ഡാറ്റാ സംരക്ഷണ ശുപാര്‍ശകള്‍ മുതല്‍ക്കൂട്ടാകുമെന്ന് ടി വി മോഹന്‍ദാസ് പൈ

ഡാറ്റാ സംരക്ഷണ ശുപാര്‍ശകള്‍ മുതല്‍ക്കൂട്ടാകുമെന്ന് ടി വി മോഹന്‍ദാസ് പൈ

 

ഡാറ്റാ സംരക്ഷണ നിയമം വരുന്നതോടെ ആഗോള ക്ലയ്ന്റുകള്‍ കൂടുതല്‍ താല്‍പര്യം കാട്ടും; ഡാറ്റാ ഇന്ത്യയില്‍ തന്നെ ശേഖരിച്ച് സംരക്ഷിക്കണം

 

ബെംഗളൂരു: ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മറ്റി ശുപാര്‍ശ ചെയ്ത ഡാറ്റാ സംരക്ഷണ നിയമത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കൊള്ളുന്ന കരട് നടപ്പാക്കുകയാണെങ്കില്‍ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ആഗോള ക്ലയ്ന്റുകള്‍ക്കുള്ള ആശങ്ക മാറിക്കിട്ടുമെന്ന് പ്രമുഖ ഐടി വിദഗ്ധനായ ടിവി മോഹന്‍ദാസ് പൈ അഭിപ്രായപ്പെട്ടു. ഈ സാഹചര്യം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കുമെന്നും പൈ വ്യക്തമാക്കി. ‘ആഗോള തലത്തില്‍ മല്‍സരക്ഷമത കാഴ്ച്ച വെക്കുന്ന പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഇതിലൂടെ മികച്ച പ്രചോദനം ലഭിക്കും. രാജ്യത്തെ ഡാറ്റാ സംരക്ഷണ നിയമത്തിന്റെ അഭാവം മൂലം വര്‍ഷങ്ങളായി ഇന്ത്യന്‍ കമ്പനികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതില്‍ ആഗോള ക്ലയ്ന്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ നിയമം പ്രബാല്യത്തില്‍ വരുന്നതോടെ ഇതിന് ശമനമാകും,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച പ്രധാനപ്പെട്ട പ്രശ്‌നങ്ങളായ ഡാറ്റയുടെ ഉടമസ്ഥാവകാശവും ഉപയോഗവും, ഡാറ്റാ സ്വകാര്യത, ഡാറ്റയുടെ ശേഖരണ സ്ഥലം എന്നിവയെല്ലാം ശ്രീകൃഷ്ണ കമ്മീഷന്‍ പരിഗണിച്ചിട്ടുണ്ട്. ഡാറ്റാ ഇന്ത്യയില്‍ ശേഖരിച്ച് സംരക്ഷിക്കണമെന്ന ശുപാര്‍ശ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി വഴി നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ സ്വകാര്യ ഡാറ്റകളും ഇവിടെത്തന്നെ ശേഖരിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വ്യക്തിഗത ഡാറ്റ ഓരോ വ്യക്തികളുടെയും പരിപൂര്‍ണ്ണ ഉടമസ്ഥതയിലുള്ളതാണ്. മുന്‍കൂര്‍ അനുവാദം കൂടാതെ വേറൊരാള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമം ലംഘിക്കുന്ന പക്ഷം കുറ്റം ചുമത്തുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള അധികാരം ഡാറ്റാ പരിരക്ഷാ അതോറിട്ടിക്കുണ്ടെന്നും പാനല്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.

 

ആധാര്‍ നിയമം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശുപാര്‍ശകളും പാനല്‍ നല്‍കിയിരിക്കുന്നു. കുറ്റം ചുമത്തുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അധികാരം നിയമത്തിന് നല്‍കുന്നതാണ് ശുപാര്‍ശകള്‍. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും ഇന്നൊവേഷനും പ്രാമുഖ്യം നല്‍കുന്ന, എല്ലാ ആശങ്കകളെയും അഭിമുഖീകരിക്കുന്ന ഒരു നല്ല റിപ്പോര്‍ട്ട് ഇതോടെ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമ സംവിധാനത്തിന് ശുപാര്‍ശ ചെയ്യുന്ന കരട് ശുപാര്‍ശകള്‍ അടുത്തിടെയാണ് ഉന്നത തല പാനല്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചത്. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുക, ഡാറ്റാ പ്രൊസസേഴ്‌സിന്റെ ബാധ്യത നിര്‍വചിക്കുക, നിയമ ലംഘനത്തിന് ശിക്ഷകള്‍ നടപ്പിലാക്കുക എന്നിവക്കെല്ലാം പ്രാമുഖ്യം കൊടുത്തു കൊണ്ടാണ് ശുപാര്‍ശകള്‍ തയാറാക്കിയിരിക്കുന്നത്.

 

Comments

comments

Categories: Tech