ടെലികോം യുദ്ധം ആറ് മാസം കൂടിയെന്ന് എയര്‍ടെല്‍

ടെലികോം യുദ്ധം ആറ് മാസം കൂടിയെന്ന് എയര്‍ടെല്‍

മുംബൈ: രാജ്യത്തെ ടെലികോം മേഖലയെ ഇളക്കി മറിച്ച് ആകര്‍ഷകമായ ഇളവുകളുമായി കമ്പനികള്‍ നടത്തുന്ന പോരാട്ടം ആറു മാസത്തിനപ്പുറം പോകില്ലെന്ന് ഒന്നാം നിര കമ്പനിയായ ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോപാല്‍ വിത്തല്‍. വോഡഫോണ്‍ ഐഡിയ ലയനത്തോടെ മൂന്ന് തുല്യ വലിപ്പമുള്ള ടെലികോം കമ്പനികളായി (വോഡഫോണ്‍ ഐഡിയ ലയന കമ്പനി, എയര്‍ടെല്‍, ജിയോ) മേഖല വിഭജിക്കപ്പെടുമെന്നും ഇതോടെ താരിഫ് യുദ്ധത്തിന് അവസാനമാകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രധാന ടെലികോം കമ്പനികളുടയെല്ലാം നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള പ്രതിഭാസം തീര്‍ത്തും അസ്ഥിരമാണെന്ന് അദ്ദേഹം പറയുന്നു. ഇനിയും നിരക്കിളവുകള്‍ കൊണ്ടുവന്നാല്‍ മേഖലയിലെ എല്ലാ കമ്പനികളെയും പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ത്തന്നെ കാര്യമായ വരുമാന നഷ്ടം കമ്പനികള്‍ക്ക് സംഭവിച്ചു കഴിഞ്ഞെന്നും വിത്തല്‍ ചൂണ്ടിക്കാട്ടി. അതേസമയം, മല്‍സരാധിഷ്ടിത വ്യവസായത്തിന്റെ ഭാഗം തന്നെയാണ് ഇളവുകളെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ടെലികോം വകുപ്പ് വോഡഫോണ്‍ ഇന്ത്യഐഡിയ സെല്ലുലാര്‍ ലയനത്തിനുള്ള അന്തിമ അനുമതി നല്‍കിയത്. ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഇത് മാറും. നിലവില്‍ വിപണിയിലെ ഒന്നാമനായ എയര്‍ടെല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് 97.3 കോടി രൂപയുടെ സംയോജിത ലാഭം നേടിയത്. നൈജീരിയയിലെ ഇടപാടില്‍ നിന്നുള്ള നേട്ടമാണ് ഇതിന് തുണയായത്. അതേസമയം താരിഫ് ഇളവ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനിക്ക് ഇന്ത്യയില്‍ കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ആവിര്‍ഭാവത്തോടെയാണ് ടെലികോം മേഖലയിലെ നിരക്ക് യുദ്ധം ആരംഭിക്കുന്നത്. വോയ്‌സ്, ഡാറ്റാ താരിഫുകളില്‍ സ്വപ്‌ന തുല്യമായ ഇളവുകളാണ് ഇതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന ജിയോയുടെ സ്വപ്‌ന പദ്ധതിയായ ഫൈബര്‍ ടു ഹോമിനെ പ്രതിരോധിക്കാന്‍ വീടുകളിലേക്കുള്ള ബ്രോഡ്ബാന്‍ഡ് ഓഫറുകള്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ മൂലധനം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലാണ് എയര്‍ടെല്‍ എന്നും ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി. ഫെബര്‍ അടിസ്ഥാനമാക്കിയുള്ള ഭവന ബ്രോഡ്ബാന്‍ഡിന് വേണ്ടി കൂടുതല്‍ നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്ത് വരികയാണ്. രണ്ട് മുതല്‍ 2.5 ദശലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കാനാണ് ഈ വര്‍ഷം ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

Comments

comments