ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം കോട്ടമാകുമ്പോള്‍

ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം കോട്ടമാകുമ്പോള്‍

 

ഒരു രാജ്യത്തിന്റെ സമ്പത്ത് അതിന്റെ പൗരന്‍മാരാണ്, മാനവ വിഭവ ശേഷിയുടെ ശരിയായ ഉപയോഗമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ട് തങ്ങളുടെ മാനവ വിഭവശേഷി വികസിപ്പിച്ചതാണ് സമ്പന്ന രാഷ്ട്രങ്ങള്‍ ആ നില കൈവരിക്കാന്‍ കാരണം. തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താഞ്ഞ രാജ്യങ്ങള്‍ ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളായും പരിണമിച്ചിരിക്കുന്നു. ഇന്ത്യയടക്കം വികസ്വര രാഷ്ട്രങ്ങള്‍ നേരിടുന്ന ബാലവേലയെന്ന അനീതിയുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച്.

 

കഴിഞ്ഞ വര്‍ഷം മാത്രമാണ് ബാലവേലയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) രണ്ട് ഉടമ്പടികള്‍ക്ക് ഇന്ത്യ ഔപചാരികമായി അംഗീകാരം നല്‍കിയത്. മിനിമം ഏജ് കണ്‍വെന്‍ഷന്‍ നമ്പര്‍ സി 138 എന്ന ഇതിലെ ആദ്യ ഉടമ്പടി 1973 ല്‍, അരനൂറ്റാണ്ട് മുന്‍പാണ് ഐഎല്‍ഒ പാസാക്കിയിരുന്നത്. കണ്‍വെന്‍ഷന്‍ നമ്പര്‍ 182 (ഇമ്മീഡിയേറ്റ് എലിമിനേഷന്‍ ഓഫ് ദി വേഴ്സ്റ്റ് ഫോംസ് ഓഫ് ചൈല്‍ഡ് ലേബര്‍) എന്ന രണ്ടാമത്തെ ഉടമ്പടി ഇന്ത്യയുള്‍പ്പടെയുള്ള 191 ഐഎല്‍ഒ രാഷ്ട്രങ്ങള്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് ഐകകണ്‌ഠേന അംഗീകരിച്ചിരുന്നു.

ബാലവേല അവസാനിപ്പിക്കുന്നതിനു വേണ്ടി ആഗോള തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ കൈലാഷ് സത്യാര്‍ത്ഥി ഇന്ത്യക്കാരനാണ്. 2002 മുതല്‍ എല്ലാ വര്‍ഷവും അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം നിഷ്ഠയോടെ നമ്മുടെ രാജ്യം ആചരിക്കുന്നുമുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടാകുന്നെന്ന് തോന്നുന്നില്ല; ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ തൊഴിലെടുക്കുന്ന രാജ്യമായി ഇന്ത്യ തുടരുന്നു.

എന്നിരുന്നാലും സാമൂഹിക പുരോഗതി ഏറെയുള്ള കേരള, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം ഉത്തരേന്ത്യയില്‍ ബാലവേല ഇപ്പോഴും വലിയ രീതിയില്‍ തുടരുന്നു.

ഇന്ത്യയുടെ നയ രൂപീകരണം നടത്തുന്നവരെ സംബന്ധിച്ച് ബാലവേല എപ്പോഴും അനിശ്ചിതത്വമുള്ള മേഖലയാണ്. സി 138 ന് അംഗീകാരം നല്‍കുന്നത്് 50 വര്‍ഷക്കാലവും സി 182ന് അംഗീകരിക്കുന്നത് രണ്ട് ദശാബ്ദക്കാലവും അവര്‍ വൈകിപ്പിച്ചു. പാടശേഖരങ്ങള്‍, ഫാക്റ്ററികള്‍, കടകള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ ജോലി ചെയ്യുന്നതിന്റെ നേട്ടങ്ങള്‍ കൊയ്യുന്ന ഒരു ചുറ്റുപാടില്‍ കഴിയുന്ന സാമ്പത്തിക, രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ ബാലവേല അത്യാവശ്യമാണെന്നും, അതിന്റെ ഇരയായ കുട്ടിക്കും അവന്റെ കുടുംബത്തിനും സമൂഹം, സംസ്ഥാനം, രാഷ്ട്രം എന്നിവയ്‌ക്കെല്ലാം ഇത് സാമ്പത്തികമായി നേട്ടമാണെന്നുമുള്ള നുണ പ്രചരിപ്പിക്കുന്നത് തുടരുന്നു. ഈ കാപട്യത്തേക്കാള്‍ വലിയ മിഥ്യാധാരണയില്ല. ഇരയായ കുട്ടിക്കും കുടുംബത്തിനും സമൂഹം, സംസ്ഥാനം, രാഷ്ട്രം എന്നിവക്കും വളരെ ദോഷകരം തന്നെയാണ് ബാലവേല. സാമ്പത്തികമായും ഇത് ദോഷം ചെയ്യും.

