സ്മാര്‍ട്ടാകുന്ന ഇന്ത്യന്‍ മാളുകള്‍

സ്മാര്‍ട്ടാകുന്ന ഇന്ത്യന്‍ മാളുകള്‍

ഇ-കൊമേഴ്‌സ് വിപ്ലവത്തിനിടയിലും ഷോപ്പിംഗ് മാളുകള്‍ വ്യത്യസ്തവും ആസ്വാദ്യകരവുമായ ഷോപ്പിംഗ് അനുഭവം ഒരുക്കിക്കൊണ്ട് മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് ഇന്ത്യന്‍ വിപണിയില്‍ ദൃശ്യമാകുന്നത്. കൃത്രിമ ബുദ്ധി അടക്കമുള്ള അതിനൂതന സാങ്കേതിക വിദ്യകളെ സമഞ്ജസിപ്പിച്ചാണ് പരമ്പരാഗത ഷോപ്പിംഗ് കേന്ദ്രങ്ങളുടെ ഈ കുതിപ്പ്. സാങ്കേതിക വിദ്യയിലെ പുതുമകളെ ഏറ്റെടുക്കാന്‍ തയാറായ വ്യാപാര സ്ഥാപനങ്ങളുടെ ഊര്‍ജസ്വലമായ വളര്‍ച്ചയും മാറ്റത്തിനോട് മുഖം തിരിച്ചവരുടെ തളര്‍ച്ചയും വിപണിയില്‍ പ്രത്യക്ഷമായി തന്നെ ദൃശ്യമാണ്

 

ഇ-കൊമേഴ്‌സ് വിപ്ലവവും ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലെ കുതിച്ചുചാട്ടവുമെല്ലാം അടിസ്ഥാനപരമായി ഉപഭോക്താക്കളുടെ പ്രതീക്ഷകളെ പരിവര്‍ത്തന വിധേയമാക്കുകയാണ്. ബ്രിക് ആന്‍ഡ് മോര്‍ട്ടര്‍ സ്‌റ്റോറുകള്‍ എന്നറിയപ്പെടുന്ന നമ്മുടെ മാര്‍ക്കറ്റിലെ കടകളുടെ പ്രവര്‍ത്തനത്തിലും ഇത് ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കൂടുതല്‍ ഉപകാരപ്രദവും വിനോദ പ്രധാനവുമായ ഉപഭോക്തൃ അനുഭവങ്ങള്‍ ആവഷ്‌കരിക്കേണ്ട വെല്ലുവിളിയാണ് ഇത്തരം പരമ്പരാഗത വ്യാപാരികള്‍ക്ക് മുന്നിലുള്ളത്. ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് പ്രവണതകള്‍ ശക്തിപ്പെടുമ്പോള്‍ തങ്ങളുടെ സ്റ്റോറുകളെയും എങ്ങനെ പുനര്‍ രൂപകല്‍പ്പന ചെയ്യണമെന്നും വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കണമെന്നും പ്രവര്‍ത്തിപ്പിക്കണമെന്നുമൊക്കെ വിചിന്തനം ചെയ്യാനും തന്ത്രങ്ങള്‍ മെനയാനും മാള്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധിതരായി.

‘സ്മാര്‍ട്ട്’ സ്റ്റോറുകളുടെ കടന്നുവരവ്

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍, റോബോട്ടിക് ഇന്റലിജന്‍സ്, അനലിറ്റിക്കല്‍ ഡാറ്റ, ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളായ ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) അല്ലെങ്കില്‍ വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) എന്നിവ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അവര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനും ശ്രമിച്ചു കൊണ്ടാണ് പരമ്പരാഗത കടകള്‍ കൂടുതല്‍ സ്മാര്‍ട്ടാവുന്നത്. പരമ്പരാഗതമായ രീതികളെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ വിജയഘടകങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ട് മുന്നേറുകയാണ് അവര്‍. ഓണ്‍ലൈന്‍ ഷോപ്പിംഗിനെ മറികടക്കുന്ന ഷോപ്പിംഗ് അനുഭവം മാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രദാനം ചെയ്യാന്‍ ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ സ്‌റ്റോറുകള്‍ക്ക് സാധിക്കുമെന്ന നേട്ടം ഇ-കൊമേഴ്‌സ് സ്റ്റോറുകളെ അപേക്ഷിച്ച് ഇവക്കുണ്ട്. സാങ്കേതിക വൈദഗ്ധ്യമുള്ള ഉപഭോക്താക്കളുടെ അഭിരുചികളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാം.

