മസ്തിഷ്‌ക നേട്ടത്തിന്റെ കഥ പറഞ്ഞ് പ്രധാനമന്ത്രി

മസ്തിഷ്‌ക നേട്ടത്തിന്റെ കഥ പറഞ്ഞ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആകാശവാണിയിലൂടെ നടത്തിയ മന്‍ കീ ബാത് 46 ാം ലക്കത്തിന്റെ മലയാള പരിഭാഷയുടെ പ്രസക്ത ഭാഗങ്ങള്‍

പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കനത്ത മഴ സംബന്ധിച്ച വാര്‍ത്തകളാണ് നമുക്ക് ലഭിക്കുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴ ജനങ്ങള്‍ക്ക് ദുരിതമായി മാറുമ്പോള്‍ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ ആളുകള്‍ മഴ കാത്തിരിക്കുകയാണ്. ഭാരതത്തിന്റെ ഭൂവിസ്തൃതിയും വൈവിധ്യവും കാരണം ചില സമയങ്ങളില്‍ മഴയും ഇഷ്ടാനിഷ്ടങ്ങള്‍ കാണിക്കുന്നു. പ്രകൃതിയെ സ്‌നേഹിക്കുക, പ്രകൃതിയുടെ രക്ഷകരാകുക, പ്രകൃതിയെ പോഷിപ്പിക്കുന്നവരാകുക എന്നത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തമാണ്. അങ്ങനെ ചെയ്താല്‍ പ്രകൃതിദത്തമായ കാര്യങ്ങളില്‍ സ്വയം സന്തുലനം ഉണ്ടാകും.

കഴിഞ്ഞ ദിവസങ്ങളില്‍ തായ്‌ലാന്‍ഡില്‍നിന്നുള്ള വാര്‍ത്ത ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. നിങ്ങളേവരും ടെലിവിഷനില്‍ ആ വാര്‍ത്ത കണ്ടിരിക്കും. ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളും അവരുടെ പരിശീലകനും ഒരു ഗുഹയില്‍ അകപ്പെട്ട വാര്‍ത്തയാണ് നമ്മളില്‍ നടുക്കമുണ്ടാക്കിയത്. കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുറച്ചധികം കടന്നു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത്. ഗുഹാമുഖത്തിനടുത്ത് വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കുട്ടികള്‍ക്കും പരിശീലകനും പുറത്തിറങ്ങാനുള്ള വഴി അടഞ്ഞു പോയി. ഗുഹയ്ക്കുള്ളിലെ ചെറിയ പാറയുടെ മുകളില്‍ അഭയം തേടിയ ഇവര്‍ ഒന്നോ രണ്ടോ ദിവസമല്ല പതിനെട്ട് ദിവസമാണ് മരണത്തെ മുഖാമുഖം കണ്ടത്. ഇതേസമയം ലോകം ഒറ്റക്കെട്ടായി മാനുഷികമൂല്യങ്ങള്‍ പ്രകടമാക്കുന്നതാണ് പിന്നീട് നമ്മള്‍ കണ്ടത്. കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിന് ലോകമെങ്ങുമുള്ള ആളുകള്‍ പ്രാര്‍ത്ഥനാനിരതരായി. അവസാനം ശുഭവാര്‍ത്ത കണ്ടതോടെ ലോകമാകെ സമാധാനിച്ചു. സന്തോഷം പ്രകടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാവരും കാണിച്ച ഉത്തരവാദിത്തബോധം ആശ്ചര്യകരമായിരുന്നു. അവിടുത്തെ സര്‍ക്കാരും കുട്ടികളുടെ അച്ഛനമ്മമാരും ബന്ധുക്കളും മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും എല്ലാവരും ക്ഷമയോടെ കാത്തിരുന്നു. എല്ലാവരും ഒരു ടീമായി ആ ദൗത്യത്തില്‍ പങ്കെടുത്തു. സംയമനത്തോടെയുള്ള ഈ പെരുമാറ്റം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ദുഃഖത്താല്‍ കരയുമ്പോഴും അച്ഛനമ്മമാര്‍ പ്രകടിപ്പിച്ച ക്ഷമ, സംയമനം, സമൂഹത്തിന്റെയാകെ സമാധാനത്തോടെയുള്ള പെരുമാറ്റം ഇതെല്ലാം നമുക്ക് പാഠമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ്‌ലാന്‍ഡ് നാവികസേനയിലെ ഒരു ജവാന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. കഠിനമായ പരിതഃസ്ഥിതിയില്‍, ജലം നിറഞ്ഞ, ഇരുളടഞ്ഞ ഗുഹയില്‍ പ്രതീക്ഷ കൈവിടാതെ ഇത്രയും ധൈര്യത്തോടും ക്ഷമയോടും കൂടി അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിനാകെ ആശ്ചര്യം പകര്‍ന്നു. മാനവികത ഒരുമിച്ചു ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതിന്റെ തെളിവാണ് തായ്‌ലാന്‍ഡില്‍ കണ്ടത്. ശാന്തവും ഉറച്ചതുമായ മനസ്സോടെ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച് അതിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

