#MeToo ചൈനയിലും തരംഗമാകുന്നു

#MeToo ചൈനയിലും തരംഗമാകുന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹോളിവുഡിനെ പിടിച്ചുലച്ച സംഭവമായിരുന്നു മി ടൂ പ്രചാരണം. ഹോളിവുഡിലെ പ്രമുഖരാണ് ഈ പ്രചാരണം ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ഹോളിവുഡിലും അമേരിക്കയിലും വന്‍ തരംഗം തീര്‍ത്ത മീ ടൂ ക്യാംപെയ്ന്‍ ഇപ്പോള്‍ ഇതാ അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണമുള്ള ചൈനയിലുമെത്തിയിരിക്കുന്നു.

 

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തി, സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത പ്രചാരണമായിരുന്നു ‘മീ ടൂ’ ഹാഷ്ടാഗ് (# MeToo). 2006-ല്‍ അമേരിക്കന്‍ സോഷ്യല്‍ ആക്ടിവിസ്റ്റും കമ്മ്യൂണിറ്റി ഓര്‍ഗനൈസറുമായ തരാന ബുര്‍ക്ക് എന്ന വ്യക്തിയാണ് MeToo എന്ന പദം ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍ ഈ പദം 2017-ല്‍ ട്വിറ്ററിലൂടെ പ്രശസ്തമാക്കിയത് അമേരിക്കന്‍ നടിയായ അലീസ മിലാനോയാണ്. ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായവരെ സമൂഹമാധ്യമത്തിലൂടെ തുറന്നുപറയാന്‍ പ്രേരിപ്പിച്ചു കൊണ്ടായിരുന്നു അലീസ മിലാനോ മീ ടൂ പ്രചാരണത്തിനു തുടക്കമിട്ടത്. 2017 ഒക്ടോബര്‍ 15-നാണ് മീ ടൂ എന്ന വാക്ക് ഉപയോഗിച്ച് ആദ്യമായി അലീസ ട്വീറ്റ് ചെയ്തത്. അലീസ ട്വീറ്റ് ചെയ്ത ആ ദിവസം അവസാനിച്ചപ്പോള്‍, ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ ആ വാക്ക് ഉപയോഗിച്ചു കഴിഞ്ഞിരുന്നു. പിറ്റേ ദിവസം ഒക്ടോബര്‍ 16 ആയപ്പോഴേക്കും ആ വാക്ക് അഞ്ച് ലക്ഷത്തോളം പേര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് അമേരിക്കന്‍ സെലിബ്രിറ്റികളായ ഗിന്നത്ത് പാള്‍ട്രോ, ജെന്നിഫര്‍ ലോറന്‍സ് തുടങ്ങിയവര്‍ രംഗത്തുവന്നതോടെ മീ ടൂ പ്രചാരണത്തിനു വലിയ ശ്രദ്ധ കൈവന്നു. പ്രതിസ്ഥാനത്തു ഹോളിവുഡിലെ മുന്‍നിര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനായിരുന്നു. കിടപ്പറയിലേക്കു ഹാര്‍വി ക്ഷണിച്ചിരുന്നെന്നാണ് ഗിന്നത്ത് പാള്‍ട്രോയും, ജെന്നിഫര്‍ ലോറന്‍സും മീ ടൂ പ്രചാരണത്തിലൂടെ തുറന്നു പറഞ്ഞത്. മീ ടൂ പ്രചാരണം ഹോളിവുഡിലും അമേരിക്കയിലും കഴിഞ്ഞ വര്‍ഷം വലിയൊരു തരംഗം തന്നെയാണു തീര്‍ത്തത്. ഇപ്പോഴിതാ ചൈനയിലും മീ ടൂ പ്രചാരണത്തിനു വന്‍ പ്രാധാന്യം കൈവന്നിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ ചൈനീസ് ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, പ്രചാരണം ശക്തമായി തന്നെ മുന്നേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചകളില്‍ നിരവധി ചൈനീസ് സ്ത്രീകള്‍ തങ്ങള്‍ക്ക് പ്രമുഖ ആക്ടിവിസ്റ്റുകള്‍, ടിവി അവതാരകര്‍ തുടങ്ങിയ സമൂഹത്തിലെ മാന്യവ്യക്തിത്വം അലങ്കരിക്കുന്നവരില്‍നിന്നും നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ചു സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറച്ചില്‍ നടത്തുകയുണ്ടായി. 20-ലേറെ സ്ത്രീകളാണ് ഇത്തരത്തില്‍ പീഡന കഥയെ കുറിച്ചു തുറന്നു പറഞ്ഞ് രംഗത്തുവന്നത്. സമീപദിവസം ഒരു പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയുടെ സ്ഥാപകന്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനു മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മേയ് മാസം തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് ഓണ്‍ലൈനില്‍ ഒരു സ്ത്രീ രംഗത്തുവരികയും ചെയ്തു. എന്നാല്‍ പരസ്പര സമ്മതത്തോടെയായിരുന്നെന്നാണു മാധ്യമപ്രവര്‍ത്തകന്റെ വാദം. വാരിപ്പുണരുന്നതും, ഉമ്മ വയ്ക്കുന്നതും താന്‍ ഏര്‍പ്പെടുന്ന തൊഴില്‍ മേഖലയില്‍ പതിവാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ വര്‍ഷം ജനുവരിയില്‍ മീ ടൂ പ്രചാരണത്തിനു ചൈനയിലെ കോളേജ് ക്യാംപസില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ലൈംഗികമായി അതിക്രമിച്ചെന്നാരോപിച്ചു നിരവധി വിദ്യാര്‍ഥിനികളാണു യൂണിവേഴ്‌സിറ്റിയിലെ ഉന്നതന്മാര്‍ക്കെതിരേ രംഗത്തുവന്നത്. മീ ടൂ പ്രചാരണത്തിനു വന്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ ചൈനീസ് ഭരണകൂടം സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെ സെന്‍സര്‍ ചെയ്യാന്‍ തുടങ്ങി. മീ ടൂ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട നൂറു കണക്കിനു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യുകയമുണ്ടായി. ചൈനയില്‍ മീ ടൂ ക്യാംപെയ്ന്‍ #MeTooInChina, anti-sexual harassment എന്നീ പേരുകളിലും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ ഭരണകൂടം അമര്‍ച്ച ചെയ്യാനും തുടങ്ങി. പക്ഷേ, ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പുകള്‍ക്ക് പ്രചാരണത്തെ നിശബ്ദമാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോയ്‌ട്ടേഴ്‌സ് എന്ന വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സിന വെയ്‌ബോയില്‍, റാങ്കിംഗില്‍ രണ്ടാമത്തെ സംഭാഷണവിഷയമായത് sexual assault evidence collection എന്ന പദമായിരുന്നെന്നാണ്.

മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ ചൈനീസ് ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, പ്രചാരണം ശക്തമായി തന്നെ മുന്നേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പക്ഷേ, ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പുകള്‍ക്ക് പ്രചാരണത്തെ നിശബ്ദമാക്കാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജനുവരിയില്‍ മീ ടൂ പ്രചാരണത്തിനു ചൈനയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും മീ ടു പ്രചാരണത്തിന് ശ്രദ്ധ കൈവന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മീ ടൂ പ്രചാരണത്തിന്റെ രണ്ടാം തരംഗമാണ് അഥവാ second wave. തന്നെ മൂന്നു വര്‍ഷം മുന്‍പ് പ്രമുഖനായൊരു anti-discrimination activist (വിവേചനത്തിന് വിധേയരാകുന്നവരുടെ സംരക്ഷണത്തിനായി പോരാട്ടം നയിക്കുന്ന വ്യക്തി) ലൈംഗികമായി ഉപദ്രവിച്ചെന്നു ചൂണ്ടിക്കാണിച്ച് ഒരു യുവതി വീ ചാറ്റ് എന്ന സോഷ്യല്‍മീഡിയയില്‍ ഒരു തുറന്ന കത്ത് പോസ്റ്റ് ചെയ്യുകയുണ്ടായി. ജീവകാരുണ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ലെയ് ചുയാങാണ് 2015-ല്‍ ഒരു ചാരിറ്റി ട്രിപ്പിനിടെ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണു യുവതി ആരോപിച്ചത്. അന്നു തനിക്ക് പ്രായം 20 ആയിരുന്നെന്നും യുവതി പറഞ്ഞു. ഹെപ്പറ്റൈറ്റിസ് ബി ബാധിതരുടെ അവകാശത്തിനായി പോരാടുന്നതാണ് ഈ ചാരിറ്റി സംഘടന. യുവതിയുടെ ആരോപണമടങ്ങിയ കത്ത് വീ ചാറ്റില്‍ വൈറലാവുകയും, ആരോപണ വിധേയനായ ലെയ് ചുയാങ് സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഈയൊരു സംഭവമാണു മറ്റ് നിരവധി സ്ത്രീകളെയും യുവതികളെയും സ്വന്തമായി നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു തുറന്നു പറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ മീ ടൂ പ്രചാരണം യഥാര്‍ഥത്തില്‍ തുടങ്ങുന്നതേയുള്ളൂ എന്ന് ലിംഗ സമത്വത്തിനായി പോരാടുന്ന ലീ ടിംഗ്ടിംഗ് പറയുന്നു. ‘പുരുഷാധിപത്യം എല്ലായിടത്തും ഉണ്ട്. ബലാല്‍സംഗ സംസ്‌കാരം ഇപ്പോഴും ശക്തമാണെന്നും’ ലീ പറയുന്നു.

