ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മികച്ച പ്രകടനവുമായി ഇമാര്‍ മാള്‍സ്

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മികച്ച പ്രകടനവുമായി ഇമാര്‍ മാള്‍സ്

2018ലെ ആദ്യ പകുതിയില്‍ ഇമാര്‍ മാള്‍സിന്റെ ലാഭം എട്ട് ശതമാനം ഉയര്‍ന്നു. ഓണ്‍ലൈന്‍ വില്‍പ്പന 105 മില്ല്യണ്‍ ഡോളറിലേക്കെത്തി

ദുബായ്: 2018ലെ ആദ്യ പകുതിയില്‍ ഇമാര്‍ മാള്‍സിന്റെ ലാഭം 300 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ലാഭത്തിലുണ്ടായിരിക്കുന്നത് എട്ട് ശതമാനത്തിന്റെ വര്‍ധനവാണ്. 2018ലെ ആദ്യ ആറ് മാസത്തില്‍ കമ്പനിയുടെ വരുമാനം 573 മില്ല്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. 2017ലെ ആദ്യ പകുതിയെ അപേക്ഷിച്ച് വരുമാനത്തില്‍ ഉണ്ടായത് 29 ശതമാനത്തിന്റെ വര്‍ധനയാണ്. മുന്‍ വര്‍ഷം 442 മില്ല്യണ്‍ ഡോളറായിരുന്നു വരുമാനം.

ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 151 മില്ല്യണ്‍ ഡോളറിന്റെ അറ്റാദായമാണ് ഇമാര്‍ മാള്‍സ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനമാണ് വര്‍ധന. 131 മില്ല്യണ്‍ ഡോളറായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഈ വര്‍ഷം രണ്ടാം പാദത്തിലെ വരുമാനം 290 മില്ല്യണ്‍ ഡോളറാണ്. 2017ലെ രണ്ടാം പാദ വരുമാന ഫലങ്ങളെ അപേക്ഷിച്ച് 35 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം ഏകദേശം 354 മില്ല്യണ്‍ ഡോളര്‍ ലാഭവിഹിതമായി ഇമാര്‍ ഓഹരിയുടമകള്‍ക്ക് നല്‍കിയിരുന്നു. 2018ലെ ആദ്യ പകുതിയില്‍ ഇമാര്‍ പ്രോപ്പര്‍ട്ടികളായ ദുബായ് മാള്‍, ദുബായ് മറീന മാള്‍, സൗക്ക് അല്‍ ബഹര്‍ തുടങ്ങിയവ സന്ദര്‍ശിച്ചത് ഏകദേശം 67 ദശലക്ഷം പേരാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇത്തവണ 3 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഇതേ കാലയളവില്‍ ദുബായ് മാളില്‍ മാത്രം എത്തിയത് 40 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ്. ഓണ്‍ലൈന്‍ വില്‍പ്പനയിലും മികച്ച നേട്ടം കൊയ്യാന്‍ കമ്പനിക്കായി എന്നതാണ് സവിശേഷത. 22 ശതമാനം വര്‍ധനയാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലുണ്ടായത്. 2017 ഓഗസ്റ്റില്‍ ടെക്ക് റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമായ നംഷിയെ ഏറ്റെടുത്തതാണ് ഓണ്‍ലൈന്‍ വില്‍പ്പന കൂട്ടാന്‍ കമ്പനിക്ക് സഹായകമായത്.

Comments

comments

Categories: Business & Economy, Slider
Tags: Imar malls