കിക്കി ഡാന്‍സ് ചലഞ്ച്; മുന്നറിയിപ്പുമായി പൊലീസ്

കിക്കി ഡാന്‍സ് ചലഞ്ച്; മുന്നറിയിപ്പുമായി പൊലീസ്

ജയ്പൂര്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കിക്കി ഡാന്‍സ് ചലഞ്ച് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് പൊലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി കിക്കി ഡുയു ലവ് മീ എന്ന പാട്ടിനനുസരിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന രീതിക്കാണ് കിക്കി ഡാന്‍സ് ചലഞ്ച് എന്നുപറയുന്നത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും പരാതികളും പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി പൊലീസ് സേനാ വകുപ്പുകള്‍ ഡാന്‍സിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

നിരവധി അപകടങ്ങളാണ് കിക്കി ഡാന്‍സ് ചലഞ്ച് വരുത്തിവെച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. യുവാക്കളാണ് കൂടുതലായും ഇത് അനുകരിക്കുന്നത്. റോഡില്‍ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ നൃത്തം ചെയ്യുന്നത് സ്വയം അപകടമുണ്ടാക്കാനോ മറ്റുള്ളവരെ അപകടപ്പെടുത്താനോ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ ചലഞ്ചില്‍ നിന്നും പിന്തിരിയണമെന്നും പൊലീസ് സേന സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കിക്കി ഡാന്‍സ് ചെയ്യുന്ന വീഡിയോകളും അപകടമുണ്ടാവുന്ന ദൃശ്യങ്ങളും സഹിതമാണ് പൊലീസിന്റെ മുന്നറിയിപ്പ്.

രാജ്യവ്യാപകമായി പൊലീസ് കിക്കി ഡാന്‍സ് നിരോധിച്ചുവരികയാണ്. ഇന്ത്യയില്‍ മുംബൈ, ജയ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയയിടങ്ങളില്‍ പൊലീസ് കിക്കിക്കെതിരായി ട്വീറ്റ് ചെയ്തു.

കനേഡിയന്‍ പോപ്പ്ഗായകനായ ഡ്രേക്കിന്റെ കിക്കി ഡുയു ലവ് മീ എന്ന ഗാനത്തിനാണ് നൃത്തം വെക്കുന്നത്. അമേരിക്കന്‍ ഹാസ്യാവതരകനായ ഷിഗ്ഗിയാണ് ഈ പാട്ടിനനുസരിച്ച് റോഡില്‍ നൃത്തം ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പലരും ഇതിനെ അനുകരിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ നിരവധി ബോളിവുഡ് താരങ്ങളും കിക്കി ചലഞ്ചില്‍ പങ്കെടുത്തു.

കാറിനൊപ്പം നടന്ന് നൃത്തം ചെയ്ത് കാറിനുള്ളിലേക്ക് തന്നെ തിരിച്ച് കയറിയ നിരവധിപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. യുഎഇയിലും കിക്കി ഡാന്‍സ് ചലഞ്ചിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. പൊലീസും ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News, Women