സ്റ്റെര്‍ലൈറ്റ് പൂട്ടല്‍: രാജ്യത്തിന് 20,000 കോടി നഷ്ടം

സ്റ്റെര്‍ലൈറ്റ് പൂട്ടല്‍: രാജ്യത്തിന് 20,000 കോടി നഷ്ടം

 

 

സമരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് അടച്ച് പൂട്ടിയത് മൂലം രാജ്യത്തിന് 20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി രാംനാഥ് വ്യക്തമാക്കി. രണ്ട് ബില്യണ്‍ ഡോളറോളം മൂല്യം വരുന്ന ചെമ്പ് ഇറക്കുമതി ബാധ്യതയ്ക്ക് പുറമെ കയറ്റുമതിയില്‍ 1.5 ബില്യണിന്റെ ഇടിവും സംഭവിച്ചു. കമ്പനി തുറന്നു പ്രവര്‍ത്തിക്കാനുള്ള ഇടക്കാല അനുമതി നല്‍കാന്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചതിന് പി്ന്നാലെയാണ് മാതൃ കമ്പനിയായ വേദാന്ത കണക്കുകള്‍ പുറത്തു വിട്ടത്. മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി ആരംഭിച്ച പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയും തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ ഡസനോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മനിലീകരണ നിയന്ത്രണ ബോര്‍ഡ് മേയ് മാസത്തില്‍ ചെമ്പ് നിര്‍മാണ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കമ്പനി ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.

അടച്ച് പൂട്ടുന്നതിന് മുന്‍പ് കമ്പനി പ്രതിവര്‍ഷം 2,50,000 ടണ്‍ ചെമ്പ് ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്തിരുന്നു. സ്റ്റെര്‍ലൈറ്റ് പൂട്ടിയതോടെ ആഭ്യന്തര ഉപഭോക്താക്കള്‍ ഇപ്പോള്‍ ചെമ്പ് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ്. പ്രതിവര്‍ഷം 1,50,000 മുതല്‍ 1,60,000 ടണ്‍ ചെമ്പാണ് കമ്പനി കയറ്റി അയച്ചിരുന്നത്. സള്‍ഫ്യൂരിക്കാസിഡിന്റേയും ഫോസ്‌ഫോറിക് ആസിഡിന്റേയും വില കുത്തനെ ഉയരുന്നതിനും സ്റ്റെര്‍ലൈറ്റ് അടച്ച് പൂട്ടല്‍ കാരണമായിട്ടുണ്ട്. പ്ലാന്റ് പൂട്ടുന്നതിന് മുന്‍പ് ടണ്ണിന് 4,000 രൂപ വിലയുണ്ടായിരുന്ന സള്‍ഫ്യൂരിക് ആസിഡിന് ഇപ്പോള്‍ 15,000 രൂപയിലേക്ക് വില വര്‍ധിച്ചു. ഫോസ്‌ഫോറിക് ആസിഡിന്റെ വില 25 ശതമാനത്തോളവും ഉയര്‍ന്നെന്നും രാംനാഥ് ചൂണ്ടിക്കാട്ടി

Comments

comments

Categories: Business & Economy
Tags: Thoothukudi