ഡിസൈന്‍ ഭാഷ ഡാറ്റ്‌സണ്‍ പൂര്‍ണ്ണമായും മാറ്റുന്നു

ഡിസൈന്‍ ഭാഷ ഡാറ്റ്‌സണ്‍ പൂര്‍ണ്ണമായും മാറ്റുന്നു

സ്വന്തം കാറുകള്‍ കൂടുതല്‍ ആധുനികവും കൂടുതല്‍ പ്രസക്തവുമാക്കും

ന്യൂഡെല്‍ഹി : ഡാറ്റ്‌സണ്‍ തങ്ങളുടെ ഡിസൈന്‍ ഭാഷ പൂര്‍ണ്ണമായും മാറ്റുന്നു. ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം എന്ന മട്ടിലുള്ളതാണ് ഡാറ്റ്‌സണ്‍ കാറുകളുടെ നിലവിലെ ഡിസൈന്‍. ഈ ഡിസൈന്‍ ഭാഷ പൂര്‍ണ്ണമായി നവീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഡാറ്റ്‌സണ്‍. അടുത്ത വര്‍ഷം പുതിയ ഡിസൈന്‍ ഭാഷ പ്രത്യക്ഷപ്പെടും.

വികസ്വര വിപണികളിലേക്കുള്ള നിസാന്റെ ബജറ്റ് ബ്രാന്‍ഡാണ് ഡാറ്റ്‌സണ്‍. ഗോ എന്ന ആദ്യ പുതിയ കാര്‍ ഇന്ത്യയില്‍ ആഗോള അനാവരണം ചെയ്തുകൊണ്ട് 2013 ലാണ് ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് റീലോഞ്ച് ചെയ്തത്. 2014 ല്‍ ഡാറ്റ്‌സണ്‍ ഗോ വിപണിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗോ പ്ലസ്, റെഡിഗോ മോഡലുകള്‍ പുറത്തിറക്കി മാരുതി സുസുകി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി.

സ്വന്തം കാറുകള്‍ കൂടുതല്‍ ആധുനികവും കൂടുതല്‍ പ്രസക്തവുമാക്കാനാണ് ഡാറ്റ്‌സണ്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. നിലവിലെ ഡിസൈനില്‍ ഡാറ്റ്‌സണ്‍ വലിയ മാറ്റം വരുത്തും. ഡാറ്റ്‌സണില്‍ സ്വാഭാവിക മാറ്റങ്ങള്‍ സംഭവിക്കുന്നതായി നിസാന്‍ എക്‌സിക്യൂട്ടീവ് ഡിസൈന്‍ ഡയറക്റ്റര്‍ അല്‍ഫോണ്‍സോ അല്‍ബൈസ പറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ ഡാറ്റ്‌സണ്‍ കാറുകള്‍ വരുന്നത്. പൂര്‍ണ്ണമായും പുതിയ ഡിസൈന്‍ ഭാഷ സൃഷ്ടിച്ചതായി അദ്ദേഹം അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടീസര്‍ പുറത്തിറക്കും.

നിലവിലെ ഡിസൈന്‍ ഭാഷയേക്കാള്‍ കൂടുതല്‍ കരുത്തുറ്റ, കായബലമുള്ള, കൂടുതല്‍ ‘ഡൈനാമിക് പ്യൂരിറ്റി’യുള്ള ഡിസൈന്‍ ഭാഷയായിരിക്കും പുതിയത്. പുതിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതോടെ ഡാറ്റ്‌സണ്‍ കാറുകള്‍ കൂടുതല്‍ വിശാലവും ഭാരം കുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമായിരിക്കും. പുതിയ ഡിസൈന്‍ ഭാഷയനുസരിച്ചുള്ള കണ്‍സെപ്റ്റുകള്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Datsun