2016 ലെ 1,595 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്നും ഉപഭോക്തൃ ചെലവിടല്‍ 2020 ആകുമ്പോഴേക്കും 3,600 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാള്‍ ഓപ്പറേറ്റര്‍മാരും റീട്ടെയ്‌ലര്‍മാരും തങ്ങളുടെ തന്ത്രം ശരിയായ രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കുന്നതിനും നിലനിര്‍ത്തുന്നതിനും സാധിക്കും. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനങ്ങള്‍, ഉയര്‍ന്ന വില്‍പ്പന എന്നിവക്ക് അരങ്ങൊരുക്കുന്നതാണ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ അന്തരീക്ഷം.

സാങ്കേതികവിദ്യയുടെ സ്വീകാര്യത ശരിയായ ദിശയില്‍

ഉപഭോക്താക്കള്‍ക്കായി വ്യത്യസ്തമായ അനുഭവം സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണം കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ മാളില്‍ കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിലൊന്നാണിത്. സന്ദര്‍ശകരുമായി ആശയ വിനിമയം നടത്താനും ഏറ്റവും പുതിയ ഓഫറുകളെ കുറിച്ചും ലഭ്യമായ ഡീലുകളെ കുറിച്ചും സന്ദര്‍ശകരെ അറിയിക്കാനും ഡിജിറ്റല്‍ ബീക്കണ്‍ സാങ്കേതികവിദ്യ, ജിയോ ഫെന്‍സിംഗ്, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എഎന്‍പിആര്‍) തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എഐ (കൃത്രിമബുദ്ധി), എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി), വെര്‍ച്വല്‍ റിയാലിറ്റി എന്നിവ പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ പ്ലാറ്റ്‌ഫോമുകള്‍, വ്യക്തിഗതവും ആകര്‍ഷകവുമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ഉല്‍പ്പന്ന ദൃശ്യചിത്രണം, പെരുമാറ്റ വിശകലനം, ഉപഭോക്താക്കളുമായുള്ള ആശയവിനിമയം, തല്‍സമയമുള്ള വ്യാണിജ്യം, വിപണനം, പരസ്യം, പ്രചാരണങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കളുമായി മാളുകളുടെ ബന്ധം സജീവമാക്കാന്‍ ഈ സാങ്കേതികവിദ്യകള്‍ സഹായിച്ചു.

അനുഭവവേദ്യമായ റീട്ടെയ്‌ലിനുള്ള (വില്‍പ്പനയ്ക്കപ്പുമപ്പുറമുള്ള സാധ്യതകള്‍ തേടുകയും ഉപഭോക്താക്കള്‍ വാങ്ങലിനുമപ്പുറമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സ്‌റ്റോറുകള്‍) ആവശ്യകത വര്‍ധിക്കുന്നതിനൊപ്പം വ്യത്യസ്ത പുലര്‍ത്താനുള്ള സ്റ്റോറുകളുടെ ശേഷിയും ഒരു തരത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കായുള്ള ആവശ്യകതയ്ക്ക് ഇന്ധനമാകുന്നുണ്ട്. പരമ്പരാഗതമായ ഫഌക്‌സ് ബോര്‍ഡുകളുടെയും പ്രചാരണ ബോര്‍ഡുകളുടെയും സ്ഥാനത്ത് മാളുകളില്‍ ഹോളോഗ്രാമുകള്‍ ഉപയോഗിക്കുന്നതായി ഇനി നമുക്ക് കാണാം. നിശ്ചലമായ ദൃശ്യങ്ങളില്‍ നിന്ന് ഉപഭോക്താക്കളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന മാതൃകകളിലേക്ക് ഹോളോഗ്രാം സാങ്കേതികത വിദ്യക്ക് നമ്മെ കൊണ്ടുപോകാനാവും.

കിക്ക് ബോട്ട് ഷോപ്പ്, വി ചാറ്റ് എന്നിവ മുതല്‍ കൃത്രിമബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ നൗ, ആമസോണിന്റെ അലക്‌സ എന്നിവ വരെയുള്ള വ്യത്യസ്തമായ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നമ്മുടെ പക്കല്‍ നിലവില്‍ തന്നെയുണ്ട്. ഉപഭോക്താക്കള്‍ ഷോപ്പിംഗ് സെന്ററില്‍ ഉള്ളപ്പോഴും പുറത്ത് ആയിരുന്നാലും ഈ സംവിധാനങ്ങളുപയോഗിച്ച് മാള്‍ ഓപ്പറേറ്റര്‍മാര്‍ക്കും മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്വാധീനം ചെലുത്താനാവും.