കഴിഞ്ഞ ദിവസം നമ്മുടെ പ്രിയപ്പെട്ട കവി നീരജ് ജി നമ്മെ വിട്ടുപോയി. പ്രതീക്ഷ, വിശ്വാസം, ദൃഢനിശ്ചയം, ആത്മവിശ്വാസം എന്നിവ നീരജ് ജിയുടെ കവിതകളുടെ സവിശേഷതയായിരുന്നു. നീരജ് ജി പറഞ്ഞതെല്ലാം നാം ഭാരതീയര്‍ക്ക് ശക്തിയും പ്രേരണയും നല്‍കുന്നതാണ്. നീരജ് ജിക്ക് ഞാന്‍ ആദരവോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.

‘നമസ്‌തേ പ്രധാനമന്ത്രി ജീ, എന്റെ പേര് സത്യം എന്നാണ്. ഞാന്‍ ഈ വര്‍ഷം ദില്ലി സര്‍വ്വകലാശാലയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി പ്രവേശനം നേടിയിട്ടുണ്ട്. ഞങ്ങളുടെ സ്‌കൂള്‍ ബോര്‍ഡ് പരീക്ഷാ സമയത്ത് അങ്ങ് പരീക്ഷ സംബന്ധിച്ച ടെന്‍ഷനെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചു. എന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അങ്ങയുടെ സന്ദേശമെന്താണ് ?’ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. സത്യത്തിനെപ്പോലുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ സ്‌കൂളില്‍നിന്ന് കോളെജിലേക്ക് പോകുന്ന സമയമാണിത്. ജൂലൈയില്‍ വിദ്യാര്‍ത്ഥികളായ യുവതീയുവാക്കള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും. എന്റെ യുവസുഹൃത്തുക്കള്‍ കോളെജ് ജീവിതത്തിന്റെ തുടക്കം മുതല്‍ വളരെ ഉത്സാഹികളും സന്തുഷ്ടരുമായിരിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പല വിദ്യാര്‍ത്ഥികളും കലാലയങ്ങളില്‍ ജോയിന്‍ ചെയ്തിട്ടുണ്ടാകും. ചിലര്‍ ചേരാന്‍ തയ്യാറെടുക്കുകയാകും. ശാന്തരായിരിക്കുക, ജീവിതം ആസ്വദിക്കുക, ജീവിതത്തില്‍ അന്തരാത്മാവിന്റെ ആനന്ദം അറിയുക. ഇതൊക്കെയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. പുസ്തകങ്ങളിലൂടെയല്ലാതെ ജീവിതത്തില്‍ മുന്നേറാന്‍ വേറെ വഴിയില്ല. പഠിക്കുകതന്നെ വേണം. അതേസമയം പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശീലം വളര്‍ത്തിയെടുക്കണം.

