ഇന്ത്യന്‍ ഉപഭോക്തൃ ആത്മവിശ്വാസം റെക്കോര്‍ഡ് ഉയരത്തിലെത്തി

ഇന്ത്യന്‍ ഉപഭോക്തൃ ആത്മവിശ്വാസം റെക്കോര്‍ഡ് ഉയരത്തിലെത്തി

ജിഎസ്ടി നിരക്കിളവ് ഓഗസ്റ്റില്‍ ഉപഭോക്തൃ ആവശ്യകത വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി: ബിസിനസ് സാഹചര്യങ്ങളിലും വ്യക്തിഗത സമ്പാദ്യത്തിലുമുള്ള മികച്ച പ്രതീക്ഷകള്‍ മൂലം രാജ്യത്തെ ഉപഭോക്തൃ മനോഭാവം ജൂലൈയില്‍ റെക്കോഡ് ഉയരത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഉപഭോക്തൃ മനോഭാവം ജൂണിലെ 60.00 ത്തില്‍ നിന്ന് ജൂലൈയില്‍ 62.44 ലേക്ക് ഉയര്‍ന്നുവെന്ന് ജിഐസിഐ (ജെനെസിസ് ഇന്ത്യാ കണ്‍സ്യൂമര്‍ ഇന്റക്‌സ്) വ്യക്തമാക്കുന്നത്.
വ്യക്തിഗത സാമ്പത്തികം, ബിസിനസ് പശ്ചാത്തലം, വാങ്ങല്‍ സാഹചര്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഐസിഐ ഓരോ മാസവും ഉപഭോക്തൃ മനോഭാവം വ്യക്തമാക്കുന്നത്. 50ന് മുകളിലുള്ള സൂചിക ഉപഭോക്തൃ ആത്മവിശ്വാസത്തിന്റെ ഉയര്‍ച്ചയേയും 50ന് താഴെയുള്ള സൂചിക ഇടിവിനെയുമാണ് കാണിക്കുന്നത്.

ജിഐസിഐയില്‍ ജൂലൈ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ഒരേയൊരു ഘടകം നീണ്ടുനില്‍ക്കുന്ന വാങ്ങല്‍ സാചര്യമാണ്. ചരക്ക് സേവന നികുതിയില്‍ നിരക്കുകള്‍ കുറച്ചതിന്റെ പ്രയോജനം നേടുന്നതിനായി വാങ്ങലുകള്‍ നീട്ടിവെച്ചിരിക്കുകയാണെന്നാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം പ്രതികരിച്ചത്. അധ്യക്ഷനായ ജിഎസ്ടി കൗണ്‍സില്‍ ഗൃഹോപകരണങ്ങള്‍,വിവിധ കരകൗശല വസ്തുക്കള്‍,പെയ്ന്റുകള്‍ തുടങ്ങിയവയുടെ നികുതി നിരക്കുകള്‍ കഴിഞ്ഞയാഴ്ച വെട്ടിക്കുറച്ചിരുന്നു.

നിരക്കിളവിന്റെ പ്രയോജനം നേടാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുമെന്നതിനാല്‍ ഓഗസ്റ്റില്‍ ചെലവഴിക്കലില്‍ ശക്തമായ മുന്നേറ്റമാണ് ഉണ്ടാവുകയെന്ന് സര്‍വെ തയാറാക്കിയ ജെനസിസ് മാനേജ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റ് റിസര്‍ച്ച് (ജിഎംഎംആര്‍) ചീഫ് ഇക്കണോമിസ്റ്റ് ഫിലിപ് ഉഗ്‌ലൊ പറഞ്ഞു. അടുത്ത മൂന്ന് മാസത്തില്‍ രാജ്യത്ത് യാത്രയിലുള്ള ആഭ്യന്തര ചെലവിടല്‍ 1.65 ട്രില്യണ്‍ രൂപയായിരിക്കുമെന്നും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വലിയൊരു ഭാഗമാണിതെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രയ്ക്കുള്ള അന്താരാഷ്ട്ര ചെലവിടല്‍ 1.2 ട്രില്യണ്‍ രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്.

Comments

comments

Categories: FK News, Slider
Tags: Consumer