ജിഎസ്ടി വരുമാനം 96,483 കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം

ജിഎസ്ടി വരുമാനം 96,483 കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം

ഇ-വേ ബില്‍ നടപ്പാക്കിയ ശേഷം കഴിഞ്ഞ മൂന്ന് മാസവും ജിഎസ്ടി വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം ജൂലൈയില്‍ 96,483 കോടി രൂപയിലെത്തി. ജൂണില്‍ 95,610 കോടി രൂപയായിരുന്നു ജിഎസ്ടിയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ജിഎസ്ടി വരുമാനം വര്‍ധിക്കാന്‍ കാരണമായതെന്ന് കേന്ദ്ര ധനമന്ത്രാലയം പറഞ്ഞു. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 66 ലക്ഷം റിട്ടേണുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ജൂണില്‍ 64.69 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തിരുന്നു.

റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം കാര്യക്ഷമമായ രീതിയില്‍ ഇലക്ട്രോണിക് ബില്‍ സംവിധാനം നടപ്പാക്കിയതും ജിഎസ്ടി വരുമാനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ സംസ്ഥാനങ്ങള്‍ക്കകത്തും പുറത്തും നടക്കുന്ന ചരക്കുനീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാണ്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള പ്രധാന ഉപകരണമായ ഇ-വേ ബില്‍ നടപ്പാക്കിയ ശേഷം കഴിഞ്ഞ മൂന്ന് മാസവും ജിഎസ്ടി വരുമാനം മെച്ചപ്പെട്ടിട്ടുണ്ട്.
ജൂലൈ മാസത്തെ മൊത്തം ജിഎസ്ടി വരുമാനത്തില്‍ 15,877 കോടി രൂപയാണ് കേന്ദ്ര ജിഎസ്ടിയായി ലഭിച്ചിട്ടുള്ളത്. 22,293 കോടി രൂപയുടെ വരുമാനം സംസ്ഥാന ജിഎസ്ടിയും 49,951 കോടി രൂപയുടെ വരുമാനം സംയോജിത ജിഎസ്ടിയുമാണ്. 8,362 കോടി രൂപയാണ് സെസിനത്തില്‍ നേടിയത്. കഴിഞ്ഞ മാസം പ്രതീക്ഷയ്‌ക്കൊത്ത വരുമാനം നേടാന്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും സാധിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ജൂണ്‍ മാസത്തെ വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ് ജൂലൈയിലെ ജിഎസ്ടി വരുമാനം. അതുകൊണ്ട്, കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കിലുണ്ടായ മാറ്റം ഈ വരുമാനത്തില്‍ പ്രതിഫലിച്ചിട്ടില്ല.
പുതുതായി ജിഎസ്ടി നിരക്കില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ താല്‍ക്കാലികമായി നികുതി വരുമാനത്തെ ബാധിച്ചേക്കും. എന്നാല്‍, ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ് ക്രമേണ ഉപഭോക്തൃ ആവശ്യകത പ്രോത്സാഹിപ്പിക്കുകയും ഇത് ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനം ഉയര്‍ത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്. 898ഓളം ഉല്‍പ്പന്നങ്ങള്‍ക്കാണ് ജിഎസ്ടി കൗണ്‍സില്‍ അടുത്തിടെ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. സാനിറ്ററി നാപ്കിന്‍ അടക്കമുള്ള ചില ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം ജിഎസ്ടി വരുമാനത്തില്‍ ചെറിയ തോതിലുള്ള ഇടിവ് മാത്രമേ ഉണ്ടാക്കുകയുള്ളുവെന്ന് കൗണ്‍സില്‍ യോഗത്തിനുശേഷം ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy
Tags: GST