പഴയ സുഹൃത്തുക്കളുടെ വില വളരെ വലുതാണ്. കുട്ടിക്കാലത്തെ കൂട്ടുകാരുടെ സൗഹൃദത്തിന്റെ വിലമതിക്കാന്‍ കഴിയില്ല. അതേസമയം പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും നിലനിര്‍ത്തുന്നതിനുമെല്ലാം ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായിരിക്കണം. പുതുതായി വളരെ കാര്യങ്ങള്‍ പഠിക്കുക. പുതിയ പുതിയ നൈപുണ്യങ്ങള്‍ നേടുക. പുതിയ ഭാഷകള്‍ പഠിക്കുക. സ്വന്തം വീടുവിട്ട് പുറത്തൊരിടത്ത് പഠിക്കാന്‍ പോയവര്‍ ആ സ്ഥലത്തെക്കുറിച്ച് അറിയുക. അവിടുത്തെ ജനങ്ങള്‍, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം അറിയുക. ആ സ്ഥലങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടാകും. അവിടെ പോവുക, അതിനെക്കുറിച്ച് അറിയുക. നിങ്ങള്‍ പുതിയ ഇന്നിംഗ്‌സ് തുടങ്ങുകയാണ്. എല്ലാ യുവതീയുവാക്കള്‍ക്കും എന്റെ ശുഭാശംസകള്‍.

കോളെജ് സീസണിന്റെ കാര്യം പറയുമ്പോള്‍, മധ്യപ്രദേശില്‍ വളരെ ദരിദ്രമായ കുടുംബത്തിലെ ആശാറാം ചൗധരി എന്ന വിദ്യാര്‍ത്ഥി ജീവിതത്തിലെ കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും അതിജീവിച്ച് എങ്ങനെ മികച്ച വിജയം നേടിയെന്ന വാര്‍ത്ത ശ്രദ്ധേയമാണ്. ജോധ്പുര്‍ എയിംസിലെ എംബിബിഎസ് പരീക്ഷയില്‍ അദ്ദേഹം ആദ്യ ശ്രമത്തില്‍ത്തന്നെ വിജയം നേടി. അദ്ദേഹത്തിന്റെ പിതാവ് ആക്രി പെറുക്കി വിറ്റാണ് കുടുംബം പോറ്റുന്നത്. ആശാറാം ചൗധരി നേടിയ വിജയത്തില്‍ ഞാന്‍ അദ്ദേഹത്തിന് ആശംസകളേകുന്നു. ഇത്തരത്തില്‍ ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള, വെല്ലുവിളികള്‍ നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നുള്ള എത്രയെത്ര വിദ്യാര്‍ത്ഥികളാണ് സ്വന്തം അധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും നമുക്കേവര്‍ക്കും പ്രേരണാദായകമാകുന്നത്. പിതാവ് ഡിടിസിയിലെ ഡ്രൈവറായ ദില്ലിയിലെ പ്രിന്‍സ് കുമാര്‍, കൊല്‍ക്കത്തയിലെ ഫുട്പാത്തില്‍ വഴിവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച അഭയ് ഗുപ്ത, അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവറായ അഹമ്മദാബാദിലെ ആഫറീന്‍ ഷൈഖ് എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അച്ഛന്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ നാഗ്പുരിലെ ഖുശി, അച്ഛന്‍ കാവല്‍ക്കാരനായ ഹരിയാണയിലെ കാര്‍ത്തിക്, അച്ഛന്‍ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന ഝാര്‍ഖണ്ഡിലെ രമേശ് സാഹു എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. രമേശ് ഉത്സവപ്പറമ്പുകളില്‍ കളിപ്പാട്ടം വിറ്റു നടന്നിരുന്നു. ഗുരുഗ്രാമത്തില്‍ ജന്മനാ സ്‌പൈനല്‍ മസ്‌കുലര്‍ ആട്രോഫി എന്ന ജനിതക രോഗം ബാധിച്ച ദിവ്യാംഗയായ അനുഷ്‌ക പാണ്ഡ തുടങ്ങി പലരും ദൃഢനിശ്ചയം കൊണ്ടും ഉത്സാഹം കൊണ്ടും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചു. ചുറ്റും നോക്കിയാല്‍ ഇതുപോലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. രാജ്യത്തിന്റെ ഏതൊരു കോണിലെയും ഏതൊരു നല്ല സംഭവവും എന്റെ മനസ്സിന് ഊര്‍ജ്ജം പകരുന്നു, പ്രേരണയേകുന്നു.

