മുട്ടത്തോടില്‍ ലക്ഷങ്ങള്‍ കൊയ്ത് സ്ത്രീകള്‍

മുട്ടത്തോടില്‍ ലക്ഷങ്ങള്‍ കൊയ്ത് സ്ത്രീകള്‍

നാം അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോട് കാല്‍സ്യം പൊടിയാക്കിയും രാസവളം നിര്‍മിച്ചും ലക്ഷങ്ങളുടെ വരുമാനം നേടുകയാണ് ചത്തീസ്ഗഢിലെ ഒരു സംഘം വനിതകള്‍

മുട്ട ആരോഗ്യത്തിനും വരുമാനമുണ്ടാക്കാനും ഏറെ യോജിച്ചതുതന്നെ, എന്നാല്‍ മുട്ടത്തോട് ഒരു വരുമാനമാര്‍ഗമാക്കാമെന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്. ചത്തീസ്ഗഢിലെ സര്‍ഗൂജ ജില്ലയിലെ ഒരു സംഘം വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിരിക്കുന്നത് നാം അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോടാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചത്തീസ്ഗഢില്‍ വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാണ്. ഇതിന്റെ ഭാഗമായി നിരവധി വനിതാ സ്വയം സഹായസംഘങ്ങള്‍ ഇവിടെ രൂപം കൊണ്ടിട്ടുണ്ട്. അനവധി തൊഴിലവസരങ്ങളും സ്ത്രീകള്‍ക്ക് ലഭ്യമായിരിക്കുന്നു. കാന്റീന്‍ ജോലിക്കാര്‍, പാര്‍ക്കിംഗ് ഏരിയ സഹായികള്‍, നഗരത്തിലെ മാലിന്യ നിര്‍മാര്‍ജ്ജന ജോലികള്‍ തുടങ്ങിയ നിരവധി തൊഴിലവസരങ്ങളിലൂടെ സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കപ്പെടുന്നുണ്ട്.

വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ത്രീകള്‍ക്ക് മുട്ടത്തോടില്‍ നിന്നും കാല്‍സ്യം പൗഡര്‍, രാസവളങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലനം നല്‍കി വരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ സി ശ്രീനിവാസനാണ് സ്ത്രീകള്‍ക്ക് മുട്ടത്തോട് വരുമാനമാര്‍ഗമാക്കുന്ന വിദ്യയില്‍ മികച്ച പരിശീലനം നല്‍കിയത്.

നിര്‍മാണരീതി

മുട്ടത്തോട് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കിശേഷം വെയിലത്ത് ഉണക്കി എടുക്കണം. പിന്നീട് ഇത് നന്നായി പൊടിച്ചശേഷം അരിച്ചെടുത്താണ് കാല്‍സ്യം പൗഡര്‍ നിര്‍മിക്കുന്നത്. ഒരു കിലോഗ്രാം മുട്ടത്തോട് പൊടി ഒരു ക്വിന്റല്‍ കോഴിത്തീറ്റയുമായി കലര്‍ത്തിയാല്‍ തീറ്റ കാല്‍സ്യ സമ്പുഷ്ടമാകും.

സര്‍ഗൂജ ജില്ലയിലെ കളക്ടറുടെ നിര്‍ദേശാനുസരണം സംസ്ഥാനത്ത് ആദ്യമായി സകല പോള്‍ട്രി ഫാമിലാണ് മുട്ടത്തോട് പൊടി നിര്‍മാണത്തിന് തുടക്കമിട്ടത്. സി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു ഈ ഖരമാലിന്യം ഉപയോഗപ്രദമായ രീതിയില്‍ കാല്‍സ്യം പൊടിയാക്കി മാറ്റുന്ന പ്രവര്‍ത്തനം അരങ്ങേറിയത്. ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു പ്രവര്‍ത്തനം. ഈ സംരംഭത്തിലൂടെ മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കപ്പെട്ടതോടൊപ്പം പ്രദേശത്തെ സ്ത്രീകള്‍ക്ക് മികച്ച വരുമാനവും നേടിയെടുക്കാനായി. ഇന്ന് മുട്ടത്തോട് വഴി കാല്‍സ്യം പൗഡറും രാസവളങ്ങളും നിര്‍മിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സ്ത്രീകളെയാണ് പ്രദേശത്ത് കാണാന്‍ കഴിയുക. മുട്ടത്തോട് മറ്റ് ദ്രവമാലിന്യങ്ങളെ പോലെ പെട്ടെന്ന് മണ്ണില്‍ അഴുകി ചേരാത്തതിനാല്‍ സ്ത്രീ സ്വയം സംഘങ്ങള്‍ അവ ശേഖരിച്ച് രാസവളം നിര്‍മിച്ച് വിപണനം ചെയ്യുകയാണ്. കാല്‍സ്യം പൊടിക്കും രാസവളത്തിനും യഥാക്രമം 200 രൂപ, 600 രൂപ വീതമാണ് വില. പ്രതിമാസം 50 മുതല്‍ 60 കിലോഗ്രാം കാല്‍സ്യം പൊടി നിര്‍മിക്കുന്ന വനിതകള്‍ക്ക് 12,000 മുതല്‍ 36,000 രൂപ വരെ മാസം തോറും ലഭിക്കുന്നുണ്ടെന്നും വിവിധ സംഘങ്ങള്‍ വെളിപ്പെടുത്തുന്നു.

 

Comments

comments

Categories: Business & Economy
Tags: Egg shell