ഐടിസിയുടെ അറ്റലാഭം 10.08 % വളര്‍ന്നു

ഐടിസിയുടെ അറ്റലാഭം 10.08 % വളര്‍ന്നു

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2,818.68 കോടി രൂപയാണ് കമ്പനിയുടെ അറ്റലാഭം

കൊല്‍ക്കത്ത: സിഗരറ്റ് മുതല്‍ ഹോട്ടല്‍ ശൃംഖല വരെയുള്ള മേഖലകളില്‍ വൈവിധ്യവല്‍ക്കരണം കൊണ്ട് വിപണി പിടിച്ച രാജ്യത്തെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസി ലിമിറ്റഡിന്റെ അറ്റലാഭം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 10.08 ശതമാനം വര്‍ധിച്ചു. ജൂണ്‍ 30 അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2,818.68 കോടി രൂപയാണ് കമ്പനിയുടെ അറ്റലാഭം. മൊത്തം ചെലവിനത്തില്‍ ഗണ്യമായ കുറവുണ്ടായതും സിഗരറ്റ് ഇതര ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതുമാണ് നേട്ടമായത്.

രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മാണ കമ്പനിയായ ഐടിസിയുടെ പ്രവര്‍ത്തന വരുമാനം സിഗരറ്റ് വിപണിയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 21.2 ശതമാനം ഇടിഞ്ഞ് 10,874.59 കോടി രൂപയായിരുന്നു. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ ഇത് 13,800.42 കോടി രൂപയായിരുന്നു. മാത്രമല്ല സിഗരറ്റ് വ്യവസായത്തിലും 41.56 ശതമാനത്തിന്റെ ഇടിവുണ്ടായതായതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജിഎസ്ടിക്ക് കീഴില്‍ നികുതി വര്‍ധിച്ചതാണ് സിഗരറ്റ് വ്യവസായത്തിന്റെ തളര്‍ച്ചക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി.

എങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സിഗരറ്റ് വ്യവസായത്തില്‍ 8.68 ശതമാനം വളര്‍ച്ച കൈവരിച്ച് 3,558.39 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. എബിറ്റ്ഡ (പലിശ, നികുതികള്‍, ചെലവ് എന്നിവ കൂട്ടാതെയുള്ള വരുമാനം) 86 ശതമാനം വര്‍ധിച്ച് 128 കോടി രൂപയായി.

അതേസമയം, സിഗററ്റ് ഇതര, എഫ്എംസിജി ബിസിനസില്‍ കൂടുതല്‍ മുന്നേറാന്‍ കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ 30 പുതിയ ഉല്‍പ്പന്നങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം അവതരിപ്പിക്കാനാണ് ഐടിസിയുടെ പദ്ധതി. എഫ്എംസിജി മേഖലയില്‍ കൂടുതല്‍ ഏറ്റെടുപ്പുകളാണ് കമ്പനി ഉന്നമിടുന്നത്. ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഏറ്റെടുക്കുന്നതിന്റെ സാധ്യതകള്‍ കമ്പനി തേടിയേക്കും.

Comments

comments

Categories: Business & Economy
Tags: ITC