എന്റെ പ്രിയപ്പെട്ട ജനങ്ങളെ, കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് ഒരു വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതിങ്ങനെയായിരുന്നു. രണ്ട് യുവാക്കള്‍ മോദിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. യുവാക്കള്‍ സാങ്കേതികവിദ്യ സമര്‍ത്ഥമായും സൃഷ്ടിപരമായും ഉപയോഗിച്ച് സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതായി കൂടുതല്‍ വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു. സംഭവമിതായിരുന്നു. ടെക്‌നോളജി ഹബ് എറിയപ്പെടുന്ന അമേരിക്കയിലെ സാന്‍ജോസ് നഗരത്തില്‍ ഒരിക്കല്‍ ഞാന്‍ ഭാരതീയ യുവാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഭാരതത്തിനുവേണ്ടി സ്വന്തം കഴിവിനെ എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ആലോചിക്കാന്‍ ഞാന്‍ യുവാക്കളോട് അന്ന് ആവശ്യപ്പെട്ടു. മസ്തിഷ്‌ക ചോര്‍ച്ചയെ (ബ്രെയിന്‍ ഡ്രെയിന്‍) മസ്തിഷ്‌ക നേട്ടമാക്കി (ബ്രെയിന്‍ ഗെയിന്‍) മാറ്റാനാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്. റായ്ബറേലിയിലെ രണ്ട് ഐടി പ്രൊഫഷണലുകളായ യോഗേഷ് സാഹു, രജനീഷ് വാജ്‌പേയി എന്നിവര്‍ എന്റെ വെല്ലുവിളി സ്വീകരിച്ച് വേറിട്ട ശ്രമം നടത്തിയ കഥയാണ് പറയുന്നത്. ഇവര്‍ വികസിപ്പിച്ച സ്മാര്‍ട്ട് ഗാവ് എന്ന ആപ്പ് ഗ്രാമത്തിലെ ജനങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്നുവെന്ന് മാത്രമല്ല, അവര്‍ക്ക് ഏതൊരു വിവരവും സ്വന്തം മൊബീല്‍ ഫോണില്‍ അറിയാനാകും. റായ്ബറേലിയിലെ തൗധക്പുര്‍ ഗ്രാമത്തിലെ ഗ്രാമവാസികളും ഗ്രാമപ്രധാനും ജില്ലാ മജിസ്‌ട്രേറ്റും സിഡിഒ യുമെല്ലാം ഈ ആപ്പ് ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു.

ഈ ആപ്പ് ഗ്രാമത്തില്‍ ഒരുതരം ഡിജിറ്റല്‍ വിപ്ലവമാണ് കൊണ്ടുവന്നത്. ഗ്രാമത്തിലെ എല്ലാ വികസന കാര്യങ്ങളും രേഖപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും മേല്‍നോട്ടം നടത്തുകയുമെല്ലാം ഈ ആപ്പ് വഴി എളുപ്പമായി. ഗ്രാമത്തിലെ എല്ലാവരുടെയും നമ്പറുകള്‍ ഉള്‍പ്പെടുത്തി ഫോണ്‍ ഡയറക്ടറി, വാര്‍ത്തകള്‍, നടക്കുന്ന പരിപാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം എല്ലാം ഈ ആപ്പില്‍ ലഭിക്കും. കര്‍ഷകര്‍ക്കും വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍നിന്നുപോയി അമേരിക്കയില്‍ ജീവിക്കുന്ന, അവിടത്തെ ജീവിതരീതിയും ചിന്താഗതികളും പിന്തുടരുന്ന യുവാവ് സ്വന്തം ഗ്രാമത്തിന്റെ മുക്കും മൂലയും അറിയുകയും വെല്ലുവിളികള്‍ മനസ്സിലാക്കുകയും ഗ്രാമവുമായി വൈകാരിക ബന്ധം പുലര്‍ത്തുകയും ചെയ്തതുകൊണ്ടാണ് മസ്തിഷ്‌ക നേട്ടത്തിന്റെ മഹത്തായ കഥ നമുക്കിവിടെ പറയാന്‍ കഴിയുന്നത്. സ്വന്തം ഗ്രാമവുമായും സ്വന്തം വേരുകളുമായും ബന്ധവും ജന്മഭൂമിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും എല്ലാ ഭാരതീയന്റെയും മനസ്സില്‍ സ്വാഭാവികമാണ്. സമയക്കുറവ്, ദൂരം, ചുറ്റുപാടുകള്‍ എന്നിവയെല്ലാം കാരണമാണ് പലപ്പോഴും ഇത് നടക്കാതെ പോകുന്നത്. നമുക്കും അന്വേഷിക്കാം. നമ്മുടെ കാര്യത്തില്‍ അങ്ങനെയെങ്ങാനും സംഭവിച്ചിട്ടുണ്ടോയെന്ന്. സ്ഥിതിഗതികള്‍, ചുറ്റുപാടുകള്‍, അകല്‍ച്ചകള്‍ എന്നിവ കാരണമായോ എന്ന് നമുക്ക് പരിശോധിക്കാം.

