തട്ടിപ്പുകാര്‍ രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് നിയമത്തില്‍ മാറ്റത്തിന് ശുപാര്‍ശ

തട്ടിപ്പുകാര്‍ രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് നിയമത്തില്‍ മാറ്റത്തിന് ശുപാര്‍ശ

വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ തട്ടിപ്പുകാര്‍ രാജ്യം വിട്ടതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്

ന്യൂഡെല്‍ഹി: തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിടുന്നത് തടയുന്നതിന് പാസ്‌പോര്‍ട്ട് നിയമം ശക്തമാക്കണമെന്ന് വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പാനലിന്റെ ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി കൈമാറി. വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ തട്ടിപ്പുകാര്‍ രാജ്യം വിട്ടതിന്റെ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് നിയമം ശക്തമാക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ചോക്‌സിയുടെ കേസിനെ തുടര്‍ന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ ഇരട്ട പൗരത്വം നേടുന്നത് സംബന്ധിച്ച പ്രശ്‌നത്തെക്കുറിച്ച് പരിശോധിക്കാനാണ് ആഭ്യന്തര മന്ത്രാലയം പാനലിനെ രൂപീകരിച്ചിരുന്നത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ദുരുപയോഗം, ഇരട്ട പൗരത്വ പ്രശ്‌നം എന്നിവ പരിശോധിക്കുന്നതിന് സാമ്പത്തിക സേവന സെക്രട്ടറി രാജിവ് കുമാറിന്റെ കീഴില്‍ ഒരു ഒരു ഉപസമിതിക്ക് പാനല്‍ രൂപം നല്‍കി. തുടര്‍ന്ന് നടത്തിയ സമഗ്ര പരിശോധനക്ക് ശേഷമാണ് വായ്പാ തട്ടിപ്പുകാര്‍ രാജ്യം വിടുന്നത് തടയുന്നതിന് പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വേണമെന്ന് ശുപാര്‍ശ ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി യുഎസില്‍ നിന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തിയതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചോക്‌സിക്ക് ആന്റിഗ്വയിലെ പ്രാദേശിക പാസ്‌പോര്‍ട്ട് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചോക്‌സി ആന്റിഗ്വ പൗരത്വം നേടിയതെന്നാണ് കരുതുന്നത്. രണ്ട് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ വ്യക്തികള്‍ സ്വന്തമാക്കുന്നത് ഇത്തരം സംഭവങ്ങളില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൂടുതല്‍ തടസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ഉന്നതതല സമിതി.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വജ്രവ്യവസായികളായ നിരവ് മോദിയും മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 50 കോടി രൂപയിലധികം വായ്പയെടുത്തിട്ടുള്ള എല്ലാവരുടെയും പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ശേഖരിക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കൂടാതെ വന്‍കിട വായ്പ സ്വീകരിക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താവുന്ന തരത്തില്‍ വായ്പാ അപേക്ഷാ ഫോമില്‍ മാറ്റം വരുത്തണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി വായ്പാത്തട്ടിപ്പ് നടത്തിയ വിജയ് മല്യം 2016ലാണ് രാജ്യം വിട്ടത്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫന്റേഴ്‌സ് ബില്‍ 2018ന് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുക്കളും വസ്തുവകകളും കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നടപടികളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Comments

comments

Categories: Current Affairs, Slider
Tags: Bank fraud