98 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ഇന്ത്യന്‍ കമ്പനികള്‍

98 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടത്തി ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം ഇതുവരെ 97.6 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട്. ഇതുവരെയുള്ള റെക്കോഡ് ഇടപാട് മൂല്യമാണിത്. ടെക്‌നോളജി, മീഡിയ,ടെലികോം തുടങ്ങിയ മേഖലകളില്‍ രാജ്യം കൂടുതല്‍ വിദേശ നിക്ഷേപം നേടുമെന്നാണ് ജെപി മോര്‍ഗന്റെ നിഗമനം.

അടുത്തിടെയാണ് അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്‍ക് ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തത്. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഇടപാടാണ് ഇത്. ഇന്ത്യയിലെ പാപ്പരത്ത പ്രക്രിയകളും ഏറ്റെടുക്കല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ ഇടയായി. സമ്മര്‍ദിത സ്റ്റീല്‍ ആസ്തികളില്‍ 26 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് ഉണ്ടായിട്ടുള്ളത്. നിരക്ക് മത്സരം ടെലികോം മേഖലയിലെ ഏകീകരണത്തിന് വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം കോര്‍പ്പറേറ്റ് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന ഒരു പ്രക്രിയയുണ്ടെങ്കില്‍ അത് ലയന ഏറ്റെടുക്കലുകളാണെന്ന് ജെപി മോര്‍ഗനിലെ സൗത്ത്,സൗത്ത് ഈസ്റ്റ് ഏഷ്യാ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ കല്‍പ്പന മൊര്‍പാരിയ പറയുന്നു. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ലയനഏറ്റെടുക്കലുകള്‍ ഇടപാടുകളില്‍ ഏറ്റവും മുന്നിലെത്തുന്നതെന്നും കര്‍പ്പന ചൂണ്ടിക്കാട്ടി.

യുഎസിലെ വാള്‍മാര്‍ട്ട് മുതല്‍ ഫ്രാന്‍സിലെ സ്‌നൈഡര്‍ ഇലക്ട്രിക് എസ്ഇ വരെയുള്ള വിദേശ വാങ്ങലുകാര്‍ ഇന്ത്യന്‍ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മധ്യവര്‍ഗത്തില്‍ നിന്നുള്ള ഉപഭോഗം വര്‍ധിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബാങ്കിംഗ് സംവിധാനത്തിലെ 210 ബില്യണ്‍ ഡോളര്‍ കിട്ടാക്കടം പരിഹരിക്കാനും ഇന്ത്യ ശ്രമിച്ച് വരികയാണ്. ആഗോള വ്യാപാര യുദ്ധം, ഉയരുന്ന ക്രൂഡ് ഓയില്‍ വില എന്നിവയെല്ലാം സംബന്ധിച്ച് നിക്ഷേപകര്‍ക്കുണ്ടായ ആശങ്ക ഇല്ലാതാക്കുന്നതിന് ഇത് സഹായകമായി.

ലയന ഏറ്റെടുക്കലുകളില്‍ നിലവില്‍ നിരവധി കരാറുകള്‍ സജീവ പരിഗണനയിലാണുള്ളത്. യുകെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഗ്ലാക്‌സോസ്മിത്‌ക്ലൈയ്ന്‍ പിഎല്‍സി ഉപഭോക്തൃ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഇന്ത്യന്‍ ഉപകമ്പനിയിലെ ഓഹരികള്‍ 3.1 ബില്യണ്‍ ഡോളറിന് വില്‍ക്കുന്നതിനുള്ള പരിശോധനകള്‍ നടത്തി വരികയാണ്. തങ്ങളുടെ കോപ്ലാന്‍ ഇന്ത്യ ബ്രാന്‍ഡ് 1 ബില്യണ്‍ ഡോളറിന് വില്‍ക്കുന്നതിന് ക്രാഫ്റ്റ് ഹെയ്ന്‍സ് കമ്പനിയും പരിശോധനകള്‍ നടത്തിവരികയാണ്.

സ്വകാര്യ ഇക്വിറ്റി കമ്പനികള്‍,പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക സ്‌പോണ്‍സര്‍മാരുടെ പങ്ക് ഇടപാടുകളില്‍ വര്‍ധിച്ച് വരികയാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നു. പാപ്പരത്ത പ്രക്രിയയ്ക്ക് വിധേയമാകുന്ന ആസ്തികള്‍ ഏറ്റെടുക്കുന്നതിന് ആഭ്യന്തര കമ്പനികള്‍ക്കിടയില്‍ പങ്കാളിത്തം സൃഷ്ടിക്കുന്നതിലും ചില നിക്ഷേപങ്ങളുടെ വില്‍പ്പന നടത്തുന്നതിലുമെല്ലാം സാമ്പത്തിക സ്‌പോണ്‍സര്‍മാര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

 

Comments

comments