‘ആദരണീയ പ്രധാനമന്ത്രി ജീ, നമസ്‌കാരം. ഞാന്‍ സന്തോഷ് കാകഡേ. മഹാരാഷ്ട്രയിലെ കോല്‍ഹാപുരില്‍ നിന്ന് സംസാരിക്കുന്നു. പംഢര്‍പുര്‍ വാരി എന്നറിയപ്പെടുന്ന പംഢര്‍പുര്‍ തീര്‍ത്ഥയാത്ര മഹാരാഷ്ട്രയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എല്ലാ വര്‍ഷവും ഇത് വളരെ ഉത്സാഹത്തോടും സന്തോഷത്തോടും ആഘോഷിച്ചുവരുന്നു. ഏകദേശം 7-8 ലക്ഷം തീര്‍ത്ഥാടകര്‍ ഇതില്‍ പങ്കെടുക്കുന്നു. ഇതേക്കുറിച്ച് രാജ്യത്തെ മറ്റുള്ളവരും അറിയുന്നതിന് അങ്ങ് പംഢര്‍പുര്‍ വാരിയെക്കുറിച്ച് സംസാരിക്കണം’. സന്തോഷ് ജി, താങ്കളുടെ ഫോണ്‍ കോളിന് വളരെ നന്ദി. തീര്‍ച്ചയായും പംഢര്‍പുര്‍ വാരി വളരെ അത്ഭുതകരമായ തീര്‍ത്ഥയാത്രയാണ്. സുഹൃത്തുക്കളെ, ആഷാഢ ഏകാദശി നാളിലാണ് (ഇത്തവണ ജൂലൈ 23) പംഢര്‍പുര്‍ വാരി ആഘോഷിക്കുന്നത്. പംഢര്‍പുര്‍ മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലെ പവിത്രമായ നഗരമാണ്. ആഷാഢ ഏകാദശിയുടെ ഏകദേശം 15-20 ദിവസം മുമ്പ് വാര്‍കരികള്‍ അതായത് തീര്‍ത്ഥാടകര്‍ പല്ലക്കുകളുമായി പംഢര്‍പുര്‍ യാത്രയ്ക്ക് കാല്‍നടയായി പുറപ്പെടും. വാരി എറിയപ്പെടുന്ന ഈ യാത്രയില്‍ ലക്ഷക്കണക്കിന് വാര്‍കരികളാണ് പങ്കെടുക്കുന്നത്. സന്ത് ജ്ഞാനേശ്വര്‍, സന്ത് തുക്കാറാം എന്നിവരെപ്പോലുള്ള മഹത്തുക്കളുടെ പാദുകങ്ങള്‍ പല്ലക്കില്‍ വെച്ച് വിട്ഠല്‍ വിട്ഠല്‍ എന്നു പാടിക്കൊണ്ട് നടക്കുന്നു. വിട്‌ഠോബയെന്നും പാണ്ഡുരംഗയെന്നും പറയപ്പെടുന്ന ഭഗവാന്‍ വിട്ഠലിന്റെ, വിഠോബയുടെ ദര്‍ശനത്തിനാണ് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നത്. പംഢര്‍പുരിലെ വിട്‌ഠോബാ ക്ഷേത്രത്തില്‍ പോവുകയെന്നതും അവിടത്തെ മാഹാത്മ്യം, സൗന്ദര്യം, ആധ്യാത്മികമായ ആനന്ദം അനുഭവിക്കുകയെന്നതും സവിശേഷ കാര്യമാണ്.