ഉദാഹരണത്തിന്, ഹബര്‍ എന്ന വിശിഷ്ടമായ എഐ അധിഷ്ഠിത ‘ഫിജിറ്റല്‍’ അനുഭവമാണ് ഗുരുഗ്രാമിലെ ഡിഎല്‍എഫ് സൈബര്‍ ഹബ് നല്‍കുന്നത്. നടക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചും, ലഭ്യമായ ബ്രാന്‍ഡുകളെ കുറിച്ചും ടേബിളുകള്‍ റിസര്‍വ് ചെയ്യാനും മെനുകാര്‍ഡുകള്‍ പരിശോധിക്കാനുമെല്ലാമായി ഉപഭോക്താക്കള്‍ക്ക് ഹബ്ബറിന്റെ സഹായം തേടാം. ആശയവിനിമയത്തിലൂടെ ഹബറിന് ഉപഭോക്താക്കളെ മനസിലാക്കാനും അവര്‍ക്കായി വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും.

കൂടാതെ, മാളിന്റെ വൈഫൈ നെറ്റ്‌വര്‍ക്കുമായി ഉപഭോക്താക്കളുടെ ഡിവൈസ് കണക്റ്റ് ചെയ്യുന്നതോടെ മാള്‍ ഓപ്പറേറ്റര്‍മാര്‍ക്കും, റീട്ടെയ്‌ലര്‍മാര്‍ക്കും, ഉപഭോക്താക്കള്‍ക്കുമിടയില്‍ ആശയവിനിമയത്തിലുള്ള ഒരു പുതിയ മാര്‍ഗം തുറന്നു കിട്ടി. കാര്‍ എവിടെ പാര്‍ക്ക് ചെയ്യണം എന്നത് മുതല്‍ വ്യത്യസ്തമായ ഓഫറുകളും മനംമയക്കുന്ന ഡിസ്‌കൗണ്ടുകള്‍ വരെയുള്ള പ്രസക്തമായ വിവരങ്ങള്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇത് ഷോപ്പിംഗ് അനുഭവം കൂടുതല്‍ വ്യക്തിഗതവും ആസ്വാദ്യകരവുമാക്കി മാറ്റുന്നു.

ഇന്നത്തെ സാങ്കേതിക കുതുകികളായ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ആശയവിനിമയം വഴി ഏതാനും വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറാണെന്നത് താല്‍പര്യമുണര്‍ത്തുന്ന വസ്തുതയാണ്. കൂടുതല്‍ കസ്റ്റമൈസ്ഡ് ആയ ഓഫറുകള്‍ക്കു പകരമായി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ 50 ശതമാനം ഉപഭോക്താക്കളും തയാറാണെന്നാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അസഞ്ചറിന്റെ കണ്ടെത്തല്‍.

ഉപസംഹാരം

റീട്ടെയ്ല്‍ വ്യാപാര മേഖലയില്‍ ഇന്ന് നടക്കുന്ന സംഘര്‍ഷം യുദ്ധസമാനമാണ്. പുതിയ ഉപഭോക്താക്കളെ നേടിയെടുക്കാനും അവരെ നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ള ഈ സംഘര്‍ഷം ശക്തമായി തന്നെ തുടരുന്നു. ഏതൊരു യുദ്ധത്തിലേയും പോലെ ഇവിടെയും വിജയികളും പരാജിതരുമുണ്ട്. സാങ്കേതിക വിദ്യയുടെ പ്രയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വിജയ-പരാജയങ്ങള്‍ തീരുമാനിക്കുന്നത്. സ്‌റ്റോറുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സാങ്കേതിക വിദ്യയല്ല പ്രതിപാദ്യമെന്നു മാത്രം. ആധുനിക ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ സ്‌റ്റോറുകളിലുടനീളം സാങ്കേതികവിദ്യയുടെ ആധിപത്യം കാണാമെങ്കിലും ഒന്നിലധികം പ്ലാറ്റ്‌ഫോമുകളില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാനും സാങ്കേതിക ജ്ഞാനമുള്ള ഉപഭോക്താക്കള്‍ക്കായി സമഗ്രമായ സാങ്കേതിക ചാനല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നവരുമായിരിക്കും വിജയികള്‍.

ഈ മാറ്റങ്ങള്‍ സ്വീകരിക്കാനും അതിന്റെ വഴിയേ സഞ്ചരിക്കാനുമുള്ള ഉല്‍സാഹം പ്രകടിപ്പിക്കുന്ന മാള്‍ ഓപ്പറേറ്റര്‍മാരും റീട്ടെയ്‌ലര്‍മാരും വളര്‍ച്ച നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യും. മറ്റ് റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങളില്‍ കണ്ടതു പോലെ, പരിവര്‍ത്തന വിരുദ്ധതയെ അതിജീവിക്കാനും സാങ്കേതികവിദ്യയില്‍ ആവശ്യമായ നിക്ഷേപം നടത്താനും സാധിക്കാത്തവരാവും അന്തിമമായി പരാജയപ്പെടുക.

 

(അനാറോക് റീട്ടെയ്‌ലിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: Indian malls