മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ‘പ്രൈം സോണ്‍’ ഒരുക്കും

മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ‘പ്രൈം സോണ്‍’ ഒരുക്കും

നിലവിലെ ഔട്ട്‌ലെറ്റുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യും

ന്യൂഡെല്‍ഹി : പ്രീമിയം മോഡലുകള്‍ വില്‍ക്കുന്നതിന് മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ‘പ്രൈം സോണ്‍’ സജ്ജീകരിക്കും. നെക്‌സ എന്ന പേരില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മാരുതി സുസുകി റീട്ടെയ്ല്‍ ശൃംഖല സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ക്ക് പകരം ഡീലര്‍ഷിപ്പുകളില്‍ പ്രത്യേക ഇടം ഒരുക്കിയാല്‍ മതിയെന്നാണ് മഹീന്ദ്രയുടെ തീരുമാനം. ഇതിനായി നിലവിലെ ഔട്ട്‌ലെറ്റുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യും. വിപണി കാത്തിരിക്കുന്ന മറാസോ എംപിവി, ജി4 റെക്‌സ്റ്റണിന്റെ മഹീന്ദ്ര വേര്‍ഷന്‍, എസ്201 കോംപാക്റ്റ് എസ്‌യുവി എന്നീ പ്രീമിയം വാഹനങ്ങള്‍ ഇവിടെ ഡിസ്‌പ്ലേ ചെയ്യും.

പ്രത്യേക കളര്‍ സ്‌കീമിലും അലങ്കാരങ്ങളോടെയുമായിരിക്കും പ്രൈം സോണ്‍ സജ്ജീകരിക്കുന്നത്. വിശ്രമ മുറി, വിര്‍ച്വല്‍ റിയാലിറ്റി സോണ്‍ എന്നിവ പ്രൈം സോണില്‍ ഉണ്ടായിരിക്കും. വിപണിയില്‍ അവതരിപ്പിക്കുന്ന അന്നുതന്നെ രാജ്യത്തെ എല്ലാ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

7 സീറ്റ്, 8 സീറ്റ് കോണ്‍ഫിഗറേഷനുകളിലാണ് മഹീന്ദ്ര മറാസോ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയിലെത്തിക്കുന്നത്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തില്‍ അരങ്ങേറ്റം കുറിക്കും. ദീപാവലിക്ക് മുമ്പായി വാഹനം പുറത്തിറക്കും. ഇതേതുടര്‍ന്ന് എസ്201 എന്ന് കോഡ്‌നാമം നല്‍കിയ കോംപാക്റ്റ് എസ്‌യുവിയാണ് മഹീന്ദ്രയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. 2018 അവസാനത്തോടെ റീബാഡ്ജ് ചെയ്ത ജി4 റെക്‌സ്റ്റണ്‍ പുറത്തിറക്കും.

 

Comments

comments

Categories: Auto
Tags: Mahindra