ഐഷര്‍ മോട്ടോഴ്‌സ് ഓഹരിയില്‍ ഇടിവ്

ഐഷര്‍ മോട്ടോഴ്‌സ് ഓഹരിയില്‍ ഇടിവ്

250-500 സിസി സെഗ്‌മെന്റില്‍ പ്രവേശിക്കുമെന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപനം റോയല്‍ എന്‍ഫീല്‍ഡിന് വെള്ളിടിയായി

ന്യൂഡെല്‍ഹി : 250-500 സിസി സെഗ്‌മെന്റില്‍ പ്രവേശിക്കുമെന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപനത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന് ആശങ്ക. അമേരിക്കന്‍ കമ്പനിയുടെ പ്രഖ്യാപനം പുറത്തുവന്നതിനുപിന്നാലെ റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരി മൂന്ന് ശതമാനത്തോളം ഇടിഞ്ഞു. 250-500 സിസി എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ നിര്‍മ്മിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചത്. ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് ഏഷ്യയിലെ ഇരുചക്ര വാഹന കമ്പനിയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുമെന്നും അമേരിക്കന്‍ ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ പങ്കാളി ആരെന്ന വിവരം ഹാര്‍ലി ഡേവിഡ്‌സണ്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം പുതിയ ഉല്‍പ്പന്നം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് അറിയിച്ചു.

ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് ബൈക്ക് ഇന്ത്യയില്‍ കൂടുതലായി വിറ്റുപോകുമെന്നും ഇന്ത്യയില്‍ തങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാകുമെന്നും ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രതീക്ഷിക്കുന്നു. പുതിയ പ്രഖ്യാപനം റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സിനുമേല്‍ വെള്ളിടിയായി പതിച്ചു എന്നാണ് തോന്നുന്നത്. ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ 2.84 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി. യുഎസ് വിപണിയില്‍ പ്രത്യേകിച്ച് വില്‍പ്പന മന്ദഗതിയിലായ സാഹചര്യത്തില്‍, ചെറിയ എന്‍ജിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഏഷ്യന്‍ വിപണികളില്‍ വമ്പന്‍ വില്‍പ്പന കരസ്ഥമാക്കാനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ.

ഈ വര്‍ഷം ജൂണില്‍ 74,477 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. 2017 ജൂണ്‍ മാസത്തേക്കാള്‍ 18 ശതമാനം വളര്‍ച്ച. കയറ്റുമതിയാണെങ്കില്‍, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 2018 ജൂണില്‍ 27 ശതമാനം വര്‍ധിച്ചു. ലോകമാകമാനമുള്ള വില്‍പ്പനയില്‍ കാര്യത്തില്‍, 2017 രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 രണ്ടാം പാദത്തില്‍ 3.6 ശതമാനം ഇടിവാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ നേരിട്ടത്. 2018 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 78,428 മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. 2017 ല്‍ ഇതേ കാലയളവില്‍ 81,388 മോട്ടോര്‍സൈക്കിളുകള്‍ വിറ്റിരുന്നു. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സന്റെ അന്തര്‍ദേശീയ വില്‍പ്പന വളര്‍ച്ച ചെറിയ തോതിലെങ്കിലും തുടരുന്നു. രണ്ടാം പാദത്തില്‍ 0.7 ശതമാനം വളര്‍ച്ച നേടി.

Comments

comments

Categories: Auto, Slider