എന്തു കൊണ്ടാണ് ചൈനീസ് സര്‍ക്കാര്‍ മീ ടൂ പ്രചാരണത്തെ ഭയപ്പെടുന്നത്

പൊതുജന രോഷം ഉയര്‍ന്നുവരാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണു ചൈനീസ് സര്‍ക്കാര്‍ മീ ടൂ പ്രചാരണത്തെ അടിച്ചമര്‍ത്തുന്നതെന്നു വേണം കരുതാന്‍. പൊതുജന രോഷം ഉയര്‍ന്നാല്‍ അത് സ്വാഭാവികമായും ഭരണകൂടത്തിനെതിരായി മാറുമെന്നതും ഉറപ്പ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ചരിത്രം ചൈനയ്ക്കു പണ്ടു മുതലേ ഉണ്ട്. സോഷ്യല്‍ മീഡിയകളെയും, ഇന്റര്‍നെറ്റ് സെര്‍ച്ചുകളെയും കൈകാര്യം ചെയ്യാനും നിയന്ത്രിച്ചു നിര്‍ത്താനും ചില വാക്കുകളെ ‘ ബ്ലോക്ക് ‘ ചെയ്യുന്നതില്‍ മിടുക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ചൈനീസ് ഭരണകൂടം. യുഎസ്-ചൈന വ്യാപാര യുദ്ധം പുരോഗമിക്കുന്നതിനിടെ, വ്യാപാര യുദ്ധത്തെ കുറിച്ച് അമിതമായ രീതിയില്‍ റിപ്പോര്‍ട്ടുകളൊന്നും പ്രസിദ്ധീകരിക്കരുതെന്ന് ഈയടുത്ത കാലത്തു മാധ്യമങ്ങള്‍ക്കു ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ബ്രിട്ടീഷ് കൊമേഡിയന്‍ ജോണ്‍ ഒലിവര്‍ അദ്ദേഹത്തിന്റെ പരിപാടിയില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിനെ വ്രണപ്പെടുത്തും വിധമുള്ള തമാശകള്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടു വെയ്‌ബോ എന്ന നവമാധ്യമത്തില്‍ പോസ്റ്റുകളിടുന്നതിനെ കഴിഞ്ഞ മാസം ചൈനീസ് ഭരണകൂടം വിലക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK Special