രണ്ടാഴ്ചയ്ക്കുള്ളില്‍ കുടിശിക തിരിച്ചടയ്ക്കുമെന്ന് എയര്‍ ഇന്ത്യ

രണ്ടാഴ്ചയ്ക്കുള്ളില്‍ കുടിശിക തിരിച്ചടയ്ക്കുമെന്ന് എയര്‍ ഇന്ത്യ

 

2017 മാര്‍ച്ച് അവസാനം വരെയുള്ള കണക്ക്പ്രകാരം 48781 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത

ന്യൂഡെല്‍ഹി: ബാങ്കുകള്‍, എയര്‍ക്രാഫ്റ്റ് പാട്ടത്തിന്് നല്‍കുന്ന കമ്പനികള്‍ എന്നിവയ്ക്കുള്ള കുടിശികകള്‍ രണ്ടാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കാന്‍ എയര്‍ ഇന്ത്യ ലിമിറ്റഡ് പ്രതിജ്ഞാബദ്ധമാണെന്ന് എയര്‍ലൈന്റെ ഉദ്യോഗസ്ഥന്‍. പുതിയ മൂലധന സഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പക്ഷം വായ്പാദാതാക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ള എല്ലാ കുടിശികകളും ഓഗസ്റ്റ് 15നുള്ളില്‍ തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ബാങ്കുകളും, വിമാനം വാടകയ്ക്ക് നല്‍കുന്ന രണ്ട് കമ്പനികളും തിരിച്ചടവില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാണിച്ച് എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചിരുന്നു.
വന്‍ കടബാധ്യതയുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നെങ്കിലും നിക്ഷേപകരുടെ താല്‍പ്പര്യക്കുറവ് മൂലം ഇത് നടപ്പാക്കാനായില്ല. നടപ്പുസാമ്പത്തിക വര്‍ഷം വായ്പാ തിരിച്ചടവിനായി കേന്ദ്രസര്‍ക്കാരിനോട് 2121 കോടി രൂപ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പ്രവര്‍ത്തന ചെലവിനായി ഈ വര്‍ഷം ഇതുവരെ 650 കോടി രൂപ കമ്പനി സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. 2017-18 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ 7565 കോടി രൂപയുടെ ധനസഹായമാണ് എയര്‍ ഇന്ത്യക്ക് ലഭിച്ചത്.

ഉയര്‍ന്ന ഇന്ധന വില, വില്‍പ്പനയ്ക്ക് ശേഷവും എയര്‍ലൈനില്‍ 24 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ നിലനിര്‍ത്താനുള്ള തീരുമാനം എന്നിവ മൂലമാണ് നിക്ഷേപകര്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നതെന്നാണ് വിലയിരുത്തല്‍. എയര്‍ ഇന്ത്യയുടെ പ്രകടനവും പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ കഴിഞ്ഞ ആഴ്ച ലോക് സഭയെ അറിയിച്ചിരുന്നു.

2017 മാര്‍ച്ച് അവസാനം വരെയുള്ള കണക്ക്പ്രകാരം 48781 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത. 2002ല്‍ രാജ്യത്തെ ആഭ്യന്ത വിപണിയില്‍ 30 ശതമാനം വിഹിതമാണ് കമ്പനിക്കുണ്ടായിരുന്നത്. എന്നാല്‍ നിലവിലിത് 12.3 ശതമാനമായി താഴ്ന്നു. സ്വകാര്യ വിമാനക്കമ്പനികള്‍ ശേഷി വിപുലീകരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ മത്സരം എയര്‍ ഇന്ത്യ നേരിടേണ്ടതായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: Air India