ഒപ്പോയില്‍ നിന്നും വേര്‍പെട്ടു, റിയല്‍മീ ഇനി സ്വതന്ത്ര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി

ഒപ്പോയില്‍ നിന്നും വേര്‍പെട്ടു, റിയല്‍മീ ഇനി സ്വതന്ത്ര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി

ബെയ്ജിംഗ്: ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പോയുടെ ഉപബ്രാന്‍ഡായ റിയല്‍മി സ്വതന്ത്ര വ്യാപാരത്തിലേക്ക്. ഒപ്പോയുടെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവും ഒപ്പോ ഇന്ത്യയുടെ മേധാവിയുമായ സ്‌കൈ ലീയായിരിക്കും സ്വതന്ത്രമായ റിയല്‍മീയുടെ തലവന്‍. ഭാവിയില്‍, കുറഞ്ഞ വിലക്ക് യുവാക്കള്‍ക്കായി ശക്തമായ പ്രകടനവും സ്‌റ്റൈലിഷ് ഡിസൈനുകളും വാഗ്ദാനം ചെയ്യുന്ന മൊബീല്‍ ഫോണുകള്‍ ലഭ്യമാക്കുന്നതില്‍ റിയല്‍മി ബ്രാന്‍ഡ് ശ്രദ്ധകേന്ദ്രീകരിക്കും.

‘ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്ക് വ്യത്യസ്ത സെല്‍ഫോണ്‍ ശീലങ്ങളും മനോഹരമായ കാഴ്ചപ്പാടുകളും ഉണ്ടായേക്കാം. എന്നാല്‍ രൂപകല്‍പ്പനയുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഇവരുടെയെല്ലാം ആവശ്യകതകള്‍ സമാനമാണ്,’ കമ്പനിയുടെ ആഗോള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ സ്‌കൈ ലീ പറഞ്ഞു.

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിപണിയില്‍ വളരെ കുറച്ച് ഓപ്ഷനുകള്‍ മാത്രമേ ലഭ്യമായുള്ളൂ. ശക്തമായ പ്രകടനവും സ്‌റ്റൈലിഷ് ഡിസൈനുകള്‍ക്കുമൊപ്പം നൂതന ഇന്നൊവേഷനുകളടങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വിപണയിലെ ഈ വിടവ് നികത്തുന്നതിനാണ് റിയല്‍മി ശ്രദ്ധ ചെലുത്തുന്നത്. ആഗോള വിപണിയെ കൂടി ലക്ഷ്യമിടുന്നതിനാല്‍ ഇതിലേക്ക് കൂടുതല്‍ ചലനാത്മകമായ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെയ്‌ബോ എന്ന ചൈനീസ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഒപ്പോയില്‍ നിന്നും വേര്‍പ്പെടുന്നതായും റിയല്‍മീ ബ്രാന്‍ഡ് സ്വതന്ത്രമായി സ്ഥാപിക്കുന്നതായും ലീ പ്രഖ്യാപിച്ചത്. മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഒപ്പോയില്‍ നിന്നും എക്‌സിക്യൂട്ടീവ് പദവി ഉപേക്ഷിച്ച് ഒരു വ്യക്തി പുതിയ ബിസിനസ് ബ്രാന്‍ഡ് ആരംഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മുന്‍പ് പെറ്റെ ലൗ ഒപ്പോയില്‍ നിന്നും രാജി വച്ച് വണ്‍പ്ലസ് ആരംഭിച്ചിരുന്നു.

ഇക്കഴിഞ്ഞ മേയിലാണ് ആദ്യ റിയല്‍മീ സ്മാര്‍ട്ട്‌ഫോണായ റിയല്‍മി 1 അവതരിപ്പിച്ചത്. 40 ദിവസത്തിനുള്ളില്‍ നാല് ലക്ഷം യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടത്. ഒരുമാസത്തെ വില്‍പ്പനയിലൂടെ 2018 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1.4 ശതമാനം ഓഹരി വിഹിതം ബ്രാന്‍ഡ് സ്വന്തമാക്കിയതായി കമ്പനി വ്യക്തമാക്കി.

 

 

 

 

Comments

comments

Tags: Oppo, Realme