന്നെ തുടരുമെന്നും ഏപ്രില്‍-ജൂണ്‍ പാദത്തിലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകതയും കയറ്റുമതിയും ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. നടപ്പു വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ഏഴ് പാദത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയായിരുന്നു ഇത്. മാനുഫാക്ച്ചറിംഗ്, സേവന മേഖലകളിലെ മികച്ച പ്രകടനവും കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം വര്‍ധിച്ചതുമാണ് ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഡിപി വളര്‍ച്ചയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) മൊത്തമായി 6.7 വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്.

നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം, കറന്റ് എക്കൗണ്ട് കമ്മി തുടങ്ങിയ സാമ്പത്തിക ഘടകങ്ങള്‍ നിയന്ത്രണ വിധേയമാകാന്‍ സാധ്യതയുണ്ടെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (റീട്ടെയ്ല്‍ പണപ്പെരുപ്പം) കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് അല്‍പ്പം മുകളിലായിരിക്കുമെന്നും കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) ജിഡിപിയുടെ 2.5 ശതമാനത്തില്‍ താഴെയായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: India Growth