ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന് നഷ്ടം 1902 കോടി രൂപ

ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന് നഷ്ടം 1902 കോടി രൂപ

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 1902.4 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 3,199 കോടി രൂപ അറ്റാദായം നേടിയ സ്ഥാനത്താണിത്. അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) വരുത്തിവെച്ച നഷ്ടവും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതുമാണ് നഷ്ടം നേരിടാനുണ്ടായ കാരണങ്ങളെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഏതെങ്കിലുമൊരു സാമ്പത്തിക പാദത്തില്‍ ടാറ്റ മോട്ടോഴ്‌സ് നഷ്ടം നേരിടുന്നത്. ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 210 മില്യണ്‍ പൗണ്ട് (ഏകദേശം 1900 കോടി ഇന്ത്യന്‍ രൂപ) നഷ്ടമാണ് വരുത്തിവെച്ചത്. ചൈന കഴിഞ്ഞ മാസം ഇറക്കുമതി തീരുവകള്‍ കുറച്ചതും യുകെയിലും യൂറോപ്പിലും തുടരുന്ന ‘ഡീസല്‍ ആശങ്കകളും’ മറ്റുമാണ് ജെഎല്‍ആറിന്റെ നഷ്ടത്തിന് കാരണങ്ങളെന്ന് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ യാത്രാ, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജൂണ്‍ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സ് 1187.65 കോടി രൂപയുടെ അറ്റാദായം നേടി. തൊട്ടു മുന്‍ സാമ്പത്തിക പാദമായ 2018 ജനുവരിമാര്‍ച്ച് പാദത്തില്‍ 463.14 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ജൂണ്‍ പാദത്തില്‍ 16,592.33 കോടി രൂപയുടെ വില്‍പ്പന കൈവരിച്ചു. 63 ശതമാനം വളര്‍ച്ച. 65,975.78 കോടി രൂപയുടെ വരുമാനം നേടാന്‍ കഴിഞ്ഞു. 12.2 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ (2017 ഏപ്രില്‍ജൂണ്‍) നേടിയ വരുമാനം 58,755.07 കോടി രൂപയായിരുന്നു.

ടേണ്‍എറൗണ്ട് 2.0 പദ്ധതിയിലൂടെ ഇന്ത്യയിലെ ബിസിനസ്സില്‍ നേടിയ പുരോഗതി വളരെയധികം സന്തോഷം പകരുന്നതാണെന്ന് എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. വാണിജ്യ വാഹന, യാത്രാ വാഹന വിഭാഗങ്ങളില്‍ ലാഭം വര്‍ധിപ്പിക്കുന്നതിനും വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിനും സാധിച്ചു. 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചില്ലറ വില്‍പ്പന 1,45,510 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 5.9 ശതമാനം വര്‍ധന. റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ജാഗ്വാര്‍ ഇപേസ് കാറുകള്‍ കൂടുതലായി വിറ്റുപോയത് നേട്ടമായി. എന്നാല്‍ ചൈനയിലെ വില്‍പ്പനയില്‍ തിരിച്ചടി നേരിട്ടു.

ആദ്യ പാദത്തില്‍ 5.2 ബില്യണ്‍ പൗണ്ട് (ഏകദേശം 4673 കോടി ഇന്ത്യന്‍ രൂപ) വരുമാനമാണ് ജെഎല്‍ആര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 6.7 ശതമാനം കുറവാണിത്. മൊത്ത വില്‍പ്പന കുറഞ്ഞതും പുതിയ ഇറക്കുമതി തീരുവ പ്രാബല്യത്തിലായ ജൂലൈ ഒന്നിന് മുമ്പ് ചൈനയില്‍ ഇളവുകള്‍ വാരിക്കോരി നല്‍കിയതുമാണ് യുകെ ബ്രാന്‍ഡിനെ ബാധിച്ചത്.

ബ്രെക്‌സിറ്റ്, യുകെയിലെ അധിക ഡീസല്‍ നികുതികള്‍ എന്നിവയും മോശം പ്രകടനത്തിന് കാരണമായതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റാല്‍ സ്‌പെത്ത് പറഞ്ഞു. പുതിയ വാഹനങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കുമായി നിക്ഷേപം നടത്തുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാമ്പത്തിക പാദത്തില്‍ 1.1 ബില്യണ്‍ പൗണ്ട് (ഏകദേശം 989 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപമാണ് നടത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 4.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തും.

 

 

 

 

 

 

Comments

comments

Tags: Tata motors