ഏഷ്യയ്ക്കായി 250-500 സിസി ഹാര്‍ലി പ്രഖ്യാപിച്ചു

ഏഷ്യയ്ക്കായി 250-500 സിസി ഹാര്‍ലി പ്രഖ്യാപിച്ചു

ചിത്രം : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750

ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളുകള്‍ക്കായി ഏഷ്യയിലെ ഇരുചക്ര വാഹന കമ്പനിയുമായി തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കും

മില്‍വൗക്കീ : ഏഷ്യയ്ക്കായി, പ്രത്യേകിച്ച് ഇന്ത്യന്‍ വിപണിയിലേക്കായി ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതായി ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് ന്യൂ 250-500 സിസി മോട്ടോര്‍സൈക്കിളുകള്‍ക്കായി ഏഷ്യയിലെ ഇരുചക്ര വാഹന കമ്പനിയുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കും. എന്നാല്‍ പങ്കാളി ആരായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. നിലവില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ബിഎംഡബ്ല്യുവുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായി ബജാജ് ഓട്ടോ ഇതിനകം പങ്കാളിത്തം പ്രഖ്യാപിച്ചു. പുതിയ മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ഉല്‍പ്പന്നം ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കി. ഇന്ത്യയില്‍ തങ്ങളുടെ വളര്‍ച്ചാവേഗം വര്‍ധിപ്പിക്കുന്നതിന് പുതിയ മോട്ടോര്‍സൈക്കിള്‍ സഹായിക്കുമെന്ന് അമേരിക്കന്‍ ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നു. ഇന്ത്യയെന്ന സുപ്രധാന വിപണിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മോട്ടോര്‍സൈക്കിള്‍ വലിയ വിജയമാണ്. പ്രത്യേകിച്ച് യുഎസ് വിപണിയില്‍ വില്‍പ്പന മന്ദഗതിയിലായിരിക്കേ, ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിള്‍ ഏഷ്യന്‍ വിപണികളില്‍ വലിയ തോതില്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ.

ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിള്‍ ഏഷ്യന്‍ വിപണികളില്‍ വലിയ തോതില്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ടിവിഎസ്-ബിഎംഡബ്ല്യു പങ്കാളിത്തത്തില്‍ ഇന്ത്യയിലും വിദേശത്തുമായി മൂന്ന് മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ ഇതിനകം പുറത്തിറക്കി. പുതിയ ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോഡല്‍ ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ക്രൂസര്‍ ആയിരിക്കില്ല. 500 സിസിയില്‍ താഴെ ശേഷിയുള്ള നേക്കഡ് സ്ട്രീറ്റ്‌ഫൈറ്ററോ അഡ്വഞ്ചര്‍ ബൈക്കോ ആകാനാണ് സാധ്യത.

Comments

comments

Categories: Auto