രണ്ട് പതിറ്റാണ്ടു മുന്‍പ്, ഐഎല്‍ഒയുടെ ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഓണ്‍ ദ എലിമിനേഷന്‍ ഓഫ് ചൈല്‍ഡ് ലേബര്‍ (ഇസിഎല്‍ഐ) എന്ന എന്ന അന്താരാഷ്ട്രതലത്തിലുള്ള പരിപാടിക്ക് ഇന്ത്യയില്‍ നേതൃത്വം കൊടുക്കവേ, ഒരു കുട്ടിയെ ചെറു പ്രായത്തില്‍ തന്നെ തൊഴിലിലേക്ക് നയിക്കുന്നതിന്റെ ഒരു ധനലാഭ വിശകലനം ഞാന്‍ നടത്തി. 1990 ല്‍ ആണ് ഈ കണക്കുകൂട്ടല്‍ നടത്തിയത്. 1990 ല്‍ ജനിച്ച് എട്ടാമത്തെയോ പത്താമത്തെയോ വയസില്‍ ജോലിക്ക് പോകേണ്ടി വന്ന കുട്ടികളുടെ കാര്യമാണ് ഇതിനായി പരിഗണിച്ചത്. ഇത്തരത്തില്‍ ഒരു കുട്ടി ജോലി ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം 50 ലക്ഷം രൂപയായിരുന്നെന്ന് കണ്ടെത്തി. ഇന്ന് ആ നഷ്ടം 10 മടങ്ങെങ്കിലും കൂടിയിട്ടുണ്ടാവും. ഈ ചെലവിനെ രാജ്യത്ത് ഇന്ന് ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം കൊണ്ട് ഗുണിക്കുകയാണെങ്കില്‍, ഈ ഇനത്തില്‍ വരുന്ന ആകെ നഷ്ടം പല ലക്ഷം കോടി രൂപകള്‍ കടക്കും. ബാലവേലക്ക് ഒരു രാജ്യം നല്‍കേണ്ടി വരുന്ന സാമ്പത്തികമായ വിലയാണിത്.

ഒരു രാജ്യത്തിന്റെ സമ്പത്ത് അതിന്റെ പൗരന്‍മാരാണ്, മാനവ വിഭവ ശേഷിയുടെ ശരിയായ ഉപയോഗമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ട് തങ്ങളുടെ മാനവ വിഭവശേഷി വികസിപ്പിച്ചതാണ് സമ്പന്ന രാഷ്ട്രങ്ങള്‍ ആ നില കൈവരിക്കാന്‍ കാരണം. തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താഞ്ഞ രാജ്യങ്ങള്‍ ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളാണ്. വ്യക്തിയെ സംബന്ധിച്ചായാലും രാജ്യത്തെ സംബന്ധിച്ചായാലും കുട്ടികളുടെ വിദ്യാഭ്യാസവും സമ്പത്തും തമ്മില്‍ നേരിട്ടുള്ള ഒരു ബന്ധമുണ്ട്. വളര്‍ച്ച, വികസനം, സമ്പത്ത് എന്നിവയിലേക്കുള്ള ഒരേയൊരു മാര്‍ഗമാണിന്ന് വിദ്യാഭ്യാസം.

വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന രീതിക്കും ഒരു സവിശേഷതയുണ്ട്. വിദ്യാഭ്യാസം എപ്പോഴും ഒരു രേഖീയമായ ഗതി പിന്തുടരണം. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ ആര്‍ക്കും സര്‍വകലാശാലയില്‍ പ്രവേശനം സാധ്യമല്ല. അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം കഴിയാതെ ഹൈസ്‌കൂളിലേക്കെത്താനുമാകില്ല. പ്രാഥമിക വിദ്യാഭ്യാസം നേടാതെ അപ്പര്‍ പ്രൈമറിയില്‍ എത്താനും സാധിക്കില്ല. അവിടെയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രശ്‌നം ഉള്ളതും.

