റെവലൂഷന്‍ പ്രീക്രാഫ്റ്റഡ് ദുബായില്‍ ഓഫീസ് തുറക്കുന്നു

റെവലൂഷന്‍ പ്രീക്രാഫ്റ്റഡ് ദുബായില്‍ ഓഫീസ് തുറക്കുന്നു

ദി വേള്‍ഡ് ഐലന്‍ഡ്‌സില്‍ ആഡംബര വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മിക്കുന്നത് റെവലൂഷന്‍ പ്രീക്രാഫ്റ്റഡ് എന്ന ഫിലിപ്പീന്‍സ് സ്റ്റാര്‍ട്ടപ്പാണ്

ദുബായ്: ദി വേള്‍ഡ് ഐലന്‍ഡ്‌സില്‍ അത്യാഡംബര അപ്പാര്‍ട്ട്‌മെന്റുകളും ഹോട്ടല്‍ വില്ലകളും നിര്‍മിക്കാനുള്ള ബില്ല്യണ്‍കണക്കിന് ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് റെവലൂഷന്‍ പ്രീക്രാഫ്റ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വാര്‍ത്തകളില്‍ നിറയുന്നത്. തങ്ങള്‍ ദുബായില്‍ ഓഫീസ് തുറക്കുകയാണെന്നും ഗള്‍ഫ് മേഖലയിലാകെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയുടെ സിഇഒ റോബ്ബീ അന്റോണിയോ.

യുണികോണ്‍ പദവയിലേക്കെത്തിയ ആദ്യ ഫിലിപ്പീന്‍സ് സ്റ്റാര്‍ട്ടപ്പ് സംരംഭണാണ് അന്റോണിയോയുടെ റെവലൂഷന്‍ പ്രീക്രാഫ്റ്റഡ്. അതിവേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ എന്ന മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെയാണ് യുണികോണ്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്.

വളരെ ചെലവ് കുറച്ച് പ്രീഫാബ്രിക്കേറ്റഡ്, മേഡ് റ്റു ഓര്‍ഡര്‍ വീടുകള്‍ നിര്‍മിച്ചുനല്‍കും എന്നതാണ് ഈ ഫിലിപ്പീന്‍സ് സംരംഭത്തിന്റെ പ്രത്യേകത. ഉടന്‍ തന്നെ ദുബായ് ഓഫീസ് തുറക്കുമെന്നും ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുമെന്നും അന്റോണിയോ പറഞ്ഞു.

ലോകത്തിന്റെ എല്ലാ മേഖലകളിലും ഒരു ഓഫീസ് തുറക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗള്‍ഫ് മേഖലയില്‍ ദുബായിലാണ് ഞങ്ങള്‍ ഓഫീസ് സജ്ജമാക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഓഫീസ് പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗള്‍ഫിലെ ആഡംബര ഡെവലപ്പറായ സെവന്‍ ടൈഡ്‌സുമായി റെവലൂഷന്‍ പ്രീക്രാഫ്റ്റഡ് ഒപ്പുവെച്ചിരിക്കുന്നത് 3.2 ബില്ല്യണ്‍ ഡോളറിന്റെ ഇടപാടാണ്. വേള്‍ഡ് ഐലന്‍ഡിലെ പദ്ധതിക്ക് വേണ്ടിയാണ് ഈ കരാര്‍.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബഹ്‌റൈനിലെ പ്രോപ്പര്‍ട്ടി വണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി റെവലൂഷന്‍ മറ്റൊരു കരാറില്‍ ഒപ്പുവെച്ചിരുന്നു. 500 മോഡുലര്‍ ഇക്കോ വില്ലകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാമെന്നാണ് റെവലൂഷന്‍ പ്രീക്രാഫ്റ്റഡ് ഏറ്റിരിക്കുന്നത്.

മൊറോക്കോ, ഈജിപ്റ്റ്, സൗദി അറേബ്യ തുടങ്ങിയ വിപണികളിലേക്കും ബിസിനസ് വ്യാപിപ്പിക്കണമെന്നാണ് അന്റോണിയോ ആഗ്രഹിക്കുന്നത്.

Comments

comments

Categories: Arabia