ജൂലൈ 23 ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജയന്തി ദിനത്തിലും ഓഗസ്റ്റ് ഒന്നിന് സമാധി ദിനത്തിലും നാം അദ്ദേഹത്തെ സ്മരിക്കുന്നു. അസാമാന്യ ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞ വ്യക്തിത്വമായിരുന്നു ലോകമാന്യതിലകന്‍. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അവരുടെ തെറ്റ് ചൂണ്ടിക്കാണിച്ചുകൊടുക്കാനുള്ള ശക്തിയും ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ മൂന്ന് പ്രാവശ്യം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ശ്രമിക്കുംവിധം ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. അതൊരു ചെറിയ കാര്യമല്ല. ലോകമാന്യ തിലകനെക്കുറിച്ചും അഹമ്മദാബാദില്‍ അദ്ദേഹത്തിന്റെ പ്രതിമയുമായും ബന്ധപ്പെട്ട രസകരമായ സംഭവം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 1916 ഒക്‌റ്റോബറില്‍ അഹമ്മദാബാദിലെത്തിയപ്പോള്‍ 40,000 ലധികം ആളുകളാണ് അദ്ദേഹത്തെ വരവേല്‍ക്കാനെത്തിയത്. യാത്രയ്ക്കിടയില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന് അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ ലോകമാന്യ തിലകന്‍ വളരെ സ്വാധീനിച്ചിരുന്നു. 1920 ഓഗസ്റ്റ് ഒന്നിന് ലോകമാന്യ തിലകന്‍ ദിവംഗതനായി. അഹമ്മദാബാദില്‍ അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുമെന്ന് അപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ടു. അഹമ്മദാബാദ് കോര്‍പ്പറേഷന്റെ മേയറായി സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടയുടനെ ലോകമാന്യ തിലക സ്മാരകത്തിനായി അദ്ദേഹം വിക്‌ടോറിയ ഗാര്‍ഡന്‍ തിരഞ്ഞെടുത്തു. ബ്രിട്ടീഷ് മഹാറാണിയുടെ പേരിലുള്ള ഗാര്‍ഡന്‍ തന്നെ.

ഇപ്രാവശ്യവും ഗണേശോത്സവം ഉത്സാഹത്തോടെ നടത്തണമെന്നും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗണേശ ഭഗവാന്റെ പ്രതിമ മുതല്‍ അലങ്കാര സാധനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കണം

സ്വാഭാവികമായും ബ്രിട്ടീഷുകാര്‍ക്ക് ഈ നീക്കം ഇഷ്ടപ്പെട്ടില്ല. സ്മാരകത്തിന് അനുമതി നല്‍കുന്നത് കളക്ടര്‍ തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍ദാര്‍ സാഹബ് സര്‍ദാര്‍ സാഹബായിരുന്നു. അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. മേയര്‍ പദവി ഉപേക്ഷിക്കേണ്ടി വന്നാലും ശരി ലോകമാന്യതിലകന്റെ പ്രതിമ സ്ഥാപിക്കപ്പെടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറച്ച നിലപാടെടുത്തു. അവസാനം പ്രതിമ നിര്‍മ്മിച്ചു. 1929 ഫെബ്രുവരി 28ന് മഹാത്മ ഗാന്ധിയെക്കൊണ്ടുതന്നെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു. ആ വേളയില്‍ പൂജ്യനീയ ബാപ്പു പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ വന്നതിനുശേഷം അഹമ്മദാബാദ് കോര്‍പ്പറേഷന് ഒരു വ്യക്തിയെ കിട്ടിയെന്നു മാത്രമല്ല, ധൈര്യവും ലഭിച്ചു. അതുകൊണ്ടാണ് തിലക്ജിയുടെ പ്രതിമ നിര്‍മ്മിച്ചതെന്നും ബാപ്പു പറയുകയുണ്ടായി. തിലക് ജി കസേരയില്‍ ഇരിക്കുന്ന വളരെ ദുര്‍ല്ലഭമായ പ്രതിമയാണ് ഇത്. സ്വരാജ് നമ്മുടെ ജന്മാവകാശമാണ് എന്ന് എഴുതിയിരിക്കുന്നത് നമുക്ക് ഇവിടെ വായിക്കാന്‍ കഴിയും.

ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ലോകമാന്യതിലകന്റെ ശ്രമഫലമായിട്ടാണ് ഗണേശോത്സവം ആരംഭിച്ചത്. പരമ്പരാഗതമായ ബഹുമാനത്തോടും ഉത്സവമായും ആഘോഷിക്കുന്നതിനൊപ്പം സാമൂഹിക ഉണര്‍വ്വ്, സാമൂഹ്യബോധം, ആളുകളില്‍ സമരസത, സമത്വം എന്നിവ വളര്‍ത്താനുള്ള ശക്തമായ മാധ്യമമായി ഗണേശോത്സവം മാറിയിരുന്നു. രാജ്യത്ത് ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരുമിക്കേണ്ട കാലഘട്ടമായിരുന്നു അത്. ജാതി, മത തടസ്സങ്ങളില്ലാതെ എല്ലാവരെയും ആ ഉത്സവങ്ങള്‍ ഒരുമിപ്പിച്ചു. ഇന്ന് പല നഗരങ്ങളിലും തെരുവുകളിലും ഗണേശമണ്ഡപങ്ങള്‍ കാണാനാകും. നമ്മുടെ യുവാക്കള്‍ക്ക് നേതൃത്വം, സംഘടനാബോധം എന്നിവയെക്കുറിച്ച് പഠിക്കാനും കഴിവുകള്‍ വികസിപ്പിക്കാനുമുള്ള നല്ല അവസരമാണ് ഗണേശോത്സവങ്ങള്‍.

എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഇപ്രാവശ്യവും ഗണേശോത്സവം ഉത്സാഹത്തോടെ നടത്തണമെന്നും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗണേശ ഭഗവാന്റെ പ്രതിമ മുതല്‍ അലങ്കാര സാധനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കണം. പരിസ്ഥിതി സൗഹൃദ ഗണേശോത്സവം നടത്തുന്നവര്‍ക്ക് സമ്മാനം നല്കണം. ലോകമാന്യതിലകന്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കി. ഒരു മുദ്രാവാക്യമേകി. സ്വരാജ് നമ്മുടെ ജന്മാവകാശമാണ്, അത് നേടിയെടുക്കുകതന്നെ ചെയ്യും. ഇന്നും സ്വരാജ് നമ്മുടെ ജന്മാവകാശമാണ് നാമതു നേടുകതന്നെ ചെയ്യുമെന്ന് പറയേണ്ട സമയമാണ്. എല്ലാ ഭാരതീയര്‍ക്കും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും നല്ല ഫലങ്ങള്‍ ലഭ്യമാകണം. ഇതാണ് ഒരു പുതിയ ഭാരതത്തെ നിര്‍മ്മിക്കുക.

