ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഏക നിയന്ത്രണ സംവിധാനം പരിഗണനയില്‍

ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഏക നിയന്ത്രണ സംവിധാനം പരിഗണനയില്‍

 

ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തും

മുംബൈ: രാജ്യത്ത് ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിന് ഏക നിയന്ത്രണ സംവിധാനവും നിയമവും കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ഇ-കൊമേഴ്‌സ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നീക്കം ചെയ്തുകൊണ്ട് ഏക നിയന്ത്രണ അതോറിറ്റി രൂപീകരിക്കാനാണ് നീക്കം. റോയിട്ടേഴ്‌സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ആഭ്യന്തര കാര്‍ഡ് പേമെന്റ് നെറ്റ്‌വര്‍ക്കായ റുപേയെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക, ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്ത് സൂക്ഷ്മ, ചെറുകിട, ഇത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം വര്‍ധിപ്പിക്കുക തുടങ്ങിയ ചില നടപടികള്‍ ഇതിനായുള്ള കരട് ദേശീയ നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശേഷി വികസിപ്പിക്കാനും ആഭ്യന്തരതലത്തില്‍ ഇവയുടെ സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ സമയം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നല്‍കണമെന്നും കരടില്‍ നിര്‍ദേശിക്കുന്നു.

ദേശീയ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പൊതുനന്മയ്ക്കുമായി ഇ-കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷിച്ചിട്ടുള്ള ഡാറ്റ പരിശോധിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിന് ഉണ്ടായിരിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങള്‍ക്ക് വിധേയമായിരിക്കണം ഈ വ്യവസ്ഥ നടപ്പാക്കുക. ഇന്ത്യയിലെ റു മാസത്തിനുള്ളിലുള്ള പേമെന്റ് ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന് വിദേശ പേമെന്റ് കമ്പനികളായ മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയോട് ഇക്കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇ-കൊമേഴ്‌സ് രംഗത്ത് നടക്കുന്ന ലയന ഏറ്റെടുക്കലുകള്‍ നിര്‍ബന്ധമായും പരിശോധിക്കണമെന്നും കരട് രേഖയില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടും വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വിപണിയുടെ മല്‍സര സ്വഭാവത്തെ ഹനിക്കുന്ന തരത്തിലുള്ളതാണോയെന്ന പരിധോധന ചെറിയ ഇടപാടുകളില്‍ പോലും നടത്തണമെന്നും കരട് രേഖ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Slider, Tech
Tags: e- commerce