സോളാര്‍ പാനല്‍ ഇറക്കുമതിക്ക് സുരക്ഷാ നികുതി ഏര്‍പ്പെടുത്തി

സോളാര്‍ പാനല്‍ ഇറക്കുമതിക്ക് സുരക്ഷാ നികുതി ഏര്‍പ്പെടുത്തി

 

സോളാര്‍ പ്രോജക്റ്റുകളുടെ നിരക്ക് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ന്യൂഡെല്‍ഹി: ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകള്‍ക്ക് സുരക്ഷാ നികുതി ചുമത്താനുള്ള ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമെഡിസിന്റെ (ഡിജിടിആര്‍) ശുപാര്‍ശ അംഗീകരിച്ചതായി വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. ഇതുമൂലം ഭാവിയില്‍ സോളാര്‍ പ്രോജക്റ്റുകളുടെ നിരക്ക് ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ സോളാര്‍ പ്രോജക്റ്റുകളില്‍ ഉപയോഗിക്കുന്ന 90 ശതമാനത്തിലധികവും പാനലുകളും മൊഡ്യുളുകളും ചൈനയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയ്ക്ക് 25 ശതമാനം സുരക്ഷാ നികുതി ഏര്‍പ്പെടുത്തണമെന്ന് രണ്ടാഴ്ച മുന്‍പ് ഡിജിടിആര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഇറക്കുമതി ആഭ്യന്തര സോളാര്‍ നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നികുതി വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം സ്വീകരിച്ചത്. മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 30 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഉയര്‍ന്ന ഇറക്കുമതിയും തദ്ദേശ നിര്‍മാതാക്കളുടെ നഷ്ടവും സംബന്ധിച്ച് ഇന്ത്യന്‍ സോളാര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനില്‍ (ഐഎസ്എംഎ) നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിടിആര്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ഡിസംബറില്‍ അന്വേഷണം നടത്തിയിരുന്നു. 2014-15ലെ ഇന്ത്യന്‍ സോളാര്‍ പ്രോജക്റ്റുകളില്‍ തദ്ദേശിയമായി നിര്‍മിച്ച സോളാര്‍ സെല്ലുകളും പാനലുകളും വെറും 10 ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അന്വേഷത്തില്‍ ഡിജിടിആര്‍ കണ്ടെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ഈ ഇടിവ് വര്‍ധിച്ചുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രാദേശികമായി നിര്‍മിക്കുന്നതിനേക്കാള്‍ വിലക്കുറവുള്ളതിനാലാണ് ചൈനീസ്, മലേഷ്യന്‍ സോളാര്‍ പാനലുകള്‍ക്ക് ഡെവലപ്പര്‍മാര്‍ മുന്‍ഗണന നല്‍കുന്നത്.
അതേസമയം നികുതി വര്‍ധനവിനെതിരെ സോളാര്‍ ഡെവലപ്പര്‍മാര്‍ ശക്തമായ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. 2022 ഓടെ 100,000 മെഗാവാട്ട് സോളാര്‍ ശേഷി ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പദ്ധതിയെ ഈ തീരുമാനം കാര്യമായി ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്. പ്രാദേശിക നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ശേഷി ഇല്ലെന്നും ഡെവലപ്പര്‍മാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ യൂണിറ്റിന് 2.75 രൂപയാണ് സോളാര്‍ നിരക്ക്. എന്നാല്‍ സുരക്ഷാ നികുതി മൂലം അതില്‍ കുറഞ്ഞത് 50 പൈസയുടെ വര്‍ധനവുണ്ടാകുമെന്നാണ് ഡെവലപ്പര്‍മാര്‍ പറയുന്നത്.

Comments

comments

Categories: FK News
Tags: Solar panel

Related Articles