ഹാക്കര്‍മാര്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഗൂഗിളിലേത്; ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിന് വിശദീകരണവുമായി ട്രായ് ചെയര്‍മാന്‍

ഹാക്കര്‍മാര്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഗൂഗിളിലേത്; ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതിന് വിശദീകരണവുമായി ട്രായ് ചെയര്‍മാന്‍

 

ബെംഗളൂരു: ആധാര്‍ നമ്പര്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയതിന് വിശദീകരണവുമായി ഇന്ത്യന്‍ ടെലികോം അതോറിറ്റി(ട്രായ്) ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ രംഗത്ത്. തങ്ങളുടെ വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവയും ചോരും എന്ന ഭയത്തില്‍ ജനങ്ങള്‍ ആധാര്‍ നമ്പര്‍ പല കാര്യങ്ങള്‍ക്കും നല്‍കാന്‍ ഭയപ്പെടുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു ഭയത്തിന്റെയും ആവശ്യമില്ലെന്നും വിവരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ട്രായ് ചെയര്‍മാന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ആധാറിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കുക എന്ന നിലയ്ക്കാണ് താന്‍ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തിയതെന്നും ഹാക്കര്‍മാരെ വെല്ലുവിളിച്ചതെന്നും ആര്‍ എസ് ശര്‍മ പറഞ്ഞു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി വെല്ലുവിളിച്ചതിനു പിന്നാലെ ശര്‍മയുടെ ബാങ്ക് വിവരങ്ങള്‍ അടക്കം ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു. ശര്‍മയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോയും പാന്‍കാര്‍ഡ് വിവരങ്ങളും ട്വിറ്ററിലൂടെ ചിലര്‍ പങ്കുവെച്ചു.

എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത് ഗൂഗിളില്‍ നിന്നാണെന്നാണ് ശര്‍മയുടെ അവകാശവാദം. ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് ലഭിച്ചതെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയതുപോലെ ആരും നമ്പര്‍ പരസ്യപ്പെടുത്തരുതെന്നും ശര്‍മ നിര്‍ദേശം നല്‍കുന്നുണ്ട്.

യുഐഎഡിഐയുടെ സിസ്റ്റം തകര്‍ക്കാനും തന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം ചില ഹാക്കര്‍മാര്‍ നടത്തി. എന്നാല്‍ അതെല്ലാം പരാജയമായിരുന്നു. തന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ചുവെന്ന് പറയുന്നവര്‍ക്കെതിരെയും ശര്‍മ വിമര്‍ശിച്ചു. യുപിഐ സംവിധാനം ഉപയോഗിച്ച് ഏതൊരാള്‍ക്കും പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ കഴിയും. ഇവിടെയും സംഭവിച്ചത് ഇതുതന്നെയാണ്. ഈ നടക്കുന്നതെല്ലാം വെറുതെയാണ്. എന്റെയും നിങ്ങളുടെയും സമയം പാഴാക്കുന്നത് മാത്രമാണ് ഇത് കൊണ്ട് ചെയ്യാന്‍ പോകുന്നതെന്നും ആര്‍ എസ് ശര്‍മ വിമര്‍ശിച്ചു.

 

 

Comments

comments

Categories: FK News