തിലകന്റെ ജനനത്തിന് 50 വര്‍ഷങ്ങള്‍ക്കുശേഷം അതേ ദിവസം, അതായത് ജൂലൈ 23 ന് ഭാരതാംബയുടെ മറ്റൊരു പുത്രന്‍ ജന്മമെടുത്തു. അദ്ദേഹം നാം സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് ശ്വസിക്കുമെന്ന് കരുതി ജീവിതം ബലിയര്‍പ്പിച്ചു. ഞാന്‍ ചന്ദ്രശേഖര്‍ ആസാദിനെക്കുറിച്ചാണ് പറയുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ധൈര്യം, സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എന്നിവ അനേകം യുവാക്കള്‍ക്ക് പ്രേരകമായി. ആസാദ് ജീവിതം ഹോമിച്ചു. വിദേശ ഭരണത്തിനുമുന്നില്‍ ഒരിക്കലും തല കുനിച്ചില്ല. എനിക്ക് മധ്യപ്രദേശില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഗ്രാമമായ അലീരാജ്പുരില്‍ പോകാനുള്ള സൗഭാഗ്യം ലഭിച്ചു. അലഹബാദില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്കിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം കിട്ടി. വിദേശികളുടെ വെടിയേറ്റു മരിക്കാന്‍ ആഗ്രഹിക്കാത്ത വീരപുരുഷനായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. ജീവിക്കുമെങ്കില്‍ സ്വാതന്ത്ര്യത്തിനായി പോരാടും മരിക്കുമെങ്കില്‍ സ്വതന്ത്രനായി മരിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ വൈശിഷ്ട്യം. ഭാരതാംബയുടെ വീരപുത്രന്മാരായ ലോകമാന്യതിലകനെയും ചന്ദ്രശേഖര്‍ ആസാദിനെയും ഒരിക്കല്‍ കൂടി ആദരവോടെ നമിക്കുന്നു.

മാനവികത ഒരുമിച്ചു ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതിന്റെ തെളിവാണ് തായ്‌ലാന്‍ഡില്‍ കണ്ട രക്ഷാപ്രവര്‍ത്തനം. അവിടുത്തെ സര്‍ക്കാരും കുട്ടികളുടെ അച്ഛനമ്മമാരും ബന്ധുക്കളും മാധ്യമങ്ങളും രാജ്യത്തെ ജനങ്ങളും എല്ലാവരും ക്ഷമയോടെ കാത്തിരുന്നു

ഫിന്‍ലാന്‍ഡില്‍ നടന്ന ജൂനിയര്‍ അണ്ടര്‍-20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഭാരതത്തിന്റെ ധീര വനിത, കര്‍ഷകപുത്രി ഹിമ ദാസ് സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. നമ്മുടെ മറ്റൊരു മകള്‍ ഏകതാ ഭയാന്‍ ഏഷ്യന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നറിയിച്ച് ഇന്തോനേഷ്യയില്‍നിന്ന് എനിക്ക് ഇമെയില്‍ അയച്ചു. ഏകത നാടിന്റെ പേര് ഉജ്ജ്വലമാക്കി. ഈ വര്‍ഷം ടുണീഷ്യയില്‍ നടന്ന ലോക പാരാ അത്‌ലറ്റിക് ഗ്രാന്റ് പ്രിക്‌സില്‍ സ്വര്‍ണ്ണ, വെങ്കല മെഡലുകള്‍ ഏകത നേടുകയുണ്ടായി. 2003 ല്‍ റോഡപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്നുപോയ കുട്ടിയാണ് ഏകതാ ഭയാന്‍. മറ്റൊരു ദിവ്യാംഗന്‍ യോഗേഷ് കഠുനിയാ ബെര്‍ലിനില്‍ നടന്ന പാരാ അത്‌ലറ്റിക്‌സ് ഗ്രാന്റ് പ്രിയില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. കൂടെ സുന്ദര്‍ സിംഗ് ഗുര്‍ജര്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ നേടി. ഏകതാ ഭയാനെയും യോഗേഷ് കഠുനിയായെയും സുന്ദര്‍സിംഗിനെയും ആശംസകള്‍ അറിയിക്കുന്നു.

പ്രിയപ്പെട്ട ജനങ്ങളെ, ഓഗസ്റ്റ് മാസം ചരിത്രത്തിലെ അനേകം സംഭവങ്ങളാലും ഉത്സവങ്ങളാലും നിറഞ്ഞതാണ്. എന്നാല്‍ കാലാവസ്ഥ കാരണം ചിലപ്പോഴൊക്കെ രോഗവും വീട്ടിലേക്കു കടന്നുവരും. നിങ്ങളേവരും നല്ല ആരോഗ്യത്തോടെ കഴിയാന്‍ ആശംസിക്കുന്നു. ഒരിക്കല്‍ കൂടി മന്‍ കീ ബാത്തില്‍ ഒരുമിക്കാം. വളരെ വളരെ നന്ദി.

Comments

comments

Categories: Current Affairs
Tags: mann ki baat