പുതിയ ഡിസൈന്‍ ഭാഷ ടാറ്റയുടെ തലവര മാറ്റും

പുതിയ ഡിസൈന്‍ ഭാഷ ടാറ്റയുടെ തലവര മാറ്റും

ഇംപാക്റ്റ് ഡിസൈന്‍ 2.0 ഡിസൈന്‍ ഫിലോസഫിയിലൂടെ ലോകം കീഴടക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ പടപ്പുറപ്പാട്

ന്യൂഡെല്‍ഹി : എച്ച്5എക്‌സ് എന്ന പുതിയ എസ്‌യുവി കണ്‍സെപ്റ്റിന് ഈയിടെയാണ് ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ എന്ന പേരുചൊല്ലി വിളിച്ചത്. ഒമേഗ ആര്‍ക്കിടെക്ച്ചര്‍ എന്ന് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ വിളിക്കുന്ന ലാന്‍ഡ് റോവറിന്റെ പരിഷ്‌കരിച്ച പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ എച്ച്5എക്‌സ് കണ്‍സെപ്റ്റ് അനാവരണം ചെയ്തപ്പോള്‍ വാഹന പ്രേമികളാകെ അത്ഭുതപരതന്ത്രരായി. ആരെയും ഞെട്ടിക്കുന്ന, അതിഗംഭീര രൂപകല്‍പ്പനയിലാണ് എച്ച്5എക്‌സ് അന്നാദ്യമായി ദര്‍ശനം നല്‍കിയത്. എച്ച്5എക്‌സ് കൂടാതെ 45എക്‌സ് എന്ന അടുത്ത എസ്‌യുവിയും കണ്ടതോടെ ഒരു കാര്യം പിടികിട്ടി. ടാറ്റ പഴയ ടാറ്റയല്ലെന്ന്. ഇംപാക്റ്റ് ഡിസൈന്‍ 2.0 എന്ന പുതിയ ഡിസൈന്‍ ഫിലോസഫിയിലൂടെ ലോകം കീഴടക്കാന്‍ തന്നെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ പടപ്പുറപ്പാട് എന്ന് ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ മനസ്സിലാക്കിത്തന്നു.

സവിശേഷ രൂപകല്‍പ്പനകളാണ് പുതിയ രണ്ട് എസ്‌യുവികളെയും ആകര്‍ഷകമാക്കുന്നത്. പുതു തലമുറ ടാറ്റ വാഹനങ്ങളാണ് ഇനി നമുക്ക് നിരത്തുകളില്‍ കാണാനാവുക. ടാറ്റ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ നോച്ച്ബാക്ക്, ഹെക്‌സ എസ്‌യുവി എന്നിവയില്‍ കണ്ട ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിയുടെ തുടര്‍ച്ചയാണ് ഇംപാക്റ്റ് ഡിസൈന്‍ 2.0 എന്ന പുതിയ ഡിസൈന്‍ ഭാഷ. സെഗ്‌മെന്റ് ലീഡിംഗ് വീല്‍ സൈസുകളാണ് ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ ടാറ്റ കാറുകളുടെ ഒരു പ്രത്യേകത. 2018 ഹാരിയറിന്റെ പരീക്ഷണ വാഹനത്തിന് 18 ഇഞ്ച് ചക്രങ്ങളാണ് നല്‍കിയിരിക്കുന്നത്. സെഗ്‌മെന്റില്‍ വലിയ ചക്രങ്ങളുള്ള വാഹനങ്ങളിലൊന്നായിരിക്കും ടാറ്റ ഹാരിയര്‍.

നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്‌സ വാഹനങ്ങളില്‍ കണ്ട ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിയുടെ തുടര്‍ച്ചയാണ് ഇംപാക്റ്റ് ഡിസൈന്‍ 2.0

ഫെന്‍ഡറുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെ ടാറ്റ കാറുകളുടെ റോഡ് പ്രസന്‍സ് ഇനി നല്ല പോലെ വര്‍ധിക്കും. ഇംപാക്റ്റ് ഡിസൈന്‍ 2.0 യുടെ മറ്റൊരു മേന്‍മയാണിത്. പുതിയ കാറുകളില്‍ ടാറ്റയുടേതായ ഹ്യുമാനിറ്റി ലൈന്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ പ്രധാനപ്പെട്ട ഡിസൈന്‍ ഘടകമാണ്. ടാറ്റ ഹാരിയറില്‍ ഇത് 3ഡി അവതാരം കൈക്കൊണ്ടിരിക്കുന്നു. ടാറ്റ കാറുകളുടെ ഇപ്പോഴത്തെ ഡിസൈന്‍ നയനാനന്ദകരവും ‘ബഹള’ങ്ങളില്ലാത്തതുമാണെന്ന് ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ് ബോസ് പറഞ്ഞു. ന്യൂ-ജെന്‍ ടാറ്റ വാഹനങ്ങളില്‍ കസ്റ്റമൈസേഷന്‍ സൗകര്യമുണ്ടായിരിക്കും. പുതിയ ഡിസൈന്‍ ഭാഷ സ്വീകരിച്ച ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ സഞ്ചരിക്കുന്നത് ശരിയായ വഴിയിലൂടെതന്നെയാണ്.

Comments

comments

Categories: Auto