ബാങ്കുകളുടെ വായ്പാ വളര്‍ച്ച ഇരട്ടിയിലധികം ഉയര്‍ന്നതായി ആര്‍ബിഐ

ബാങ്കുകളുടെ വായ്പാ വളര്‍ച്ച ഇരട്ടിയിലധികം ഉയര്‍ന്നതായി ആര്‍ബിഐ

റീട്ടെയ്ല്‍ വിഭാഗത്തിലെ ബാങ്ക് വായ്പയില്‍ 17.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ജൂണ്‍ മാസം രാജ്യത്തെ ബാങ്കുകളില്‍ വായ്പാ വളര്‍ച്ചയുടെ വേഗം ഇരട്ടിയിലധികം ഉയര്‍ന്നിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോര്‍ട്ട്. സേവന, റീട്ടെയ്ല്‍ വിഭാഗത്തില്‍ നിന്നുള്ള വായ്പ വര്‍ധിച്ചതാണ് ഇതിനുള്ള കാരണമായി ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്.

ഭക്ഷ്യേതര വിഭാഗത്തിലെ ബാങ്ക് വായ്പയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.1 ശതമാനം വര്‍ധനയാണ് ജൂണില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2017 ജൂണില്‍ ഈ വിഭാഗത്തിലെ ബാങ്ക് വായ്പയില്‍ 4.8 ശതമാനം വര്‍ധനയാണുണ്ടായിരുന്നതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണില്‍ സേവന മേഖലയിലെ വായ്പാ വളര്‍ച്ച 23.3 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 4.7 ശതമാനം വായ്പാ വളര്‍ച്ച അനുഭവപ്പെട്ട സ്ഥാനത്താണിത്. സേവന മേഖലയിലെ വായ്പാ വളര്‍ച്ചയുടെ ഭൂരിഭാഗം പങ്കുവഹിക്കുന്നത് പ്രൊഫഷണല്‍ സേവന വിഭാഗത്തില്‍ അനുവദിച്ചിട്ടുള്ള വായ്പയാണെന്നാണ് ആര്‍ബിഐ പറയുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന മുദ്ര വായ്പയാണ് ഇതില്‍ അധികവും.

റീട്ടെയ്ല്‍ വിഭാഗത്തിലെ ബാങ്ക് വായ്പയില്‍ 17.9 ശതമാനം വര്‍ധനയാണ് ജൂണില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമിത് 14.1 ശതമാനമായിരുന്നു. റീട്ടെയ്ല്‍ വായ്പകളില്‍ കൂടുതലും ഭവന വായ്പകളും ഈട് ആവശ്യമില്ലാത്ത (അണ്‍ സെക്വേര്‍ഡ്) വായ്പകളും ക്രെഡിറ്റ് കാര്‍ഡ് ഔട്ട്‌സ്റ്റാന്‍ഡിംഗുമാണ്. കാര്‍ഷിക വിഭാഗത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ചിട്ടുള്ള വായ്പയില്‍ ഈ വര്‍ഷം 6.5 ശതമാനം വര്‍ധനയുണ്ടായി. മുന്‍ വര്‍ഷം ഈ വിഭാഗത്തിലെ വായ്പാ വളര്‍ച്ച 7.5 ശതമാനമായിരുന്നു.

വ്യവസായിക മേഖലയിലേക്കുള്ള വായ്പയില്‍ ഈ വര്‍ഷം ജൂണില്‍ 0.9 ശതമാനത്തിന്റെ ചെറിയ വര്‍ധന അനുഭവപ്പെട്ടതായും ആര്‍ബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വായ്പയില്‍ 1.1 ശതമാനം ഇടിവുണ്ടായിരുന്നു. ടെക്‌സ്റ്റൈല്‍സ്, എന്‍ജിനീയറിംഗ്, ഭക്ഷ്യസംസ്‌കരണം, രാസവളം, സിമെന്റ് തുടങ്ങിയ ഉപമേഖലകളിലേക്കുള്ള വായ്പയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലോഹങ്ങള്‍, നിര്‍മാണം, വജ്രം-ജുവല്‍റി എന്നീ മേഖലകളിലേക്കുള്ള വായ്പയില്‍ ഇടിവുണ്ടായി.

Comments

comments

Categories: Banking