സൗദിയിലെ പെട്രോകെമിക്കല്‍ ഭീമന് വമ്പന്‍ ലാഭം

സൗദിയിലെ പെട്രോകെമിക്കല്‍ ഭീമന് വമ്പന്‍ ലാഭം

രണ്ടാം പാദത്തിലെ ലാഭത്തില്‍ സാബിക്കിനുണ്ടായത് 81 ശതമാനം വര്‍ധന.വരുമാനത്തില്‍ 26 ശതമാനം വര്‍ധന

റിയാദ്: രണ്ടാം പാദത്തില്‍ ലാഭത്തില്‍ വന്‍കുതിപ്പ് നേടി സൗദി ബേസ് ഇന്‍ഡസ്ട്രീസ് കോര്‍പ്പ് (സാബിക്ക്). ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ ഉല്‍പ്പാദക കമ്പനിയായ സാബിക്കിന്റെ രണ്ടാം പാദ ലാഭത്തിലുണ്ടായത് 81 ശതമാനം വര്‍ധനയാണ്. അറ്റ വരുമാനം 1.8 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. അതായത് 6.7 ബില്ല്യണ്‍ റിയാല്‍. പോയ വര്‍ഷം ഇതേ കാലയളഴില്‍ 3.71 ബില്ല്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ അറ്റ വരുമാനം.

വരുമാനത്തില്‍ 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 43.3 ബില്ല്യണ്‍ റിയാലാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

സാബിക്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ പക്കലുള്ള സാബിക്ക് ഓഹരികളാണ് സൗദി അരാംകോ വാങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സാബിക്കിന്റെ ഏകദേശം 70 ശതമാനം ഓഹരി ഉടമസ്ഥതാ അവകാശം സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് അരാംകോ നേടാനാണ് ഉദ്ദേശിക്കുന്നത്.

കെമിക്കല്‍ കമ്പനിയായ സാബിക്കിന്റെ വിപണി മൂല്യം 100 ബില്ല്യണ്‍ ഡോളറിലധികം വരുമെന്നാണ് വിലയിരുത്തല്‍. 70 ശതമാനം ഓഹരിയാണ് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പക്കലുള്ളത്. ശേഷിക്കുന്ന ഓഹരികള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുകയുമാണ്. ലിസ്റ്റഡ് ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് താല്‍പ്പര്യമില്ല. അതിനാലാണ് സോവറിന്‍ ഫണ്ടിന്റെ കൈവശമുള്ള ഓഹരികള്‍ ഏറ്റെടുക്കുന്നത്.

ഈ വര്‍ഷം ഇതുവരെ സാബിക്കിന്റെ ഓഹരിവിലയിലുണ്ടായത് 27 ശതമാനം വര്‍ധനവാണ്. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സാബിക്കിനെ ഏറ്റെടുക്കാന്‍ അരാംകോ തീരുമാനിച്ചത്. ബിസിനസ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന സാബിക്കിന്റെ ഏറ്റെടുക്കല്‍ തീരുമാനം വന്നതോടെ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia