വിപണി മൂല്യത്തില്‍ ടിസിഎസിനെ പിന്നിലാക്കി റിലയന്‍സ് മുന്നില്‍

വിപണി മൂല്യത്തില്‍ ടിസിഎസിനെ പിന്നിലാക്കി റിലയന്‍സ് മുന്നില്‍

റിലയന്‍സിന്റെ പ്രതി ഓഹരി വില 1,230 രൂപയിലെത്തുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം

മുംബൈ: വിപണി മൂല്യത്തില്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) വീണ്ടും മുന്നില്‍. ഏപ്രില്‍ മുതലുള്ള കാലയളവിനിടെ ഇതാദ്യമായാണ് ആര്‍ഐഎല്‍ ടിസിഎസിനെ മറികടക്കുന്നത്.

ഇന്നലെ വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റിലയന്‍സ് ഓഹരികളുടെ മൂല്യം 2.6 ശതമാനം വര്‍ധിച്ച് 1,179.90 കോടി രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 7.41 ലക്ഷം കോടി രൂപയിലെത്തി. ഈ സമയത്ത് 7.39 ലക്ഷം കോടി രൂപയായിരുന്നു ടിസിഎസിന്റെ വിപണി മൂല്യം. 2.84 ശതമാനം ഉയര്‍ന്ന് 1184.15 രൂപയ്ക്കാണ് ഇന്നലെ ആര്‍ഐഎല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ് ഓഹരികള്‍ 0.12 ശതമാനം വര്‍ധിച്ച് 1947 രൂപയ്ക്കും വ്യാപാരം അവസാനിപ്പിച്ചു.

തുടര്‍ച്ചയായി മൂന്ന് വ്യാപാര സെഷനുകളിലായി ഉയര്‍ന്ന മൂല്യത്തിലാണ് റിലയന്‍സ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഈ മൂന്ന് വ്യാപാര സെഷനുകളിലുമായി ഏകദേശം ആറ് ശതമാനത്തിന്റെ നേട്ടമാണ് ആര്‍ഐഎല്ലിന്റെ ഓഹരി മൂല്യത്തിലുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ മികച്ച സാമ്പത്തിക പ്രകടനമാണ് റിലയന്‍സിന് ഓഹരി വിപണിയില്‍ കരുത്ത് പകര്‍ന്നത്. ആദ്യ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ് (അഞ്ച് ബില്യണ്‍ ഡോളറിലധികം) കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 9,459 കോടി രൂപയിലെത്തിയിരുന്നു. ജിയോ, പെട്രോകെമിക്കല്‍, റീട്ടെയ്ല്‍ ബിസിനസുകളില്‍ നിന്നാണ് കമ്പനി കൂടുതല്‍ ലാഭം കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.
ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ മൊത്തം 28 ശതമാനം വര്‍ധനയാണ് ആര്‍ഐഎല്ലിന്റെ ഓഹരി മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്. കണ്‍സ്യൂമര്‍, പെട്രോകെമിക്കല്‍ ബിസിനസ് വിഭാഗത്തില്‍ നിന്നുള്ള മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ റിലയന്‍സ് ഓഹരികള്‍ വീണ്ടും നേട്ടം കൊയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. റിലയന്‍സിന്റെ പ്രതി ഓഹരി വില 1,230 രൂപയിലെത്തുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. വരിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ ശക്തമായ മുന്നേറ്റം നടത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Relaince