നാം ഐഐടികളും ഐഐഎമ്മുകളും മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളെജുകളും നിര്‍മിക്കുകയും അവിടെ പാവപ്പെട്ടവരും സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക് ഫീസിളവുകളും പ്രത്യേക സംവരഹണ ക്വാട്ടകളും നല്‍കി ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുകയും ചെയ്യുന്നു. അതേസമയം നമ്മുടെ വിദ്യാലയങ്ങളുടെ, പ്രത്യേകിച്ച് പ്രാഥമിക വിദ്യാലയങ്ങളുടെ കാര്യം നാം വിസ്മരിക്കുന്നു. എന്നാല്‍, മികച്ച പ്രാഥമിക വിദ്യാഭ്യാസം നേടാതെ നിങ്ങള്‍ക്ക് ഐഐടി പ്രവേശനം സാധ്യമല്ല. മാന്യമായ ഒരു പ്രാഥമിക വിദ്യാലയത്തില്‍ പ്രവേശനം നേടണമെങ്കില്‍ രക്ഷിതാക്കള്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടതായി വരും. ഇത്, പാവപ്പെട്ടവരെ സംബന്ധിച്ച് താങ്ങാനാവുന്നതല്ല. അതുകൊണ്ടുതന്നെ, കുറഞ്ഞ നിലവാരത്തില്‍ വിദ്യാഭ്യാസം നല്‍കി വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ അവര്‍ ആശ്രയിക്കുന്നു. ദുര്‍ബലമായ അധ്യാപനം, നിലവാരമില്ലാത്ത അധ്യാപകര്‍, മോശം ക്ലാസ്മുറികള്‍ എന്നിവ ഇത്തരം സര്‍ക്കാര്‍ സ്‌കൂളുളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്നു. പഠനം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പുറത്താക്കപ്പെടുന്ന സാഹചര്യവും ഉണ്ട്.

കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് പിന്നില്‍ മറ്റൊരു ശക്തമായ കാരണം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിയുടെ സ്വന്തം രക്ഷകര്‍ത്താക്കളും, അവരുടെ മധ്യവര്‍ഗ തൊഴില്‍ദാതാക്കളും മിക്ക രാഷ്ട്രീയ, സാമൂഹ്യ നേതാക്കളും പാവപ്പെട്ടവരുടെ കുട്ടികളെ ജോലി ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുന്നു. അതുണ്ടാക്കുന്ന ദീര്‍ഘകാല ദുരന്തങ്ങള്‍ മനസിലാക്കാതെയാണിത്.

ശ്രദ്ധയോടെ സ്വന്തം കുട്ടികളെ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ വിദ്യാലയങ്ങളിലേക്ക് അയക്കുകയും അതേസമയം, പാവപ്പെട്ടവന്റെ കുട്ടികളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് നിരുല്‍സാഹപ്പെടുത്തുകയുമാണ് ഇന്ത്യയിലെ മധ്യവര്‍ഗവും രാഷ്ട്രീയ ഭരണ നേതാക്കളും ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവുമായി ദരിദ്രരായ രക്ഷകര്‍ത്താക്കളോട് അവരുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് എന്ത് പ്രയോജനം എന്നും ഇവര്‍ പലപ്പോഴും ആലങ്കാരികമായി ചോദിക്കുന്നു. ‘ഒന്നുമില്ല’ എന്നതാണ് ഈ ചോദ്യത്തിന്റെ പറയാതെ പറയുന്ന ഉത്തരം.

 

ബാലവേല കുട്ടികളുടെ വിദ്യാഭ്യാസം തടയുകയും വ്യക്തികളുടെയും രാഷ്ട്രത്തിന്റെയും മനുഷ്യ മൂലധനം ദുര്‍ബലമാക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസവും മാനവ വിഭവവും പ്രത്യക്ഷത്തില്‍ സമ്പത്തുമായും പരോക്ഷമായി ദാരിദ്ര്യവുമായും ബന്ധപ്പെട്ട് നില്‍ക്കുന്നു. അതിനാല്‍ ഒരു വിദ്യാഭ്യാസമില്ലാത്ത വ്യക്തി ദാരിദ്ര്യം അനുഭവിക്കുന്നയാളുമായിരിക്കും. അതേസമയം, വിദ്യാഭ്യാസമുള്ള വ്യക്തി സാധാരണയായി ദാരിദ്ര്യമനുവിക്കുന്നുണ്ടാവുകയുമില്ല.

