സഞ്ചാരികളുടെ പറുദീസയാകാന്‍ ദുബായ്

സഞ്ചാരികളുടെ പറുദീസയാകാന്‍ ദുബായ്

2018ലെ ആദ്യ പകുതിയില്‍ ദുബായ് ആകര്‍ഷിച്ചത് 8.1 ദശലക്ഷം സഞ്ചാരികളെ. ദുബായ് എമിറേറ്റിന്റെ ടൂറിസം മേഖലയുടെ മൂല്യം കുതിച്ചത് 29.6 ബില്ല്യണ്‍ ഡോളറിലേക്ക്. രണ്ടാം പകുതിയിലും സന്ദര്‍ശകരുടെ ഒഴുക്ക് തുടരുമെന്ന് വിലയിരുത്തല്‍

ദുബായ്: ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ദുബായ് നഗരം സ്വീകരിച്ചത് 8.10 ദശലക്ഷം വിനോദ സഞ്ചാരികളെയെന്ന് കണക്കുകള്‍. ദുബായുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. എമിറേറ്റിന്റെ ടൂറിസം മേഖലയുടെ മൂല്യം 29.6 ബില്ല്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.

ഇന്ത്യയില്‍ നിന്ന് തന്നെയാണ് ദുബായ് നഗരം കാണാന്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. രണ്ടാം സ്ഥാനം സൗദി അറേബ്യക്കും മൂന്നാം സ്ഥാനം ബ്രിട്ടനുമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലും ഇന്ത്യ തന്നെയായിരുന്നു ദാബായ് ടൂറിസത്തിന്റെ മുഖ്യ സോഴ്‌സ് വിപണിയായി നിലകൊണ്ടിരുന്നത്.

2018ലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഒരു ദശലക്ഷം കടന്നതായാണ് കണക്കുകള്‍ പറയുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന.

2018ലെ ആദ്യ പകുതിയില്‍ ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ദുബായുടെ സോഴ്‌സ് വിപണികളില്‍ ചൈനയ്ക്ക് നാലാം സ്ഥാനമാണുള്ളത്. അതേസമയം ഓരോ വര്‍ഷം കൂടുന്തോറും ചൈനയില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്നത് മികച്ച വര്‍ധനയാണെന്നത് ശ്രദ്ധേയമാണ്.

453,000 ടൂറിസ്റ്റുകളാണ് ഈ വര്‍ഷം ഇതുവരെ ചൈനയില്‍ നിന്നും ദുബായ് കാണാന്‍ എത്തിയത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചുണ്ടായിരിക്കുന്ന വര്‍ധന 9 ശതമാനത്തോളം വരും. റഷ്യയില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിലുമുണ്ടാകുന്നത് വമ്പന്‍ കുതിപ്പാണ്. 74 ശതമാനം വര്‍ധനയാണ് റഷ്യയില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ആദ്യ പകുതിയില്‍ റഷ്യയില്‍ നിന്നെത്തിയത് 405,000 സന്ദര്‍ശകരാണ്.

ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ കാരണമായതാണ് വിലയിരുത്തല്‍. 2018ലെ ആദ്യ ആറ് മാസങ്ങളില്‍ സുസ്ഥിരമായ മികച്ച പ്രകടനമാണ് ടൂറിസം മേഖല നടത്തിയത്. എല്ലാ വിപണികളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും മികച്ച വര്‍ധനയുണ്ടായി. 8.10 മില്ല്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്നത് ടൂറിസം മേഖലയുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമായി ദുബായ് മാറുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന് ശക്തി പകരുന്ന കണക്കുകളാണിത്-ദുബായ് ടൂറിസം ഡയറക്റ്റര്‍ ജനറല്‍ ഹിലാല്‍ സയിദ് അല്‍മാരി പറഞ്ഞു.

