ഇനി നിന്ന് സമയം കളയണ്ട; കൊച്ചിയിലും വന്നു ചലോ ആപ്പ്

ഇനി നിന്ന് സമയം കളയണ്ട; കൊച്ചിയിലും വന്നു ചലോ ആപ്പ്

കെഎംആര്‍എല്‍ഉം യുഎംടിസിയും ചേര്‍ന്ന് ബസുകള്‍ക്കും ബോട്ടുകള്‍ക്കുമുള്‍പ്പെടെയുള്ള തത്സമയ ട്രാക്കിംഗ് സേവനമാണ് ഈ ആപ്പിലൂടെ കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍പ്പെട്ട ആപ് ഇന്ത്യയില്‍ ഇതാദ്യം

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ചലോ ആപ്പ് കൊച്ചിയിലുമെത്തി. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയുടെ (യുഎംടിസി) ആശയത്തിന് ചലോ രൂപം നല്‍കിയ ഈ ആപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സംയോജിത പൊതുഗതാഗത നയത്തിനു (ഇന്റഗ്രേറ്റഡ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പോളിസി ഓഫ് ഗവണ്മെന്റ് ഓഫ് കേരള) കീഴിലാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.

കൊച്ചിയില്‍ സുഗമമായ ഗതാഗതം (സീംലെസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫോര്‍ കൊച്ചി) എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ ആപ്പിന് കൊച്ചി മെട്രോ റെയിലിന്റെ (കെഎംആര്‍എല്‍) പിന്തുണയുമുണ്ട്.

വര്‍ഷം തോറും 3% ആളുകള്‍ വീതം പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യവാഹനങ്ങളിലേയ്ക്ക് തിരിയുന്നതായാണ് കണക്കെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഇത് തിരക്കും അപകടങ്ങളും ഗതാഗതകുരുക്കുകളും വര്‍ധിപ്പിക്കും. വാഹനങ്ങള്‍ പെരുകുന്നത് ഇന്ധനങ്ങളുടെ അമിത ഉപയോഗത്തിന് വഴി വെയ്ക്കുന്നതിലൂടെ പരിസ്ഥിതിക്കും ദോഷകരമാണ്. ചലോ ആപ്പിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുള്ള ആളുകള്‍ക്കും പൊതുഗതാഗത സൗകര്യങ്ങള്‍ ആകര്‍ഷകമാകുമെന്നാണ് പ്രതീക്ഷയെന്നും അങ്ങനെ അപകടകരമായ അവസ്ഥയില്‍ നിന്ന് തിരിച്ചുപോക്ക് സാധ്യമാക്കാമെന്നും മന്ത്രി പറഞ്ഞു.

ലൈവ് ട്രാക്കിംഗും യാത്രാ പ്ലാനിംഗുമുള്‍പ്പെടെ നഗരത്തിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഒറ്റ ആപ്പിനു കീഴില്‍ സംയോജിപ്പിക്കുന്ന ലാളിത്യമാണ് ചലോ യാഥാര്‍ത്ഥ്യമാക്കുന്നത്. യാത്രക്കാര്‍ പ്രതീക്ഷിക്കുന്ന ബസ്സോ ബോട്ടോ എവിടെവരെയെത്തി എന്നറിയാനുള്ള സംവിധാനമുള്ളതുകൊണ്ട് ബസ് സ്‌റ്റോപ്പിലോ ജട്ടിയിലോ ചെന്ന് കാത്തുനിന്ന് സമയം കളയേണ്ടതില്ല എന്നതാണ് ഈ ആപ്പിന്റെ പ്രധാന ഉപയോഗം. ഒരു ദിവസം ഇങ്ങനെ ശരാശരി 40 മിനിറ്റു വരെ ലാഭിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തങ്ങളുടെ ബസോ ബോട്ടോ എത്തിച്ചേരുന്ന സമയം ലൈവായി നല്‍കും, അതനുസരിച്ച് അവര്‍ സ്‌റ്റോപ്പിലോ ജട്ടിയിലോ എത്തിയാല്‍ മതിയാകും എന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത.

മാപ്പില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്ന ബസിന്റേയോ ബോട്ടിന്റേയോ ലൈവ് ജിപിഎസ് പൊസിഷന്‍ അറിയാനാകുമെന്നതും ഗുണം ചെയ്യും. വിവിധ തരം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്‌സി) ചെറിയ യാത്രകള്‍ പോലും മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാമെന്നതും ആപ്പിനെ ആകര്‍ഷകമാക്കുന്നു. ആവശ്യവും ബജറ്റുമനുസരിച്ച് ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ രീതിയും വിവിധ റൂട്ടുകളും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, ഫെറികള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവ കണ്ടുപിടിയ്ക്കാനും ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ലൈവായി പൊതുഗതാഗത ട്രാക്കിംഗും വിവിധ വാഹനങ്ങളുടെ സംയോജനത്തിലൂടെ സാധ്യമാകുന്ന ലളിതമായ യാത്രാപ്ലാനിംഗും ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ നഗരമാവുകയാണ് കൊച്ചി. നിലവില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ആഗോള സ്മാര്‍ട് നഗരങ്ങളില്‍ മാത്രമാണ് പ്രദേശവാസികള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഇങ്ങനെ സംയോജിതമായി ലഭ്യമാകുന്നത്.

യാത്രക്കാര്‍ക്ക് സമയലാഭം സാധ്യമാക്കുന്നതിനു പുറമെ കൂടുതല്‍ ആളുകളെ പൊതുഗതാഗത സംവിധാനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും അതുവഴി പരിസ്ഥിതിയ്ക്ക് താങ്ങാകാനും ബസ് സ്റ്റോപ്പുകളിലേയും ജട്ടികളിലേയും തിരക്കൊഴിവാക്കാനും ചലോ ആപ്പ് സഹായിക്കും. ഏത് സ്മാര്‍ട് നഗരത്തിന്റേയും അടിസ്ഥാനങ്ങളിലൊന്നാണ് മികച്ച പൊതുഗതാഗത സംവിധാനം എന്നതിനാല്‍ ഇന്തയില്‍ കൊച്ചിയ്‌ക്കൊപ്പം സ്മാര്‍ട് സിറ്റിയാകാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ക്കിടയില്‍ കൊച്ചിയുടെ നില ഉയര്‍ത്താനും ഈ ആപ്പിനു കഴിയും. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.

Comments

comments

Categories: Tech
Tags: Chalo app