വൈദ്യുതി വാങ്ങാനാളില്ല; ജെഎസ്ഡബ്ല്യു എനര്‍ജി ഗ്രൂപ്പ് കാപ്റ്റീവിലേക്ക്

വൈദ്യുതി വാങ്ങാനാളില്ല; ജെഎസ്ഡബ്ല്യു എനര്‍ജി ഗ്രൂപ്പ് കാപ്റ്റീവിലേക്ക്

സഞ്ജയ് ജിണ്ടാല്‍ നേതൃത്വം നല്‍കുന്ന ജെഎസ്ഡബ്ല്യു എനര്‍ജിയുടെ കര്‍ണാടകയിലെ 860 മെഗാവാട്ടിന്റെ വിജയനഗര്‍ പവര്‍ പ്ലാന്റിനെ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി വാണിജ്യ ഉപഭോക്താക്കളുടെ സംയുക്ത ഉപയോഗത്തിനായുള്ള (ഗ്രൂപ്പ് കാപ്റ്റീവ്) സംരംഭമാക്കി പരിവര്‍ത്തനപ്പെടുത്തിയേക്കും. ജിണ്ടാല്‍ ഗൂപ്പിന് കീഴിലുള്ള സ്റ്റീല്‍ യൂണിറ്റിന് ഊര്‍ജ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് നിര്‍ദിഷ്ട പരിവര്‍ത്തനത്തിന് കമ്പനി തയ്യാറെടുക്കുന്നത്.

സജീവമായി ഊര്‍ജോല്‍പ്പാദനം നടന്നു വരുന്ന ഈ യൂണിറ്റ് ഏറെ മാസങ്ങളായി ഉപഭോക്താക്കളുടെ ക്ഷാമം നേരിടുന്നുണ്ട്. കര്‍ണാടക പവര്‍ കോര്‍പ്പറേഷന്റെ (കെപിസിഎല്‍) ഹസ്വകാല വില്‍പ്പന കരാര്‍ മേയില്‍ അവസാനിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 55 ശതമാനത്തോളം കുറഞ്ഞ പ്ലാന്റ് ലോഡ് ഫാക്റ്ററിലാണ് (പരമാവധി ഉല്‍പ്പാദന ശേഷിയും ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം) കമ്പനി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷവും സമാനമായ പ്രശ്‌നം കമ്പനി അഭിമുഖീകരിച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കുറഞ്ഞ ഉപയോഗവും മറ്റും മൂലം കമ്പനിയുടെ പ്രവര്‍ത്തന ലാഭം 11 ശതമാനം ഇടിഞ്ഞ് 776 കോടി രൂപയില്‍ എത്തിയിരുന്നു.

മുന്നോട്ടും സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാനാവില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സംസ്ഥാനത്തിന് ആവശ്യമായി വന്ന വൈദ്യുതിയുടെ 70 ശതമാനവും ജലവൈദ്യുത, സൗരോര്‍ജ, പവനോര്‍ജ പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിച്ചു. 100 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗിക്കാവുന്ന പദ്ധതികള്‍ കൂടി കമ്മീഷന്‍ ചെയ്യാനിരിക്കെ താപോര്‍ജ മേഖലക്ക് മുന്നില്‍ കാര്യമായ സാധ്യതകളില്ല. 12,452 മെഗാവാട്ട് സൗരോര്‍ജ ശേഷിയാണ് കര്‍ണാടക ഇതിനകം കൈവരിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Jsw energy