2020 ഓടെ എട്ട് പുതിയ കാറുകളെന്ന് ഹ്യുണ്ടായ്

2020 ഓടെ എട്ട് പുതിയ കാറുകളെന്ന് ഹ്യുണ്ടായ്

ഇവയില്‍ ഇലക്ട്രിക് എസ്‌യുവി ഉള്‍പ്പെടും

ചെന്നൈ : വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2020 ഓടെ എട്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഇവയില്‍ ഇലക്ട്രിക് എസ്‌യുവി ഉള്‍പ്പെടും. ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) പോലുള്ള സാങ്കേതികവിദ്യകള്‍ പുതിയ വാഹനങ്ങളില്‍ ഉണ്ടാകുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി ആന്‍ഡ് സിഇഒ വൈ കെ കൂ പറഞ്ഞു.

ഇന്ത്യയില്‍ 80 ലക്ഷം വാഹനങ്ങള്‍ ഏറ്റവും വേഗത്തില്‍ നിര്‍മ്മിച്ച് പുറത്തിറക്കിയ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. 19 വര്‍ഷവും 9 മാസവുമെടുത്താണ് 80 ലക്ഷം കാറുല്‍പ്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടത്.

അടുത്ത ഇരുപത് കൊല്ലത്തേക്ക് കണ്ണുപായിക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം വേണമെന്ന് കൂ പറഞ്ഞു. 2018 നും 2020 നുമിടയില്‍ എട്ട് പുതിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇതില്‍ ഇലക്ട്രിക് എസ്‌യുവി ഉള്‍പ്പെടും. 2020 ഓടെ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വരുമ്പോള്‍ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഒമ്പത് കാര്‍ മോഡലുകളാണ് ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്

എട്ട് പുതിയ കാറുകളില്‍ ആദ്യത്തേത് ഹ്യുണ്ടായുടെ പ്രശസ്ത മോഡലായ സാന്‍ട്രോയുടെ പിന്‍ഗാമി ആയിരിക്കും. എഎച്ച്2 എന്നാണ് കാറിന്റെ ഇപ്പോഴത്തെ കോഡ് നാമം. ഇയോണ്‍, ഗ്രാന്‍ഡ് ഐ10, എലീറ്റ് ഐ20, ആക്റ്റീവ് ഐ20, എക്‌സെന്റ്, വെര്‍ണ, ഇലാന്‍ട്ര, ക്രെറ്റ, ടക്‌സണ്‍ എന്നീ ഒമ്പത് മോഡലുകളാണ് നിലവില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

Comments

comments

Categories: Auto