ഒരു ലളിതമായ പരീക്ഷണം കൊണ്ട് ഇത് തെളിയിക്കാം. തിരക്ക് പിടിച്ച ഒരു പാതയോരത്ത് നിലയുറപ്പിക്കുക. ആ തിരക്കില്‍ നിന്ന് ഒരു 10 ബിരുദധാരികളെ കണ്ടെത്തുക. ഈ 10 പേരില്‍ ഒന്‍പത് പേരും പാവപ്പെട്ടവരായിരിക്കില്ല. ഇനി ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു സര്‍വെ കൂടി നടത്താം. ദരിദ്രരായ 10 പേരെയാണ് ഈ സര്‍വെയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ പത്തില്‍ ഒന്‍പത് പേരും വിദ്യാഭ്യാസമില്ലാത്തവരായിരിക്കാം. ഒടുവില്‍, ദരിദ്രരല്ലാത്ത 10 പേരെ സര്‍വെയില്‍ പങ്കെടുപ്പിക്കുക. അവരില്‍ ഒന്‍പത് പേരും വിദ്യാഭ്യാസമുള്ളവരായിരിക്കും. ഇത് സാര്‍വത്രികമായ ഒരു സത്യമാണ്. വ്യക്തികളെ സംബന്ധിച്ച് ശരിയായതെന്തും രാഷ്ട്രത്തെ സംബന്ധിച്ചും ശരിയാണ്.

നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ മാനവ വിഭവത്തെ വികസിപ്പിച്ച രാജ്യങ്ങളാണ് ഇന്നത്തെ സമ്പന്ന രാഷ്ട്രങ്ങള്‍. പ്രത്യേകിച്ച്, പ്രാഥമിക വിദ്യാഭ്യാസം. ഇത്തരം സമ്പന്ന രാഷ്ട്രങ്ങളില്‍ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക്, തക്കതായ കാരണമില്ലാതെ സ്‌കൂളില്‍ പോകാതിരിക്കല്‍, ബാലവേല എന്നിവക്കെതിരെ കടുത്ത നിയമങ്ങളുമുണ്ടായിരിക്കും.

നേരെ മറിച്ച്, ദരിദ്ര രാഷ്ട്രങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഒരു ശ്രദ്ധയും നല്‍കുന്നുമില്ല. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ശ്രദ്ധ പതിപ്പിക്കാത്തതു കൊണ്ടുതന്നെ തങ്ങളുടെ മനുഷ്യ വിഭവം വര്‍ധിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ല. തങ്ങള്‍ക്കിടയില്‍ വന്‍തോതിലുള്ള, വിദ്യാഭ്യാസമില്ലാത്ത ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ഈ ചുരുങ്ങിയ ശതമാനം വിദ്യാസമ്പന്നരായ ആളുകള്‍ക്ക് പറ്റുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ ദരിദ്രരായി തുടരുന്നു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയും അതേ ലക്ഷണമാണ് പ്രകടിപ്പിക്കുന്നത്. വിദ്യാഭ്യാസം തങ്ങള്‍ക്കും തങ്ങളുടെ വര്‍ഗത്തിനും മാത്രം ആവശ്യമായ കാര്യമാണെന്ന ശക്തമായ വിശ്വാസം ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രഭുക്കന്‍മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമുണ്ട്. പാവപ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ വിഭവങ്ങള്‍ ചെലവഴിക്കേണ്ടതില്ല എന്നും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വിഭവങ്ങളുടെ മോശം ഉപയോഗമാണെന്നുമാണ് വിശ്വാസം. ഇതിനേക്കാളും വലിയ വിഡ്ഢിത്തം നിറഞ്ഞ ചിന്ത വേറെയില്ല.

അതുകൊണ്ടുതന്നെ, ചുരുങ്ങിയത് 10 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിക്കൊണ്ടും, മതിയായ കാരണങ്ങള്‍ ഇല്ലാതെ സ്‌കൂളില്‍ പോവാതിരിക്കുന്നതിനെതിരെ ശക്തമായ നിയമം നടപ്പിലാക്കിയും ഉയര്‍ന്ന നിലവാരമുള്ള വിദ്യാലയങ്ങളില്‍ നമ്മുടെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസമൊരുക്കിയില്ല എങ്കില്‍ 130 കോടി ജനസംഖ്യയുള്ള രാജ്യത്തിന്റെ വലിയ സാധ്യതകള്‍ നേടാനാവാതെ വരും. രാജ്യം ദരിദ്രമായി തുടരുകയും ചെയ്യും.

(മുന്‍ യുഎന്‍, ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ലേഖകന്‍. രണ്ട് പതിറ്റാണ്ടോളം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ചു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider
Tags: Population