ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞു

ട്വിറ്ററിന്റെ ഓഹരി ഇടിഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: വിദ്വേഷം, അധിക്ഷേപം, ഓണ്‍ലൈന്‍ ട്രോള്‍ എന്നിവ പ്രചരിക്കുന്നത് ഒഴിവാക്കാനായി നടപടി സ്വീകരിച്ചത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെയും ബാധിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച (ജുലൈ 27) കമ്പനിയുടെ ഓഹരിവിലയില്‍ 20.5 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ ട്വിറ്ററിന്റെ വിപണി മൂല്യത്തില്‍ ഏകദേശം അഞ്ച് ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായി. വെറുപ്പും, വിദ്വേഷവും നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ ട്വിറ്റര്‍, സമീപകാലത്തു പത്ത് ലക്ഷത്തോളം വരുന്ന വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്തിരുന്നു. യൂസര്‍ ബേസ് അഥവാ എക്കൗണ്ട് ഉപയോഗിക്കുന്നവര്‍ കുറഞ്ഞതാണ് ഓഹരി വില ഇടിയാന്‍ കാരണമായത്. വ്യാജ എക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നതിനാല്‍, ട്വിറ്റര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. ‘ വ്യാജ എക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതടക്കം കമ്പനി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഗുണം ചെയ്യുമെന്ന പൂര്‍ണ വിശ്വാസം തങ്ങള്‍ക്കുണ്ടെന്ന്’ കമ്പനി അറിയിച്ചു. ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളില്‍ ട്വിറ്റര്‍ ഏകദേശം 70 മില്യന്‍ വ്യാജ എക്കൗണ്ടുകളാണു നീക്കം ചെയ്തത്. 2016-ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ബന്ധമുള്ള 50,000 എക്കൗണ്ടുകള്‍ വ്യാജമായി സൃഷ്ടിച്ചിരുന്നെന്നും, ഇത്തരത്തില്‍ വ്യാജ എക്കൗണ്ട് സൃഷ്ടിച്ചവര്‍ തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെടുന്നതിന്റെ ഭാഗമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഏകദേശം 6,77,000-ത്തോളം അമേരിക്കന്‍ പൗരന്മാരില്‍ എത്തിച്ചിരുന്നെന്നും കമ്പനി നേരത്തേ സമ്മതിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ജനാധിപത്യ സമൂഹത്തിനു വെല്ലുവിളിയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും കമ്പനി അറിയിക്കുകയുണ്ടായി.

Comments

comments

Categories: Business & Economy
Tags: twitter