256.50 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി ഐഡിയ

256.50 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി ഐഡിയ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ (ഏപ്രില്‍-ജൂണ്‍) പ്രകടന ഫലം ഐഡിയ സെല്ലുലാര്‍ പുറത്തുവിട്ടു. വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനത്തിനു മുന്‍പുള്ള കമ്പനിയുടെ അവസാന സാമ്പത്തിക ഫലമാണ്. മൊത്തം 256.50 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് ജൂണ്‍ പാദത്തില്‍ കമ്പനിക്ക് രേഖപ്പെടുത്താനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 814.90 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 962.20 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ നഷ്ടം.
മൊബീല്‍ ടവറുകളുടെ വില്‍പ്പനയില്‍ നിന്നുള്ള 3,364.5 നേട്ടമാണ് ഐഡിയ സെല്ലുലാറിന്റെ ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലത്തില്‍ പ്രതിഫലിച്ചത്.

അതേസമയം, ജൂണ്‍ പാദത്തിലും ഇന്ത്യന്‍ വിപണിയില്‍ സമ്മര്‍ദം നേരിട്ടതായി ഐഡിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിയോയുടെ വമ്പന്‍ ഓഫറുകളാണ് വിപണിയില്‍ ഇടിവ് നേരിടാനുള്ള കാരണമായി ഐഡിയ പറയുന്നത്. ഇതിന്റെ ഫലമായി കമ്പനിയുടെ സംയോജിത വരുമാനത്തില്‍ 28 ശതമാനം ഇടിവാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 20172018 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തിലെ 8,166.50 കോടി രൂപയില്‍ നിന്നും സംയോജിത വരുമാനം 5,889.20 കോടി രൂപയായി ചുരുങ്ങി. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം കുറഞ്ഞതാണ് കമ്പനിയുടെ വരുമാനം കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്.

ഉപയോക്താക്കളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 189 മില്യണില്‍ നിന്നും 187.9 മില്യണായി കുറഞ്ഞു. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (എആര്‍പിയു) 141 രൂപയില്‍ നിന്നും 100 രൂപയായി കുറഞ്ഞിട്ടുണ്ടെന്നും ഐഡിയ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. റിലയന്‍സ് ജിയോ 134.5 രൂപയും എയര്‍ടെല്‍ 105 രൂപയും വോഡഫോണ്‍ 102 രൂപയുമാണ് കഴിഞ്ഞ പാദത്തില്‍ എആര്‍പിയു രേഖപ്പെടുത്തിയത്. എന്നാല്‍, ഇടക്കാലാടിസ്ഥാനത്തിലുള്ള വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മൊബീല്‍ വ്യവസായ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആകര്‍ഷകമായ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് ഐഡിയ പറയുന്നത്.

 

Comments

comments

Tags: cellular, Idea