മറാസോ ; പുതിയ വാഹനത്തിന് മഹീന്ദ്ര പേരിട്ടു

മറാസോ ; പുതിയ വാഹനത്തിന് മഹീന്ദ്ര പേരിട്ടു

7 സീറ്റര്‍ മറാസോ എംപിവി സെപ്റ്റംബറില്‍ പുറത്തിറക്കും

മുംബൈ : ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന സെഗ്‌മെന്റില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ വാഹനത്തിന്റെ പേര് പ്രഖ്യാപിച്ചു. ഇതുവരെ യു321 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ വാഹനത്തിന് മറാസോ എന്ന പേര് നല്‍കിയതായി മഹീന്ദ്ര അറിയിച്ചു. 7 സീറ്റര്‍ എംപിവിയാണ് മഹീന്ദ്ര മറാസോ. ബാസ്‌ക് എന്ന സ്പാനിഷ് ഉപ ഭാഷയില്‍ മറാസോ എന്നാല്‍ സ്രാവ് എന്നാണര്‍ത്ഥം. സ്രാവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തതാണ് മഹീന്ദ്ര മറാസോ. മള്‍ട്ടി പര്‍പ്പസ് വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് പലതവണ വാര്‍ത്തയായിരുന്നു.

നെക്‌സ്റ്റ്-ജെന്‍ മഹീന്ദ്ര വാഹനങ്ങളുടെ തുടക്കമാണ് മറാസോ എന്ന് പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു. പിനിന്‍ഫറീന, മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോ, മഹീന്ദ്ര നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്റര്‍, മഹീന്ദ്ര റിസര്‍ച്ച് വാലി എന്നിവ സഹകരിച്ചുപ്രവര്‍ത്തിച്ചാണ് മറാസോ പിറവിയെടുക്കുന്നത്. മേന്‍മകളിലും നിലവാരത്തിലും മറാസോ ലോകോത്തര വാഹനമായിരിക്കുമെന്ന് പവന്‍ ഗോയങ്ക അവകാശപ്പെട്ടു.

മറാസോ എംപിവി സെപ്റ്റംബറില്‍ പുറത്തിറക്കാനാണ് മഹീന്ദ്ര തയ്യാറെടുക്കുന്നത്. നിലവിലെ മഹീന്ദ്ര സൈലോയേക്കാള്‍ വലുപ്പമുണ്ടായിരിക്കും. വാഹനത്തിന്റെ ആദ്യ മാതൃകകളില്‍നിന്ന് ഈവിധമാണ് മനസ്സിലാകുന്നത്. പിന്നില്‍ കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും. മഹീന്ദ്രയുടെ സ്റ്റൈലിംഗ്, വിശേഷലക്ഷണങ്ങള്‍ എന്നിവ അതേപോലെ തുടരും. അതായത് ക്രോം ടൂത്ത് ഗ്രില്‍, ഡബിള്‍ ബാരല്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ സഹിതം വലിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാംപുകള്‍, സ്‌പോര്‍ടി അലോയ് വീലുകള്‍, ലംബമായി നല്‍കിയ വലിയ ടെയ്ല്‍ലാംപുകള്‍ എന്നിവ കാണാം.

ഏതൊരു ആഗോള വാഹനത്തോടും കിടപിടിക്കുംവിധമാണ് റിഫൈന്‍മെന്റില്‍ മുന്നിട്ടുനില്‍ക്കുന്ന മറാസോ വികസിപ്പിച്ചതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു. നിരവധി ഇന്നൊവേഷനുകള്‍ വാഹനത്തില്‍ കാണാന്‍ കഴിയും. കൂടുതല്‍ സ്ഥലസൗകര്യം, സുഖപ്രദമായ യാത്ര, കുറേക്കൂടി നിശ്ശബ്ദമായ കാബിന്‍, മികച്ച കൂളിംഗ്, ഒന്നാന്തരം സുരക്ഷ, കരുത്തുറ്റ ബോഡി എന്നിവ മഹീന്ദ്ര മറാസോയുടെ സവിശേഷതകളായിരിക്കും. ഏതൊരു മഹീന്ദ്ര വാഹനത്തേക്കാളും ഏറ്റവും കൂടുതല്‍ ഫൂട്ട്പ്രിന്റ് (വീല്‍ബേസ് ഗുണനം ഫ്രണ്ട് ട്രാക്ക്) മറാസോയില്‍ കാണും. മള്‍ട്ടി പര്‍പ്പസ് വാഹന സെഗ്‌മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കാനും ഗെയിം ചേഞ്ചറാകാനും മറാസോ എന്ന വാഹനത്തിന് കഴിയുമെന്ന് രാജന്‍ വധേര ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സര്‍വ്വസജ്ജമായ കാബിന്‍ മറാസോ എംപിവിയില്‍ മഹീന്ദ്ര ഒരുക്കും. 2 ടോണ്‍ ഇന്റീരിയര്‍, പിയാനോ ബ്ലാക്ക് നിറത്തില്‍ തീര്‍ത്ത ഡാഷ്‌ബോര്‍ഡ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, മധ്യഭാഗത്തായി വലിയ എസി വെന്റുകള്‍, പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ബാസ്‌ക് എന്ന സ്പാനിഷ് ഉപ ഭാഷയില്‍ മറാസോ എന്നാല്‍ സ്രാവ് എന്നാണര്‍ത്ഥം. സ്രാവില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തതാണ് മഹീന്ദ്ര മറാസോ

മറാസോ എന്ന മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് ആര് കരുത്തേകുമെന്ന് മഹീന്ദ്ര തല്‍ക്കാലം പറഞ്ഞില്ല. എന്നാല്‍ ഓള്‍-ന്യൂ 1.6 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ ആദ്യ ദൗത്യം നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കാം. എന്‍ജിനുകള്‍ മഹീന്ദ്ര വികസിപ്പിച്ചുവരികയാണ്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുകളുമായി ചേര്‍ത്തുവെച്ചേക്കും. മഹീന്ദ്ര എക്‌സ്‌യുവി 500 ല്‍നിന്ന് കടംവാങ്ങി ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ നല്‍കിയേക്കും. തുടക്കത്തില്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും മഹീന്ദ്ര മറാസോ വിപണിയില്‍ അവതരിപ്പിക്കുന്നത്. എംപിവിയുടെ പെട്രോള്‍ പതിപ്പ് പിന്നീട് പുറത്തിറക്കും. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ എന്നിവയ്ക്ക് ഇനി കാര്യങ്ങള്‍ പഴയപോലെ എളുപ്പമാവില്ല. മഹീന്ദ്രയുടെ വമ്പന്‍ സ്രാവാണ് ഇന്ത്യന്‍ മഹാ വിപണിയിലേക്ക് കുതിച്ചെത്തുന്നത്.

Comments

comments

Categories: Auto