ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 12% കുറവ്

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 12% കുറവ്

ന്യൂഡെല്‍ഹി: മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 12 ശതമാനം കുറവ് വന്നതായി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യ ഇറാനിയന്‍ എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

ജൂണ്‍ മാസത്തില്‍ പ്രതിദിനം ശരാശരി 664,000 ബാരല്‍ ഇറാനിയന്‍ എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികള്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. 2017 ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറാനിയന്‍ എണ്ണ ഇറക്കുമതി ഇപ്പോഴും ഉയര്‍ന്ന തലത്തിലാണെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നത്. 2017 ജൂണില്‍ 1.9 മില്യണ്‍ ടണ്‍ ക്രൂഡ് എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം ജൂണില്‍ 2.82 മില്യണ്‍ ടണ്‍ ഇറാനിയന്‍ ക്രൂഡിനാണ് ഓര്‍ഡര്‍ നല്‍കിയത്. ഏപ്രില്‍ജൂണ്‍ പാദം മൊത്തമായി കണക്കിലെടുക്കുമ്പോല്‍ പ്രതിദിനം ശരാശരി 715,600 ബാരല്‍ ഇറാനിയന്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മാര്‍ച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതിയില്‍ 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍ ഇന്ത്യന്‍ റിഫൈനറികളാണ്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും യുഎസ് പിന്മാറിയതോടെ ഇറാനിയന്‍ എണ്ണ ഇറക്കുമതി സ്വയം കുറച്ചുകൊണ്ടുവരികയാണ് ഇന്ത്യയിലെ എണ്ണ കമ്പനികള്‍.

 

Comments

comments