വരുമാനത്തില്‍ വമ്പന്‍ കുതിപ്പുമായി മജീദ് അല്‍ ഫുട്ടയിം

വരുമാനത്തില്‍ വമ്പന്‍ കുതിപ്പുമായി മജീദ് അല്‍ ഫുട്ടയിം

2018ലെ ആദ്യ പകുതിയില്‍ മജീല്‍ അല്‍ ഫുട്ടയിമിന്റെ വരുമാനത്തിലുണ്ടായത് 13 ശതമാനം വര്‍ധന

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ മജീദ് അല്‍ ഫുട്ടയിം 2018ലെ ആദ്യ ആറ്് മാസങ്ങളില്‍ നടത്തിയത് മികച്ച പ്രകടനം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്‍ ഫുട്ടയിമിന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത് 13 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ്. കമ്പനിയുടെ വരുമാനം 4.85 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.

ഗ്രൂപ്പിന്റെ ആസ്തി കണക്കാക്കപ്പെടുന്നത് ഏകദേശം 3.01 ബില്ല്യണ്‍ ഡോളറാണ്. പ്രതിസന്ധികള്‍ നിറഞ്ഞ വിപണി സാഹചര്യത്തിലും സുസ്ഥിരമായ വളര്‍ച്ച നേടാന്‍ ഞങ്ങള്‍ക്കാകുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക കണക്കുകള്‍-മജീദ് അല്‍ ഫുട്ടയിം സിഇഒ അലയിന്‍ ബെജ്ജാനി പറഞ്ഞു.

തന്ത്രപരമായ നിക്ഷേപങ്ങളാണ് തങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും ചുറ്റുമുള്ള മാറുന്ന ലോകത്തിനനുസരിച്ചാണ് കമ്പനിയുടെ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.

അനിതരസാധാരണമായ ഉപഭോക്തൃ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് കമ്പനിയെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു. മജീദ് അല്‍ ഫുട്ടയിം പ്രോപ്പര്‍ട്ടീസ് ഒരു ശതമാനം വരുമാന വളര്‍ച്ചയാണ് ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഷോപ്പിംഗ് മാളുകളില്‍ ആദ്യ പകുതിയില്‍ സന്ദര്‍ശനം നടത്തിയത് 98 ദശലക്ഷം പേരാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മാളിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത് നാല് ശതമാനം വളര്‍ച്ചയാണ്. 94 ശതമാനമാണ് മാള്‍ ഒക്യുപ്പന്‍സി നിരക്ക്.

മജീദ് അല്‍ ഫുട്ടയിമിന്റെ റീട്ടെയ്ല്‍ വിഭാഗത്തിലുണ്ടായത് 15 ശതമാനം വളര്‍ച്ചയാണ്. റീട്ടെയ്ല്‍ മേഖലയിലെ വരുമാനം 3.97 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. വിനോദം, റീട്ടെയ്ല്‍, റിയല്‍റ്റി, സര്‍വീസസ്, ഫുഡ് ആന്‍ഡ് ബെവറേജസ് തുടങ്ങി നിരവധി മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

1992ല്‍ പ്രവര്‍ത്തനമാരംഭിച്ച മജീദ് അല്‍ ഫുട്ടയിമിന് ഗള്‍ഫ് കൂടാതെ ആഫ്രിക്കയിലും ഏഷ്യയിലും ബിസിനസുകളുണ്ട്. മാള്‍ ഓഫ് ദി എമിറേറ്റ്‌സും സിറ്റി സെന്റര്‍ മാള്‍സും വോക്‌സ് സിനിമാസും ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 38 വിപണികളില്‍ കാരിഫോറിന്റെ ഫ്രാഞ്ചൈസി കൈയാളുന്നതും മജീദ് അല്‍ ഫുട്ടയിം തന്നെയാണ്.

Comments

comments

Categories: FK News
Tags: Alfutayim

Related Articles