ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര വക

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര വക

ഇലക്ട്രിക് കെയുവി 100 അടുത്ത വര്‍ഷം വിപണിയിലെത്തും

ന്യൂഡെല്‍ഹി : ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി അടുത്ത വര്‍ഷം പുറത്തിറക്കും. മഹീന്ദ്ര ഇലക്ട്രിക് കെയുവി 100 അഥവാ ഇകെയുവി 100 ആയിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവി. 2019 മെയ്/ജൂണ്‍ മാസങ്ങളില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതി. കെയുവി 100 വാഹനത്തെ വൈദ്യുതീകരിക്കുകയാണെന്ന് 2017 ല്‍ പവന്‍ ഗോയങ്ക വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വാഹന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര ഇലക്ട്രിക്. മഹീന്ദ്ര ഇ2ഒ പ്ലസ്, മഹീന്ദ്ര ഇ-വെരിറ്റോ എന്നിവയാണ് കാറുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ചാകണ്‍ പ്ലാന്റില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് പവര്‍ട്രെയ്ന്‍ വികസിപ്പിക്കുന്നതിന് മഹീന്ദ്ര ഇലക്ട്രിക് പ്ലാന്റ് വിപുലീകരിക്കുകയും ചെയ്യും.

നിലവില്‍ മാസംതോറും 500 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര നിര്‍മ്മിക്കുന്നത്. 2019 തുടക്കത്തോടെ ഇരട്ടിയായി, ആയിരം യൂണിറ്റായി ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യം പൂര്‍ണ്ണമായും പാകപ്പെട്ടാല്‍ 2020 ഓടെ ഓരോ മാസവും 5,000 ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനും ആലോചിക്കുന്നു. ഏഴ് വര്‍ഷം മുമ്പ് രേവ ബ്രാന്‍ഡ് ഏറ്റെടുത്തതോടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന യാത്ര ആരംഭിച്ചത്. ഇതിനകം ഇന്ത്യയില്‍ നാലായിരത്തിലധികം ഇലക്ട്രിക് കാറുകള്‍ വിറ്റു. ഇലക്ട്രിക് വാഹന (ഇവി) ബിസിനസ്സില്‍ ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രാധാന്യമേറുന്നതോടെ കൂടുതല്‍ നിക്ഷേപം നടത്തും.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര ഇ-വെരിറ്റോ ഇലക്ട്രിക് സെഡാനില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്താനാണ് മഹീന്ദ്ര ആലോചിക്കുന്നത്. ഇഇഎസ്എല്‍ ടെന്‍ഡറിന്റെ ഭാഗമായി നിലവില്‍ ഈ വാഹനം കേന്ദ്ര സര്‍ക്കാരിന് വിതരണം ചെയ്തിട്ടുണ്ട്. വെരിറ്റോ സെഡാന്‍ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര ഇ-വെരിറ്റോ സെഡാന്‍ നിര്‍മ്മിച്ചത്. പരിമിത എണ്ണം ഇ-വെരിറ്റോ മാത്രം വിറ്റുപോകുന്നതിനാല്‍ വാഹനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മഹീന്ദ്ര തയ്യാറായിരുന്നില്ല. കഴിഞ്ഞ കുറേക്കാലമായി വാഹനം പരിഷ്‌കരിക്കാനും മഹീന്ദ്ര താല്‍പ്പര്യം കാണിച്ചില്ല. എന്നാല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഓള്‍-ന്യൂ മഹീന്ദ്ര ഇ-വെരിറ്റോ വൈകാതെ പ്രതീക്ഷിക്കാം.

മഹീന്ദ്ര മറാസോ എംപിവിയുടെ പേരിടല്‍ ചടങ്ങിനിടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പുതിയ ഇ-വെരിറ്റോ വൈകാതെ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാറില്‍ വമ്പന്‍ മാറ്റങ്ങള്‍ കാണാമെന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും രാജന്‍ വധേര വ്യക്തമാക്കി. ഓള്‍-ന്യൂ ഇലക്ട്രിക് കാറിന്റെ പ്രവര്‍ത്തനങ്ങളും മഹീന്ദ്ര ആരംഭിച്ചതായാണ് മനസ്സിലാകുന്നത്. 2020 ല്‍ ഈ വാഹനം അരങ്ങേറ്റം നടത്തും. ടിയുവി 300, സ്‌കോര്‍പിയോ, എക്‌സ്‌യുവി 500 എന്നീ നിലവിലെ എസ്‌യുവികളില്‍ ഒരു വാഹനത്തിന്റെയെങ്കിലും ഓള്‍-ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കുമോയെന്ന ആകാംക്ഷ വ്യാപകമാണ്.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുന്നതിന് എല്ലാ വാഹന നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ 2020 ല്‍ പുറത്തിറക്കുമെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചിരുന്നു. ഹ്യുണ്ടായ് 2019 ല്‍ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കും. ലീഫ് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യം ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ പരിഗണിക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ് പ്രത്യേക ഇലക്ട്രിക് വാഹന ഡിവിഷന്‍ ആരംഭിച്ചു. എന്തായാലും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ മഹീന്ദ്രയ്ക്ക് മേല്‍കൈ ഉണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്.

Comments

comments

Categories: Auto
Tags: Mahindra