വിസാ നിയന്ത്രണത്തില്‍ ഭാവിയില്‍ വരുന്ന മാറ്റങ്ങള്‍ ഇനിയും കൂടൂതുല്‍ സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ 18 വയസ്സിന് താഴെയുള്ള ആശ്രിതര്‍ക്ക് വിസ ചാര്‍ജുകള്‍ ഇളവ് ചെയ്യുന്ന നടപടിയാണ് ദുബായ് കൈക്കൊളഅളാന്‍ ഉദ്ദേശിക്കുന്നത്. ഇത് ടൂറിസ്റ്റുകളുടെ ഒഴുക്കില്‍ വമ്പന്‍ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാറ്റ് (മൂല്യവര്‍ധിതനികുതി) റീഫണ്ട് സംവിധാനം വിദേശ ടൂറിസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയത് രണ്ടാം പകുതിയിലും സന്ദര്‍ശകരുടെ ഒഴുക്കിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നൂതനാത്മക പദ്ധതികളാണ് ദുബായ് ആവിഷ്‌കരിക്കുന്നത്.  ടൂറിസം വ്യവസായത്തില്‍ ബ്ലോക്ക്‌ചെയിന്‍ ഉള്‍പ്പടെയുള്ള നവസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താനും ദുബായ് പദ്ധതിയിടുന്നുണ്ട്. സാങ്കേതികപരമായുള്ള മാറ്റങ്ങള്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് പുതിയ പദ്ധതി രൂപപ്പെട്ടത്. ഹോട്ടല്‍ വ്യവസായവുമായി ചേര്‍ന്നാകും ഇത്തരത്തിലുള്ള പദ്ധതികള്‍ അവതരിപ്പിക്കുക.

2020 ആകുമ്പോഴേക്കും പ്രതിവര്‍ഷം 20 ദശലക്ഷം ടൂറിസ്റ്റുകള്‍ ദുബായിലെത്തുന്ന തരത്തില്‍ വിനോദസഞ്ചാര രംഗം വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ദുബായ് എക്‌സ്‌പോ 2020 എന്ന ആഗോള റീട്ടെയ്ല്‍ മാമാങ്കം കൂടി കണക്കിലെടുക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണം ഇതിലും കൂടുമെന്നും വിലയിരുത്തലുകളുണ്ട്. ദുബായ് എക്‌സ്‌പോ 2020നെ ആശ്രയിക്കാതെ തന്നെ സ്വതന്ത്രമായി ടൂറിസം രംഗത്തെ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

1992ലെ സമ്മര്‍ ഒളിംപിക്‌സിന് ശേഷം ബാഴ്‌സിലോണയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് കുറഞ്ഞത് പോലെ ദുബായ് എക്‌സ്‌പോ 2020ക്ക് ശേഷം ദുബായിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറയുമോയെന്ന ആശങ്ക ചിലര്‍ പങ്കുവെക്കുന്നുണ്ടെങ്കിലും അത്തരമൊരു ഘടനയിലല്ല ദുബായ് ടൂറിസം രംഗം വളരുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

20 മില്ല്യണ്‍ ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം എത്തുമെന്നത് ദുബായുടെ തനത് സവിശേഷതകള്‍ മാത്രം കണക്കിലെടുത്തായിരിക്കണമെന്ന രീതിയിലാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍. 2017ല്‍ ദുബായ് സന്ദര്‍ശിച്ചത് 15.79 ദശലക്ഷം ടൂറിസ്റ്റുകളായിരുന്നു. ഇത് ക്രാമനുഗതമായി വളര്‍ത്താനുള്ള നീക്കമാണ് ദുബായ് ഇപ്പോള്‍ നടത്തുന്നത്. ദുബായ് നഗരത്തിലെത്തുന്നത് ജീവിതത്തിലെ അത്യപൂര്‍വ അനുഭവമായി ഓരോരുത്തര്‍ക്കും മാറണമെന്ന ആഗ്രഹത്തിലാണ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍. ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പൂര്‍ണ പിന്തുണയോടെയാണ് ടൂറിസം രംഗത്തെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

Comments

comments

Categories: Arabia, Slider
Tags: Dubai, Tourism